മല്ലപ്പള്ളി : കെ റെയിലിനു വേണ്ടി ഭൂമി ഏറ്റെടുക്കാൻ നിയോഗിച്ച ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ചുകൊണ്ട് സർക്കാർ ഇറക്കിയ ഉത്തരവിൽ ഇനി റെയിൽവേ ബോർഡിന്റെയും കേന്ദ്രത്തിന്റെയും അനുമതി ലഭിച്ചാൽ മാത്രമേ പദ്ധതി പ്രവർത്തനങ്ങൾ തുടരൂ എന്നു വ്യക്തമാക്കിയിരിക്കുന്നു. അനുമതിയും അംഗീകാരവും ഇല്ലാത്ത പദ്ധതിയുടെ പേരിലാണ് സ്ഥലം ഏറ്റെടുക്കലിനു വേണ്ടി പോലീസ് സഹായത്തോടെ എല്ലാ അതിക്രമങ്ങളും കാണിച്ചതെന്ന് സർക്കാർ സ്വയം സമ്മതിച്ചിരിക്കുകയാണെന്ന് കേരളാ കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം പുതുശ്ശേരി പ്രസ്താവിച്ചു.
ഉത്തരവിറക്കിയിട്ടും പദ്ധതിയിൽ നിന്ന് പിന്മാറില്ലെന്ന് റവന്യൂ മന്ത്രിയും കെ റെയിലും ആവർത്തിക്കുന്നത് ഇക്കാര്യത്തിലെ അവരുടെ ഈഗോ വ്യക്തമാക്കുന്നതാണ്. സ്ഥലം ഏറ്റെടുക്കുന്നതിന് വേണ്ടി സർവ്വേ നമ്പർ അടക്കം നോട്ടിഫൈ ചെയ്ത ആദ്യ ഉത്തരവും സ്വന്തം ഭൂമിയിൽ കടന്നു കയറിയതിനെ പ്രതിരോധിച്ചതിന്റെ പേരിൽ നിരപരാധികളുടെ മേൽ ചാർജ് ചെയ്ത കേസുകളും പിൻവലിക്കുന്നതു വരെയും കെ റെയിലിനെതിരായ സമരം തുടരുമെന്നും പുതുശ്ശേരി പറഞ്ഞു.
കെ റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതിയുടെ മാടപ്പള്ളിയിലെ സ്ഥിരം സമരപ്പന്തലിൽ 225 ദിവസം സമിതി ജില്ലാ ചെയർമാൻ ബാബു കുട്ടൻചിറ അനുഷ്ടിച്ച ഉപവാസ സത്യഗ്രഹത്തിന്റെ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുതുശ്ശേരി നൽകിയ നാരങ്ങാനീര് സ്വീകരിച്ചുകൊണ്ടാണ് ബാബു കുട്ടൻചിറ ഉപവാസ സത്യഗ്രഹം അവസാനിപ്പിച്ചത്.
വി. ജെ. ലാലി അധ്യക്ഷത വഹിച്ചു. റിട്ട. അഡീഷണൽ ചീഫ് സെക്രട്ടറി എം.പി. ജോസഫ്, സമിതി സംസ്ഥാന ജനറൽ കൺവീനർ എസ്. രാജീവൻ, പത്തനംതിട്ട ജില്ലാ കൺവീനർ മുരുകേഷ് നടക്കൽ, മിനി കെ. ഫിലിപ്പ്, ജോസഫ് തോപ്പിൽ, ജോണിക്കുട്ടി പുന്നശ്ശേരി, ഷിബു എഴേപുഞ്ചയിൽ, സൈന തോമസ്, സി.പി. ഓമനകുമാരി, ഇ. പി. രാഘവൻ പിള്ള, എസ്. രാധാമണി, രതീഷ് രാജൻ, റോസിലിൻ ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു.