ഇരുമ്പുകമ്പികൾ മോഷ്ടിച്ച് ബൈക്കിൽ കടത്തി : മൂന്നാം ദിവസം തന്ത്രപരമായി കുടുക്കി കീഴ്‌വായ്‌പ്പൂർ പോലീസ്

മല്ലപ്പള്ളി : റോഡിന്റെ ഭാഗമായ കലുങ്ക് നിർമാണത്തിന് സൂക്ഷിച്ച ഇരുമ്പുകമ്പികൾ മോഷ്ടിച്ച് ബൈക്കിൽ കടത്തിയ രണ്ട് പ്രതികളെ മൂന്നാം ദിവസം തന്ത്രപരമായും സാഹസികമായും നടത്തിയ അന്വേഷണത്തിൽ കുടുക്കി കീഴ്‌വായ്‌പ്പൂർ പോലീസ്. കീഴ്‌വായ്‌പ്പൂർ ചെങ്ങരൂർചിറ കടമാൻകുളം റോഡിന്റെ ഭാഗമായ കലുങ്കിന്റെ പണിക്കായി വെട്ടിഞ്ഞായത്തിൽ ക്ഷേത്രത്തിനു സമീപം സൂക്ഷിച്ച 50 കിലോഗ്രാം തൂക്കം വരുന്ന 3 മീറ്റർ നീളവും 10 മില്ലി മീറ്റർ കനവുമുള്ള 23 കമ്പികളാണ് മോഷ്ടിച്ചു കടത്തിയത്. 4500 രൂപയുടെ നഷ്ടം കണക്കാക്കുന്നു.

Advertisements

മല്ലപ്പള്ളി കല്ലൂപ്പാറ ചെങ്ങരൂർചിറ കുന്നക്കാട് വീട്ടിൽ എൽവിൻ രാജൻ (25), കുന്നന്താനം തോട്ടപ്പടി മൈലമൺ ചൂരകുറ്റിക്കൽ വീട്ടിൽ കാക്കമൊട്ട എന്ന് വിളിക്കുന്ന ജിബിൻ ബി (24) എന്നിവരാണ് അറസ്റ്റിലായ പ്രതികൾ. രാജി മാത്യു ആൻഡ് കമ്പനി എന്ന സ്വകാര്യസ്ഥാപനമാണ് ഈ റോഡിന്റെ നിർമാണം ഏറ്റെടുത്തു നടത്തുന്നത്. പ്രതികൾ ബൈക്ക് ഓടിച്ചുപോയ ഭാഗങ്ങളിലെ സി സി ടി വി ദൃശ്യങ്ങൾ പോലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ പരിശോധിക്കുകയും, കമ്പനി സൂപ്പർവൈസറുടെയും തൊഴിലാളികളുടെയും മറ്റും മൊഴികൾ രേഖപ്പെടുത്തി പോലീസ് സംഘം അന്വേഷണം ഊർജ്ജിതപ്പെടുത്തിയതിനെ തുടർന്നുമാണ് മോഷ്ടാക്കളെ ഉടനടി പിടികൂടാനായത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പോലീസ് ഇൻസ്‌പെക്ടർ വിപിൻ ഗോപിനാഥിന്റെ മേൽനോട്ടത്തിൽ എസ് ഐമാരായ സുരേന്ദ്രൻ, ജയകൃഷ്ണൻ, എ എസ് ഐ അജു കെ അലി, സി പി ഓമാരായ ജെയ്‌സൺ, പ്രവീൺ എന്നിവരടങ്ങിയ സംഘം വിശ്രമമില്ലാതെ തുടർന്ന വ്യാപകമായ അന്വേഷണത്തിൽ മോഷ്ടാക്കൾ വലയിലാവുകയായിരുന്നു. ജില്ലയിലെ മറ്റ് പോലീസ് സ്റ്റേഷനുകളിലേക്കും കേസ് സംബന്ധമായ വിവരങ്ങൾ കൈമാറിയിരുന്നു. സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ച് നീങ്ങിയ അന്വേഷണത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാളെപ്പറ്റി സൂചന ലഭിച്ചിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിൽ ഒന്നാം പ്രതി എൽവിൻ രാജനെ പിടികൂടി. ഇയാൾ വേറെയും കേസുകളിൽ പ്രതിയാണെന്ന് വെളിപ്പെട്ടു. വീടിന് അടുത്തുനിന്നും ഇന്നലെ വൈകിട്ട് പിടികൂടിയ ഇയാളെ വൈദ്യപരിശോധനയ്ക്ക് ശേഷം സ്റ്റേഷനിൽ എത്തിച്ചു.

വിശദമായ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിക്കുകയും മോഷണത്തിലെ കൂട്ടാളിയെപ്പറ്റി വെളിപ്പെടുത്തുകയും ചെയ്തു. ഇരുവരും ചേർന്ന് പൾസർ ബൈക്കിൽ ക്ഷേത്രത്തിന്റെ വടക്കുഭാഗം പാലത്തിന്റെയും കലുങ്കിന്റെയും പണിക്കായി ഇറക്കിയിട്ടിരുന്ന ഇരുമ്പുകമ്പികൾ മോഷ്ടിച്ച് കടത്തുകയായിരുന്നുവെന്ന് പറഞ്ഞു. രണ്ടാം പ്രതി ജിബിനാണ് ബൈക്ക് ഓടിച്ചിരുന്നത്, എൽവിൻ പിന്നിൽ കയറി. കമ്പിയുമായി യാത്ര ചെയ്ത് കടുവാക്കുഴിയിലും തുടർന്ന് മടുക്കോലിയിലും എത്തി. അവിടെയുള്ള തമിഴ്നാട് സ്വദേശി ഉദയരാജിന്റെ ആക്രിക്കടയിൽ വിറ്റ് 1050 രൂപ വാങ്ങി. പിന്നീട്, മല്ലപ്പള്ളി ബിവറേജിൽ എത്തി മദ്യം വാങ്ങി ചെങ്ങരൂരുള്ള വയലിലിരുന്ന് മദ്യപിച്ചു.

ജിബിൻ എൽവിനെ വീട്ടിൽ കൊണ്ടാക്കി, മദ്യലഹരിയിൽ വീടിന്റെ ടെറസ്സിൽ കിടന്നുറങ്ങിയതായും ചോദ്യം ചെയ്യലിൽ എൽവിൻ വിശദമാക്കി. എൽവിന്റെ കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തിൽ രണ്ടാം പ്രതിയെ വീടിന്റെ സമീപത്തുനിന്നും പിടികൂടുകയാണ് ഉണ്ടായത്. എൽവിനെ ചോദ്യം ചെയ്തതിനെ തുടർന്ന് ആക്രിക്കടയിൽ നിന്നും മുഴുവൻ മോഷണമുതലും പോലീസ് കണ്ടെടുത്തു. പ്രതികൾ സഞ്ചരിച്ച ഇരുചക്രവാഹനത്തിന്റെ നമ്പർ പിന്തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഉടമയെ കണ്ടെത്തി. കുന്നന്താനം മൈലമൺ ചുരകുറ്റിക്കൽ പാപ്പന്റെ മകൻ സുഗുണന്റേതാണ് ബൈക്ക്.

വീടിന്റെ സമീപത്തെ റോഡുവക്കിൽ നിന്നും മോട്ടോർ സൈക്കിൾ പോലീസ് സംഘം പിന്നീട് പിടിച്ചെടുത്തു. പ്രതികളുടെ വിരലടയാളം ശാസ്ത്രീയ അന്വേഷണസംഘം ശേഖരിച്ചിരുന്നു. മോഷ്ടാക്കൾ സ്ഥിരം കുറ്റവാളികളും നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളുമാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. തിരുവല്ല സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് കോടതിനടപടി നേരിടുന്ന എൽവിൻ രാജൻ ജാമ്യത്തിലിറങ്ങിയതാണ്. ഇയാൾ കീഴ്‌വായ്‌പ്പൂർ പോലീസ് സ്റ്റേഷനിൽ 2016 ൽ രജിസ്റ്റർ ചെയ്ത വധശ്രമ കേസിലും, 2019 ലെ ദേഹോപദ്രവകേസിലും, ഈവർഷത്തെ രണ്ട് കഞ്ചാവ് കേസുകളിലും പ്രതിയാണ്. ജിബിൻ 2017, 2022 വർഷങ്ങളിൽ കീഴ്‌വായ്‌പ്പൂർ സ്റ്റേഷനിലെടുത്ത മൂന്ന് കഞ്ചാവ് കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.