തിരുവനന്തപുരം മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശത്തിൽ വിശദീകരണം ആവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും രാജ്ഭവനിലേക്ക് വിളിപ്പിച്ചിരിക്കുകയാണ് ഗവർണർ. നാളെ വൈകീട്ട് നാല് മണിക്ക് നേരിട്ടെത്തി വിശദീകരിക്കാനാണ് നിർദേശം. മലപ്പുറത്തെ സ്വർണക്കടത്ത്, ഹവാല കേസുകൾ വിശദീകരണം. ഇതിൽ ഉൾപ്പെട്ട ദേശവിരുദ്ധ ശക്തികൾ ആരാണെന്ന് വ്യക്തമാക്കണം. ഈ വിവരം അറിഞ്ഞിട്ടും എന്തുകൊണ്ട് അറിയിച്ചില്ലെന്നും ഗവർണർ ചോദിക്കുന്നു. നേരത്തെ ഈ റണ്ട് വിഷയങ്ങളിലും ഗവർണർ റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ സർക്കാർ നൽകിയിരുന്നില്ല. ഇതേ തുടർന്നാണ് നേരിട്ടെത്തി വിശദീകരിക്കാൻ നിർദേശിച്ചത്.
അതേസമയം ഇന്ന് സഭയിലെ പ്രതിഷേധങ്ങൾക്കിടെ മലപ്പുറം പരാമർശത്തിലെ അടിയന്തര പ്രമേയ ചർച്ച മുങ്ങിപ്പോയിരുന്നു. സഭ നിർത്തിവെച്ച് ചർച്ചയാകാമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്നാൽ പ്രതിപക്ഷം കൂടുതൽ ശ്രദ്ധ നൽകിയത് പ്രതിഷേധങ്ങൾക്കാണ്. ഇതോടെ സഭ പിരിയാൻ തീരുമാനിക്കുകയായിരുന്നു. പ്രതിപക്ഷത്തെ ഈ വിഷയത്തിൽ കൂടുതൽ ആക്രമിക്കാനാണ് എൽഡിഎഫ് തീരുമാനം. ചർച്ചയിൽ നിന്ന് പ്രതിപക്ഷം ഒളിച്ചോടിയെന്ന പ്രചാരണമാണ് ഉയർത്തുക. മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർസം ദേശീയ തലത്തിൽ തന്നെ കേരളത്തിന് നാണക്കേടുണ്ടാക്കിയെന്നും സഭ നിർത്തിവെച്ച് ചർച്ച വേണമെന്നുമായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. മുഖ്യമന്ത്രി ഇക്കാര്യം അംഗീകരിക്കുകയും ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പന്ത്രണ്ട് മണി മുതൽ 2 മണിക്കൂർ ചർച്ച നടത്താമെന്നായിരുന്നു സ്പീക്കർ അറിയിച്ചത്. മനപ്പൂർവം പ്രകോപനം ഉണ്ടാക്കി ഒഴിഞ്ഞുമാറുകയായിരുന്നു സർക്കാരെന്നും സഭ ചട്ടങ്ങൾക്ക് അകത്ത് നിന്ന് ഇനിയും വിഷയം അവതരിപ്പിക്കുമെന്നും പ്രതിപക്ഷം പറഞ്ഞു. സഭയ്ക്ക് പുറമേ ഭരണ-പ്രതിപക്ഷം പോരാട്ടം ഇന്ന് നടന്നിരുന്നു.
കേരളത്തിലെ ഏറ്റവും ഭീരുവായ പ്രതിപക്ഷ നേതാവിനുള്ള അവാർഡ് നൽകാൻ തീരുമാനിച്ചാൽ അതിന് ഏറ്റവും അർഹൻ വിഡി സതീശനാണെന്ന് മന്ത്രി മുഹമ്മദ് റിയാസ് പരിഹസിച്ചു. മലപ്പുറം ജില്ലയെ കുറിച്ച് നിയമസഭയിൽ അടിയന്തര പ്രമേയത്തിൽ ചർച്ച നടത്താൻ തീരുമാനിച്ചപ്പോൾ പ്രതിപക്ഷ നേതാവ് ഓടി ഒളിച്ചു. ചർച്ച നടന്നാൽ പ്രതിപക്ഷ നേതാവിനെ സ്ട്രെച്ചറിൽ കൊണ്ടുപോകേണ്ടി വരുമായിരുന്നുവെന്നും റിയാസ് പറഞ്ഞു.
മലപ്പുറത്തെ മോശമാക്കുന്നുവെന്നാണ് ആരോപണം. ഇത് ചർച്ചയ്ക്ക് വെച്ചാൽ പുറത്ത് ആംബുലൻസ് വെക്കേണ്ടി വരും. വിഡി സതീശനെ സ്ട്രെച്ചറിൽ കൊണ്ടുപോകേണ്ടി വരും. മലപ്പുറം ജില്ല രൂപീകരിക്കേണ്ടെന്ന് പറഞ്ഞ് പ്രക്ഷോഭം നടത്തിയ പാർട്ടിയാണ് പ്രതിപക്ഷ നേതാവിന്റേത്. ജനസംഘവുമായി ചേർന്ന് കോൺഗ്രസ് ജാഥ നടത്തി.
സ്വാതന്ത്ര്യ സമരത്തിന് വലിയ പങ്കുവഹിച്ച ജില്ലയാണ് മലപ്പുറം. അതിനെ മാപ്പിള ലഹളയായി ചിത്രീകരിക്കാനായിരുന്നു ശ്രമം. അവിടത്തെ സ്വാതന്ത്ര്യ സമര സേനാനികൾക്ക് പെൻഷൻ പ്രഖ്യാപിച്ച സർക്കാരാണ് ഇടതുപക്ഷ സർക്കാരെന്ന് റിയാസ് പറഞ്ഞു.