കോട്ടയം: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ ആഭിമുഖ്യത്തില്‍ 2024 ഫെബ്രുവരി 25ന് കോട്ടയം എം ഡി സെമിനാരിയില്‍ നടക്കുന്ന മാര്‍ത്തോമ്മന്‍ പെത്യക സംഗമത്തിന്റെ മുന്നോടിയായി നടത്തപ്പെടുന്ന സന്ദേശയാത്രകള്‍ നാളെ മുതല്‍ ആരംഭിക്കും. നാളെ ഉച്ചതിരിഞ്ഞ് 2 ന് പരിശുദ്ധ മാര്‍ത്തോമ്മ ശ്ലീഹായാല്‍ സ്ഥാപിതമായ കന്യകുമാരിയിലെ തിരുവിതാംകോട് സെ . മേരീസ് പള്ളിയില്‍(തിരുവിതാംകോട് അരപ്പളളി) തിരുവനന്തപുരം ഭദ്രാസനധിപന്‍ ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം നിര്‍വഹിക്കും. കുളച്ചല്‍ എം.എല്‍.എ ജെ. ജി. പ്രിന്‍സ് ഫ്ലാഗ് ഓഫ് ചെയ്യും. ഫെബ്രുവരി 4, 9:30 am തിരുവനന്തപുരം പാളയം സെന്റ് ജോര്‍ജ് പള്ളിയില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ ഡോ. ദിവ്യ എസ് അയ്യര്‍ IAS (വിഴിഞ്ഞം പോര്‍ട്ട് ട്രസ്റ്റ് എം.ഡി ) വിശിഷ്ട അതിഥി ആയിരിക്കും.
ഡോ. ജോര്‍ജ് ഓണക്കൂര്‍ പ്രസംഗിക്കും. തുടര്‍ന്ന് തിരുവനന്തപുരം, കൊട്ടാരക്കര, പുനലൂര്‍, അടൂര്‍, മാവേലിക്കര, ചെങ്ങന്നൂര്‍, നിരണം, കോട്ടയം, കോട്ടയം സെന്‍ട്രല്‍ എന്നീ ഭദ്രാസനങ്ങളിലെ വിവിധ ദേവാലയങ്ങളുടെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി 8 ന് കോട്ടയം പഴയ സെമിനാരിയില്‍ സമാപിക്കും.
ഫെബ്രുവരി 10, 9:30 am ന് വടക്കന്‍ മേഖല പ്രയാണം സുല്‍ത്താന്‍ബത്തേരി കത്തീഡ്രലില്‍ ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ ബര്‍ണബാസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ബത്തേരി,മലബാര്‍, കുന്നംകുളം,തൃശ്ശൂര്‍, അങ്കമാലി, കൊച്ചി, കണ്ടനാട് ഈസ്റ്റ്, കണ്ടനാട് വെസ്റ്റ് എന്നീ ഭദ്രാസനങ്ങളിലൂടെ സഞ്ചരിച്ച് 14ന് വൈകുന്നേരം 9ന് കോട്ടയം പഴയ സെമിനാരിയില്‍ സമാപിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
24 ന് ദീപശിഖയും പതാകയും വഹിച്ചുകൊണ്ടുള്ള വിളംബര ഘോഷയാത്ര രാവിലെ 11ന് കോട്ടയം പഴയ സെമിനാരിയില്‍ നിന്നും ആരംഭിച്ച് കോട്ടയം ഭദ്രാസനത്തിലെ വിവിധ ദേവാലയങ്ങളുടെ സ്വീകരണം ഏറ്റുവാങ്ങി ഉച്ചതിരിഞ്ഞ് 4ന് പുതുപ്പള്ളി സെന്റ് ജോര്‍ജ് വലിയ പള്ളിയില്‍ എത്തിച്ചേരും. തുടര്‍ന്ന് കൊടിമര ഘോഷയാത്രയായി കോട്ടയം എം. ഡി. സെമിനാരിയില്‍ എത്തുകയും, പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ പതാക ഉയര്‍ത്തുന്നതുമാണ്.
സന്ദേശയാത്രയ്ക്ക് ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്ത, ഗീവര്‍ഗീസ് മാര്‍ പക്കോ മിയോസ് മെത്രാപ്പോലീത്ത, വൈദിക ട്രസ്റ്റി ഫാ. ഡോ. തോമസ് വര്‍ഗീസ് അമയില്‍, അല്മായ ട്രസ്റ്റി റോണി വര്‍ഗീസ് എബ്രഹാം, അസോസിയേഷന് സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍, കോര്‍ഡിനേറ്റര്‍ ഫാ. മോഹന്‍ ജോസഫ്, ജോയിന്റ് കോഡിനേറ്റര്‍സ് അലക്സാണ്ടര്‍ കെ. ജോണ്‍, നിഥിന് മണക്കാട്ട്പള്ളി എന്നിവര്‍ നേതൃത്വം നല്‍കും.