‘മലങ്കരസഭയിൽ സമാധാനത്തിന് തുരങ്കം വെക്കാനുള്ള വിമതശ്രമങ്ങൾക്ക് സർക്കാർ കുടപിടിക്കുന്നു’; നിയമമന്ത്രി തന്നെ നിയമ ലംഘനത്തിന് കൂട്ടു നിൽക്കുന്നുവെന്നത് ആശങ്കാജനകമെന്ന് മലങ്കരസഭ

കോട്ടയം : ഭാരതത്തിന്റെ പരമോന്നത കോടതിയുടെ വിധി എന്നാൽ രാജ്യത്തിന്റെ നിയമമാണ്. ആ നിയമപ്രകാരം മലങ്കരയിൽ സമാന്തര ഭരണത്തിന് കോടതി അറുതി വരുത്തിയതുമാണ്. കോടതി വിധി അനുസരിച്ച് സമാധാനം പുന:സ്ഥാപിക്കാൻ വീട്ടുവീഴ്ച്ചകൾക്ക് ഓർത്തഡോക്സ് സഭ എക്കാലത്തും സന്നദ്ധമാണ്. എന്നാൽ മലങ്കരസഭയിലെ സമാധാന അന്തരീക്ഷത്തെ പാടേ തകർക്കുന്ന നീക്കങ്ങളാണ് ഇപ്പോൾ നടക്കുന്നത്. സമാന്തര ഭരണത്തിന് കോടതി അറുതി വരുത്തിയിട്ടും വീണ്ടും അധികാര കേന്ദ്രങ്ങൾ സ്ഥാപിക്കാൻ ശ്രമിക്കുന്നത് നീതി-ന്യായ വ്യവസ്ഥിതിയോടുള്ള വെല്ലുവിളിയാണ്. ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങളെ സംസ്ഥാന സർക്കാർ പിന്തുണക്കുന്നതിലുള്ള  കടുത്ത പ്രതിഷേധം മലങ്കരസഭ രേഖപ്പെടുത്തുന്നു.

Advertisements

മലങ്കരസഭയിലെ സമാധാനത്തിന് വിള്ളൽ വീഴ്ത്തുന്ന നീക്കമാണ് ഈ മാസം  ലബനോനിൽ നടക്കുമെന്ന് പറയപ്പെടുന്ന ബദൽ കാതോലിക്കാ വാഴിക്കൽ ചടങ്ങ്. ഈ സമാന്തരഭരണത്തെ ആശീർവദിക്കാൻ നിയമ മന്ത്രിയടക്കം ഏഴു പേരാണ്  സർക്കാർ ചെലവിൽ വിദേശത്തേക്ക് പോകുന്നത്. ഭരണഘടനയോടുള്ള കൂറും വിധേയത്വവും പ്രഖ്യാപിച്ച് അധികാരമേറ്റവർ രാജ്യത്തെ നിയമത്തെ കണ്ടില്ലെന്ന് നടിക്കുന്നത്  ഉന്നതമായ ജനാധിപത്യമൂല്യങ്ങളോടുള്ള അവഹേളനമായി മാത്രമേ കാണാൻ കഴിയൂ. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സംസ്ഥാനത്തെ നിയമമന്ത്രി തന്നെ നിയമ ലംഘനത്തിന് കൂട്ടു നിൽക്കുന്നുവെന്നത് ആശങ്കാജനകമാണ്. ഭാരതമെന്ന മതേതര രാജ്യത്ത് വോട്ടുബാങ്ക് രാഷ്ട്രീയം മാത്രം ലക്ഷ്യം വെച്ച് നടത്തുന്ന ഈ പരസ്യ പ്രീണനം പൊതുസമൂഹം തിരിച്ചറിയും. എറണാകുളത്തിന്  പുറത്തുള്ള 13 ജില്ലകൾ കൂടി ചേരുന്നതാണ് കേരളമെന്ന് പ്രീണന രാഷ്ട്രീയ നേതൃത്വങ്ങൾ മറക്കരുത്.

സംസ്ഥാന സർക്കാരിന്റെ ധൂർത്തിനെതിരെ ദിവസേന പ്രതികരിക്കുന്നവരാണ് കേരളത്തിലെ പ്രതിപക്ഷം. തുച്ഛമായ വേതനത്തിന് വേണ്ടി തലസ്ഥാന നഗരിയിൽ ആശാ വർക്കർമാർ നടത്തുന്ന സമരത്തെ പിന്തുണയ്ക്കുന്ന പ്രതിപക്ഷവും ചൂണ്ടിക്കാട്ടുന്നത് സർക്കാർ ധൂർത്ത് ഒഴിവാക്കണമെന്നാണ്. 

അങ്ങനെയെങ്കിൽ പൊതു ഖജനാവിലെ ജനങ്ങളുടെ പണമെടുത്ത് നിയമ വിരുദ്ധമായ ചടങ്ങിൽ പങ്കെടുക്കാൻ സർക്കാർചെലവിൽ പ്രതിനിധികളെ വിദേശത്തേക്ക്  അയക്കുന്നതിൽ പ്രതിപക്ഷത്തിന്റെ നിലപാട് എന്താണ്? വെയിലേറ്റ് തളർന്ന ആശമാരുടെ തലയ്ക്ക് മുകളിലൂടെയല്ലേ വിമാനത്തിൽ യു.ഡി.എഫ് പ്രതിനിധികളടക്കം സ്വകാര്യചടങ്ങിന് പോകുന്നത്. ജനങ്ങളുടെ നികുതിക്കാശ് ഇതിനായി വിനിയോഗിക്കുന്നതിനെ പ്രതിപക്ഷവും പിന്തുണയ്ക്കുന്നുണ്ടോ എന്നറിയാൻ സഭ ആഗ്രഹിക്കുന്നു.

സഭയ്ക്ക് രാഷ്ട്രീയമില്ല. എല്ലാ രാഷ്ട്രീയപാർട്ടികളോടും സമദൂര നിലപാടാണ് എക്കാലത്തും സ്വീകരിച്ചിട്ടുള്ളത്. എന്നാൽ അത് മലങ്കര ഓർത്തഡോക്സ് സഭയുടെ ബലഹീനതയായി കാണരുതെന്ന് വിനീതമായി ഓർമ്മിപ്പിക്കുന്നു.

Hot Topics

Related Articles