കോട്ടയം : മള്ളിയൂര്‍ വിനായക ചതുര്‍ത്ഥിയാഘോഷങ്ങള്‍ ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ നടന്നു. വിനായക പ്രീതിക്കായി നടന്ന അഷ്ടദ്രവ്യ മഹാഗണപതി ഹോമം, ഗജപൂജ, ആനയൂട്ട് എന്നിവയില്‍ ആയിരങ്ങളാണ് പങ്കാളികളായത്. തെളിഞ്ഞ അന്തരീക്ഷത്തില്‍ ഇത്തവണ മള്ളിയൂര്‍ ശ്രീ മഹാഗണപതി ക്ഷേത്രത്തിലെ വിനായക ചതുര്‍ത്ഥി ആഘോഷങ്ങള്‍. ഉണ്ണിക്കണ്ണനെ മടിയിലിരുത്തിയ മഹാഗണപതി സങ്കല്‍പ്പമുള്ള മള്ളിയൂര്‍ ക്ഷേത്രത്തില്‍ വിനായക ചതുര്‍ത്ഥി ആഘോഷങ്ങള്‍ക്ക് എല്ലാവര്‍ഷത്തേയും പോലെ ഇത്തവണയും വന്‍ഭക്തജന സഞ്ചയം ഒഴുകിയെത്തി. വിനായക ചതുര്‍ത്ഥിദിനത്തില്‍ മഴ ഒഴിവാകുന്നത് അപൂര്‍വമാണെങ്കില്‍ ഇത്തവണ രാവിലെ മുതല്‍ മാനം തെളിഞ്ഞു നിന്നു. ഇതും ഭക്തജനത്തിരക്ക് വര്‍ധിക്കാന്‍ കാരണമായി. പുലര്‍ച്ചെ നാലിന് നിര്‍മ്മാല്യ ദര്‍ശനത്തെ തുടര്‍ന്ന് വിഘ്‌നേശ്വര പ്രീതിക്കായുള്ള 10008 നാളികേരം അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തിന് തുടക്കമായി. മള്ളിയൂര്‍ പരമേശ്വരന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തിലായിരുന്നു ഹോമം. 8 മണിക്ക് വിശേഷാല്‍ നവകം-പഞ്ചഗവ്യം അഭിഷേകം ഉച്ചപൂജ എന്നിവ നടന്നു. മഹാഗണപതി ഹോമം സമാപിച്ചതിനെ തുടര്‍ന്ന് മഹാഗണപതി ഹോമം ദര്‍ശനം നടന്നു. വിനായക ചതുര്‍ത്ഥി ദിനത്തിലെ പ്രത്യേക ചടങ്ങുകളായ ഗജപൂജ, ആനയൂട്ട് എന്നിവ ഉച്ചയ്ക്ക് നടന്നു. തന്ത്രി മനയത്താറ്റില്ലത്ത് ആര്യന്‍ നമ്പൂതിരി ഗജപൂജയ്ക്ക് കാര്‍മ്മികത്വം വഹിച്ചു.
ഗുരുവായൂര്‍ ഇന്ദ്രസെന്‍, തിരുവാണിക്കാവ് രാജഗോപാലന്‍, കിരണ്‍ നാരായണന്‍കുട്ടി, പാമ്പാടി സുന്ദരന്‍, കാഞ്ഞിരക്കാട്ട് ശേഖരന്‍, മുണ്ടയ്ക്കല്‍ ശിവനന്ദന്‍, തുടങ്ങി 13 ഗജവീരന്‍മാര്‍ ആനയൂട്ടില്‍ പങ്കാളികളായി. തന്ത്രി മനയത്താറ്റില്ലത്ത് ആര്യന്‍ നമ്പൂതിരി, മള്ളിയൂര്‍ പരമേശ്വന്‍ നമ്പൂതിരി എന്നിവര്‍ ഗജവീരന്‍മാര്‍ക്ക് ചോറുളകളും ശര്‍ക്കരയും കരിമ്പും പഴവും നല്‍കി ആനയൂട്ടിന് തുടക്കം കുറിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ക്ഷേത്രാങ്കണത്തില്‍ പ്രത്യേകം തയ്യാറാക്കിയ പന്തലിലായിരുന്നു ആനയൂട്ട് ചടങ്ങുകള്‍. പന്തല്‍ നിറഞ്ഞ് കവിഞ്ഞ പുരുഷാരം ചടങ്ങിന് സാക്ഷ്യം വഹിച്ചു. ആനയൂട്ടിനെ തുടര്‍ന്ന് വലിയ ശ്രീബലി എഴുന്നള്ളത്ത് നടന്നു. എട്ടാം ഉത്സവദിനമായ ഞായറാഴ്ച ആറാട്ടോടെ വിനായക ചതുര്‍ത്ഥി മഹോത്സവത്തിന് സമാപനമാകും.