മലയാളസിനിമയിൽ ലിംഗസമത്വം ഉയരണം ; പുരുഷകഥാപാത്രം, സ്‌ത്രീകഥാപാത്രം എന്ന വേർതിരിവില്ലാതെ നല്ല കഥാപാത്രം എന്നു പറയണം ; അപർണ്ണ ബാലമുരളി

എറണാകുളം : മലയാള സിനിമയിൽ സ്ത്രീവേഷങ്ങൾക്ക് പ്രാധാന്യം ഇല്ലെന്നു പറയാൻ സാധിക്കില്ലെന്ന്‌ അപർണ ബാലമുരളി.  പുരുഷകഥാപാത്രം, സ്‌ത്രീകഥാപാത്രം എന്ന വേർതിരിവില്ലാതെ നല്ല കഥാപാത്രം എന്നു പറയുന്ന രീതിയിലേക്ക്‌ മലയാളസിനിമയിൽ ലിംഗസമത്വം ഉയരണം. മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം നേടിയ താരം നിലപാട്‌ വ്യക്തമാക്കി. വെള്ളിയാഴ്‌ച അവാർഡ്‌ പ്രഖ്യാപിക്കുമ്പോൾ പൊള്ളാച്ചിയിൽ ‘ഇനി ഉത്തരം’ സിനിമാ ചിത്രീകരണ സെറ്റിലായിരുന്നു അപർണ.

Advertisements

ശനിയാഴ്‌ച ഫോർട്ട്‌ കൊച്ചിയിൽ അതേ സിനിമയുടെ ചിത്രീകരണത്തിനിടെയാണ്‌ വാർത്താലേഖകരെ കണ്ടത്‌.  തന്നെ അവാർഡിന്‌ അർഹയാക്കിയ ‘സൂരരൈ പോട്ര്’ സ്‌ത്രീകഥാപാത്രത്തിന് ഏറെ പ്രാധാന്യം നൽകിയ സിനിമയായിരുന്നു. അതിലെ ‘ബൊമ്മി’യാകാൻ ഒരുവർഷത്തോളം കഠിനയത്‌നം വേണ്ടിവന്നു.  അവാർഡ്‌ പ്രഖ്യാപനം വന്നപ്പോൾ, ആകെ അത്ഭുതമായി. എല്ലാവരോടും സന്തോഷം അറിയിക്കുകയാണ്; നന്ദിയും.
ഈവർഷം മുഴുവനും മലയാളസിനിമാ ചിത്രീകരണങ്ങളുടെ തിരക്കുണ്ട്‌. ഇനിയും നല്ല കഥാപാത്രങ്ങൾ തേടിയെത്തുമെന്ന്‌ പ്രതീക്ഷിക്കുന്നതായും അപർണ പറഞ്ഞു.

Hot Topics

Related Articles