മുംബൈ : 2008ലെ മലേഗാവ് സ്‌ഫോടനക്കേസില്‍ ബി.ജെ.പി എം.പി പ്രഗ്യാ സിങ് താക്കൂറിന് കോടതിയുടെ അന്ത്യശാസനം. കേസില്‍ മൊഴി രേഖപ്പെടുത്താൻ ഹാജരായില്ലെങ്കില്‍ തുടർനടപടികള്‍ നേരിടേണ്ടവരുമെന്ന് മുംബേയിലെ പ്രത്യേക എൻ.ഐ.എ കോടതി മുന്നറിയിപ്പ് നല്‍കി.ഇന്ന് കോടതിയിലെത്താനാണ് ആവശ്യപ്പെട്ടിട്ടുള്ളത്.
സ്‌പെഷല്‍ ജഡ്ജി എ.കെ ലഹോത്തിയുടേതാണ് ഉത്തരവ്. ആരോഗ്യ കാരണം ചൂണ്ടിക്കാട്ടി ഇളവ് അനുവദിക്കണമെന്ന്് ആവശ്യപ്പെട്ട് പ്രഗ്യാ സിങ് നല്‍കിയ ഹരജി പരിഗണിക്കുകയായിരുന്നു അദ്ദേഹം. കേസില്‍ ബി.ജെ.പി എം.പിക്കു പുറമെ ആറുപേർ യു.എ.പി.എ ചുമത്തപ്പെട്ട് വിചാരണ നേരിടുന്നുണ്ട്. ഇവരുടെ മൊഴി രേഖപ്പെടുത്തിവരികയാണ് എൻ.ഐ.എ കോടതി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പ്രഗ്യാ സിങ് ഉള്‍പ്പെടെയുള്ള പ്രതികള്‍ നിരന്തരമായി കോടതിയില്‍ ഹാജരാകുന്നില്ലെന്ന് ജസ്റ്റിസ് ലഹോത്തി ചൂണ്ടിക്കാട്ടി. പല കാരണങ്ങള്‍ നിരത്തി പലതവണ ഇളവ് ആവശ്യപ്പെട്ടപ്പോഴെല്ലാം കോടതി പരിഗണിച്ചിട്ടുണ്ട്. പലരും വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ളവരാണെന്നാണു കാരണമായി പറയുന്നത്. അവസാന നിമിഷം ടിക്കറ്റ് ലഭിക്കാൻ ബുദ്ധിമുട്ടാണെന്നും അതുകൊണ്ട് കോടതിയിലെത്താനാകില്ലെന്നുമാണു പറയാറ്. ആ ബുദ്ധിമുട്ട് ഒഴിവാക്കാനാണ് ഇത്തവണ എല്ലാവർക്കും നേരത്തെ തന്നെ ദിവസം നിശ്ചയിച്ചുനല്‍കിയത്. ഈ കാരണം ഇനിയും പരിഗണിക്കാനാകില്ലെന്ന് ജഡ്ജി വ്യക്തമാക്കി.
ആവശ്യപ്പെട്ട ദിവസങ്ങളില്‍ ചികിത്സയിലാണെന്നാണ് പ്രഗ്യാ സിങ് ഹരജയില്‍ വാദിച്ചത്. എന്നാല്‍, ഇക്കാര്യം കോടതി അംഗീകരിച്ചില്ല. ഫെബ്രുവരി 27 മുതല്‍ ഒരു വീഴ്ചയും കൂടാതെ കോടതിലെത്തണം. ഇല്ലെങ്കില്‍ വേണ നടപടികള്‍ സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നല്‍കി. എല്ലാ പ്രതികളും മൊഴി പൂർണമായി രേഖപ്പെടുത്തിക്കഴിയുന്നതു വരെ മുംബൈയിലുണ്ടാകണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. ആരോഗ്യ പ്രശ്‌നങ്ങളുണ്ടെങ്കില്‍ മുംബൈയില്‍ ചികിത്സ തേടാമെന്ന നിർദേശവും മുന്നോട്ടുവച്ചിട്ടുണ്ട്.
2008 സെപ്റ്റംബർ 29നാണ് ഉത്തര മഹാരാഷ്ട്രയിലെ മലേഗാവിലെ മുസ്‌ലിം പള്ളിയില്‍ രാജ്യത്തെ ഞെട്ടിച്ച സ്‌ഫോടനം നടന്നത്. പള്ളിയുടെ പരിസരത്ത് നിർത്തിയിട്ടിരുന്ന സ്‌ഫോടക വസ്തുക്കള്‍ നിറച്ച മോട്ടോർസൈക്കിള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവത്തില്‍ ആറുപേർ കൊല്ലപ്പെടുകയും നൂറിലേറെ പേർക്കു പരിക്കേല്‍ക്കുകയും ചെയ്തു.