കൊച്ചി : മലയാള സിനിമയിലെ അമ്മ വേഷങ്ങളിൽ തിളങ്ങിയ താരം കവിയൂർ പൊന്നമ്മ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം. ഒരാഴ്ചയിലേറെയായി ഇവർ ഗുരുതരാവസ്ഥയിൽ കൊച്ചിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഏറെക്കാലമായി അഭിനയത്തില്‍ നിന്ന് ഇടവേളയെടുത്തിരുന്ന നടി കരിമാളൂരിലെ വസതിയില്‍ വിശ്രമജീവിതത്തിലായിരുന്നു. ഇതിനിടയിലാണ് കവിയൂർ പൊന്നമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 1958ല്‍ മേരിക്കുട്ടി എന്ന സിനിമയിലൂടെ അഭിനയജീവിതം ആരംഭിച്ച കവിയൂർ പൊന്നമ്മ 2021ല്‍ പുറത്തിറങ്ങിയ ആണും പെണ്ണും എന്ന സിനിമയിലാണ് ഇതിന് മുൻപ് അഭിനയിച്ചത്.അമ്മ വേഷങ്ങളിലൂടെയാണ് കവിയൂർ പൊന്നമ്മ പ്രശസ്തയായത്. മോഹൻലാലിൻ്റെ അമ്മയായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. 1962ല്‍ പുറത്തിറങ്ങിയ ശ്രീരാമ പട്ടാഭിഷേകം എന്ന ചിത്രത്തില്‍ മണ്ഡോദരിയെ അവതരിപ്പിച്ചാണ് പൊന്നമ്മ ആദ്യമായി ഒരു ക്യാരക്ടർ റോളില്‍ അഭിനയിക്കുന്നത്. 1965ല്‍, തൻ്റെ 20ആം വയസില്‍ പുറത്തിറങ്ങിയ തൊമ്മൻ്റെ മക്കള്‍ എന്ന സിനിമയില്‍ സത്യൻ്റെയും മധുവിൻ്റെയും അമ്മയായി പൊന്നമ്മ അഭിനയിച്ചിട്ടുണ്ട്. നാടക അഭിനേത്രി ആയിരുന്ന പൊന്നമ്മ നാല് തവണ സംസ്ഥാന അവാർഡ് നേടിയിട്ടുണ്ട്. നാടകം, സിനിമ എന്നിവയ്ക്കൊപ്പം ചില ടെലിവിഷൻ സീരിയലുകളിലും പൊന്നമ്മ അഭിനയിച്ചു. നടി എന്നതിനപ്പുറം ഗായിക കൂടിയായിരുന്ന പൊന്നമ്മ ചില സിനിമകളില്‍ പശ്ചാത്തല സംഗീതം ആലപിച്ചിട്ടുണ്ട്. 14ആം വയസിലാണ് നാടകാഭിനയം തുടങ്ങിയത്. ടിപി ദാമോദരൻ, ഗൗരി ദമ്ബതിമാരുടെ ഏഴ് മക്കളില്‍ ഏറ്റവും മുതിർന്നയാളായി 1945 സെപ്തംബർ 10ന് തിരുവല്ല കവിയൂറിലാണ് പൊന്നമ്മ ജനിച്ചത്. 1969ല്‍ നിർമാതാവ് മണിസ്വാമിയെ വിവാഹം കഴിച്ചു. മകള്‍ ബിന്ദു അമേരിക്കയിലാണ്. പൊന്നമ്മയുടെ ഭർത്താവ് മണിസ്വാമി 2011ല്‍ മരണപ്പെടുകയായിരുന്നു.