സിനിമയെ സ്വപ്നം കണ്ടാൽ സിനിമയിൽ വിജയിക്കും: കോട്ടയം രമേശ് ; ‘കട്ട് യുവർ ഷോട്‌സ് ‘ – ക്യാമറ വർക് ഷോപ്പ് നടത്തി

കോട്ടയം: സിനിമാ മേഖലയിൽ കഴിവുകൾക്ക് പരാജയമുണ്ടാവാറില്ലെന്നും, സിനിമയെ വിവിധ രീതിയിൽ സമീപിക്കുന്നവരെ സിനിമ അനുഗ്രഹിക്കുമെന്നും പ്രശസ്ത നടൻ കോട്ടയം രമേശ് അഭിപ്രായപ്പെട്ടു. ചെറുപ്പകാലത്ത് സിനിമ കാണൽ തന്നെ ക്ലേശകരമായിരുന്നു. നാടകം പ്രശസ്തമായിരുന്ന കാലത്ത് സിനിമ സ്വപ്നം കണ്ടു തുടങ്ങിയെങ്കിലും അതിൽ എത്തിച്ചേരുവാൻ നീണ്ട തപസ്യ വേണ്ടി വന്നു. എല്ലാവരും ഒരേ മേഖല തെരഞ്ഞെടുക്കണമെന്നില്ല, കഴിവ് തെളിയിക്കുക അതാണ് കുറുക്കുവഴി, എന്നും അദ്ദേഹം പറഞ്ഞു.

Advertisements

കോട്ടയത്ത് തമ്പ് ഫിലിം സൊസൈറ്റിയുടെയും കോട്ടയം പബ്‌ളിക് ലൈബ്രറിയുടെയും ആഭിമുഖ്യത്തിൽ നടന്ന ക്യാമറ സിനിമാട്ടോഗ്രഫി വർക് ഷോപ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സിനിമാട്ടോഗ്രഫിയുടെ ചരിത്രം മുതൽ ഇന്നത്തെ ക്യാമറ ചലനങ്ങൾ വരെ വിശദീകരിച്ച പ്രമുഖ സിനിമാട്ടോഗ്രഫർ യദു വിജയകൃഷ്ണന്റെ പരിശീലനം ശ്രദ്ധേയമായി. ക്യാമറയിൽ ഒപ്പിയെടുക്കുന്നത് കവിത പോലെ വ്യാഖ്യാനിക്കാവുന്ന ഒന്നാകണമെങ്കിൽ എങ്ങനെയൊക്കെ ചിത്രീകരിക്കണം എന്ന് വർക് ഷോപ്പിൽ വിശദീകരിച്ചു.

തമ്പ് ഫിലിം സൊസൈറ്റി പ്രസിഡന്റ് ഏറ്റുമാനൂർ രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. അനിൽ ഐക്കര, അഡ്വ.ലിജി എൽസ ജോൺ, ജയകുമാർ മൂലേടം തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ വച്ച് ഡോ. കൃഷ്ണകുമാർ ചിത്രീകരിച്ച ഗോഡ്ഫാദർ എന്ന ഷോർട്ട് ഫിലിം റിലീസ് ചെയ്തു. പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റുകൾ യദു വിജയകൃഷ്ണൻ വിതരണം ചെയ്തു.

Hot Topics

Related Articles