മലബാറില്‍ ഹൃദ്യം പദ്ധതി അവതാളത്തില്‍: ആരോഗ്യ രംഗത്തെ സര്‍ക്കാര്‍ വിവേചനം അവസാനിപ്പിക്കണം :  ജോണ്‍സണ്‍ കണ്ടച്ചിറ

തിരുവനന്തപുരം: കുട്ടികളുടെ ഹൃദയ സംരക്ഷണത്തിന് ആരംഭിച്ച ഹൃദ്യം പദ്ധതി മലബാര്‍ മേഖലയില്‍ ഉള്ളവര്‍ക്ക് മാത്രം നിഷേധിക്കുന്നത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി ജോണ്‍സണ്‍ കണ്ടച്ചിറ. സങ്കീര്‍ണമായ ഹൃദ്രോഗങ്ങളുമായി ജനിയ്ക്കുന്ന കുഞ്ഞുങ്ങള്‍ക്കു സൗജന്യ ചികിത്സ ഒരുക്കുകയെന്ന ഉദ്ദേശത്തോടെ ആരംഭിച്ച ഹൃദ്യം പദ്ധതി സംസ്ഥാനത്തിന്റെ തെക്കന്‍ ജില്ലകളിലെ ആശുപത്രികളില്‍ മാത്രമായി ചുരുങ്ങിയിരിക്കുകയാണ്. ഇതോടെ മലബാറിലെ നൂറുകണക്കിന് കുരുന്നുകളുടെ ചികില്‍സ പ്രതിസന്ധിയിലായിരിക്കുകയാണ്. നവജാത ശിശുക്കള്‍ മുതല്‍ 18 വയസുവരെയുള്ള കുട്ടികള്‍ക്ക് സഹായകമാകും വിധം രൂപകല്‍പ്പന ചെയ്ത ഹൃദ്യം പദ്ധതിയുടെ ആനുകുല്യം മലബാര്‍ മേഖലയിലുള്ളവര്‍ക്ക് നിഷേധിക്കപ്പെടുന്നത് കടുത്ത അനീതിയാണ്. ഗര്‍ഭസ്ഥ ശിശുവിന് ഹൃദ്രോഗം കണ്ടെത്തിയാല്‍ പ്രസവം മുതലുള്ള തുടര്‍ ചികിത്സകള്‍ പദ്ധതിയിലൂടെ സൗജന്യമായി ലഭിക്കേണ്ട ആനുകുല്യമാണ് മലബാര്‍ മേഖലയിലുള്ളവര്‍ക്ക് വിവേചനപരമായി നിഷേധിക്കുന്നത്. സംസ്ഥാനത്ത് പദ്ധതി പ്രകാരം ചികില്‍സയ്ക്ക് എംപാനല്‍ ചെയ്തിരുന്ന ഏഴ് ആശുപത്രികളില്‍ വടക്കന്‍ ജില്ലയില്‍ ആകെയുണ്ടായിരുന്ന കോഴിക്കോട് മിംസ് ആശുപത്രി ഇക്കഴിഞ്ഞ ഏപ്രില്‍ മുതല്‍ പിന്‍മാറിയിരിക്കുകയാണ്. സര്‍ക്കാര്‍ യഥാമസയം ഫണ്ട് നല്‍കാത്തതാണ് പിന്‍മാറ്റത്തിനു പിന്നിലെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. നാളിതുവരെ അവിടെ ചികില്‍സയ്‌ക്കെത്തിയിരുന്നവരോട് തുടര്‍ ചികില്‍സയ്ക്ക് തുക നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. നിര്‍ധനരായ രക്ഷകര്‍ത്താക്കള്‍ ഇനി കുരുന്നുകളെയുമായി കൊച്ചിയിലേക്കോ തിരുവനന്തപുരത്തേക്കോ പോകേണ്ട ഗതികേടാണ്. തിരുവനന്തപുരം, കോട്ടയം, കൊച്ചി, തിരുവല്ല എന്നിവിടങ്ങളിലായി ആറ് ആശുപത്രികളില്‍ മാത്രമാണ് ഹൃദ്യം പദ്ധതി പ്രകാരം ഇപ്പോള്‍ ചികില്‍സ ലഭിക്കുന്നത്. ആശുപത്രികളുടെ എണ്ണം ചുരുങ്ങുന്നതോടെ ശസ്ത്രക്രിയ ഉള്‍പ്പെടെ വൈകാനിടയാക്കും. കോഴിക്കോട് മെഡിക്കല്‍ കോളജ് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ പീഡിയാട്രിക് കാര്‍ഡിയോളജി സൗകര്യമില്ലാത്തതാണ് പദ്ധതി നടപ്പാക്കുന്നതിന് തടസ്സം. വടക്കന്‍ ജില്ലകളിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ്, ജില്ലാ ആശുപത്രികള്‍ ഉള്‍പ്പെടെയുള്ളവയില്‍ പീഡിയാട്രിക് കാര്‍ഡിയോളജി സംവിധാനം ഏര്‍പ്പെടുത്തി മലബാര്‍ മേഖലയിലെ ചികില്‍സാ പ്രതിസന്ധി അടിയന്തരമായി പരിഹരിക്കണമെന്ന് ജോണ്‍സണ്‍ കണ്ടച്ചിറ ആവശ്യപ്പെട്ടു. 

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.