ആലപ്പുഴ: മഹാകുംഭമേളയില്‍ പങ്കെടുക്കാൻ പോയ മലയാളിയെ കാണാനില്ലെന്ന പരാതിയുമായി കുടുംബം. ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ കൊഴുവല്ലൂർ സ്വദേശി ജോജു ജോർജിനെയാണ് കാണാതായത്. 42 വയസാണ്. ഉത്തർപ്രദേശിലെ പ്രയാഗ് രാജില്‍ മഹാകുംഭമേളയില്‍ പങ്കെടുക്കാനായി അയല്‍വാസിയായ കുടുംബ സുഹൃത്തിനൊപ്പം കഴിഞ്ഞ ഒൻപതിനാണ് ചെങ്ങന്നൂരില്‍ നിന്ന് ട്രെയിൻ മാർഗം ജോജു പ്രയാഗ് രാജിലേക്ക് പോയത്.
12-ാം തീയതിയാണ് ജോജു ജോർജ് അവസാനമായി വീട്ടിലേക്ക് വിളിച്ചത്. തൻ്റെ ഫോണ്‍ തറയില്‍ വീണ് പൊട്ടിയെന്നും ഒപ്പമുള്ള സുഹൃത്തിന്റെ ഫോണില്‍ നിന്നാണ് വിളിക്കുന്നതെന്നും കുംഭമേളയിലെത്തി നദിയില്‍ സ്നാനം ചെയ്തുവെന്നും ജോജു ജോർജ് അറിയിച്ചു. 14ന് നാട്ടില്‍ മടങ്ങിയെത്തുമെന്നാണ് വിളിച്ചപ്പോള്‍ പറഞ്ഞത്. ഇതിനുശേഷം ജോജുവിനെക്കുറിച്ച് യാതൊരു വിവരവുമില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം ജോജുവിനൊപ്പം പോയ അയല്‍വാസി 14ന് നാട്ടിലെത്തുകയും ചെയ്തു. ഇയാളോട് വിവരങ്ങള്‍ തിരക്കിയെങ്കിലും തൃപ്തികരമായ മറുപടി ലഭിച്ചില്ലെന്ന് കുടുംബം പരാതിയില്‍ പറയുന്നു. ഇരുവരും കുംഭമേളയില്‍ പങ്കെടുത്ത ദൃശ്യങ്ങള്‍ നേരത്തെ തന്നെ കുടുംബത്തിന് അയച്ചു നല്‍കിയിരുന്നു. സംഭവത്തില്‍ ചെങ്ങന്നൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.