കുറവിലങ്ങാട് : മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ തീർത്ഥാടന ദേവാലയത്തിൽ, യേശുക്രിസ്തു മരണം വരിച്ച വിശുദ്ധ കുരിശിന്റെ തിരുശേഷിപ്പ് കുരിശിന്റെ പുകഴ്ചയുടെ തിരുനാൾ ദിനത്തിൽ പരസ്യവണക്കത്തിന് പ്രതിഷ്ഠിച്ചു. വിശുദ്ധ കുരിശിന്റെ തിരുശേഷിപ്പ് വണങ്ങി പ്രാർത്ഥിക്കാൻ ആയിരങ്ങൾ തിരുനാൾ ദിനത്തിൽ ഒഴുകിയെത്തി.
യേശുക്രിസ്തു ഗാഗുൽത്തായിൽ മരണംവരിച്ച തിരുകുരിശിന്റെ തിരുശേഷിപ്പ് സ്വന്തമായുള്ള ലോകത്തിലെ അപൂർവ്വം ദേവാലയങ്ങളിലൊന്നാണ് കുറവിലങ്ങാട്ടേത്. പ്രസിദ്ധമായ മൂന്നുനോമ്പ് തിരുനാളിന്റെ ആദ്യദിനമായ തിങ്കളാഴ്ച പകൽ മാത്രമാണ് ഈ തിരുശേഷിപ്പ് വണങ്ങി പ്രാർത്ഥിക്കാൻ വിശ്വാസികൾക്ക് അവസരം നൽകുന്നത്. നവീകരണവർഷാചരണം നടത്തുന്ന കുറവിലങ്ങാട് ഇടവകയിൽ ഇന്നലെ വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെ തിരുനാൾ കണക്കിലെടുത്താണ് വിശ്വാസികൾക്ക് പ്രത്യേക അവസരം ലഭിച്ചത്. ആറു മണിക്കൂറോളം തിരുശേഷിപ്പ് പരസ്യവണക്കത്തിനായി പ്രതിഷ്ഠിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ദേവാലയത്തിലെ തീരുശേഷിപ്പുകൾ പ്രതിഷ്ഠിച്ചിരുന്ന അൾത്താരയിൽനിന്ന് ആഘോഷപൂർവമാണ് വിശുദ്ധ കുരിശിന്റെ തിരുശേഷിപ്പ് പുറത്തെടുത്ത് പ്രതിഷ്ഠിച്ചത്. തുടർന്ന് അഖണ്ഡജപമാലയും വിശുദ്ധ കുർബാനയും നടന്നു. തുടർന്ന് തിരുസ്വരൂപം ചുംബിച്ച് വണങ്ങാൻ വിശ്വാസികൾക്ക് അവസരം നൽകി. ജോസഫ് കരിയാറ്റി മൽപ്പാന്റെയും പാറേമ്മാക്കൽ ഗോവർണദോരുടെയും റോമാ യാത്രയ്ക്ക് നൽകിയ പിന്തുണയ്ക്കുള്ള നന്ദിയെന്നോണമാണ് പാറേമ്മാക്കൽ ഗോവർണദോർ കുറവിലങ്ങാട് പള്ളിക്ക് വിശുദ്ധ കുരിശിന്റെ തിരുശേഷിപ്പ് സമ്മാനിച്ചത്.