തിരുവനന്തപുരം: മലപ്പുറം താനൂരിൽ ബോട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ തിങ്കളാഴ്ച ദുരന്ത സ്ഥലം സന്ദർശിക്കും. ദുരന്തത്തിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ മന്ത്രിമാരെ ചുമതലപ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ ഫെയ്സ്ബുക്ക് പോസ്റ്റിൽ അറിയിച്ചു.
മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് ഇങ്ങനെ –
മലപ്പുറം താനൂർ ഒട്ടുംപുറം തൂവൽതീരത്ത് വിനോദസഞ്ചാരികളുമായി സഞ്ചരിച്ച ബോട്ട് മുങ്ങി നിരവധി പേർ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. ഏകോപിതമായി അടിയന്തിര രക്ഷാപ്രവർത്തനം നടത്താൻ മലപ്പുറം ജില്ലാ കലക്ടർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. മുഴുവൻ സംവിധാനങ്ങളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള ഇടപെടൽ നടന്നു വരികയാണ്. മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, വി അബ്ദുറഹ്മാൻ എന്നിവരെ അപകട സ്ഥലത്ത് രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നതിനായി ചുമതലപ്പെടുത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
താനൂർ, തിരൂർ ഫയർ യൂണിറ്റുകളും പോലീസ്, റവന്യൂ, ആരോഗ്യ വിഭാഗവും, നാട്ടുകാരും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നുണ്ട്. ആശുപത്രികളിൽ ആവശ്യമായ ചികിത്സാ സംവിധാനങ്ങൾ ഏർപ്പെടുത്താൻ അടിയന്തര നിർദ്ദേശം നൽകിയിട്ടുണ്ട്. നാളെ രാവിലെ താനൂർ ബോട്ടപകടം നടന്ന സ്ഥലത്തേക്ക് തിരിക്കും. മരണപ്പെട്ടവർക്കുള്ള ആദരസൂചകമായി നാളെ സംസ്ഥാനത്ത് ഔദ്യോഗിക ദു:ഖാചരണം പ്രഖ്യാപിച്ചു. നാളെ നടത്താനിരുന്ന താലുക്കുതല അദാലത്തുകൾ ഉൾപ്പെടെ സംസ്ഥാനത്തെ എല്ലാ സർക്കാർ ഔദ്യോഗിക പരിപാടികളും മാറ്റി വെക്കാൻ തീരുമാനിച്ചു.