ന്യൂഡല്‍ഹി : രാജ്യസഭയില്‍ പിയൂഷ് ഗോയല്‍ – മല്ലികാര്‍ജുൻ ഖാര്‍ഗെ വാക്പോര്. ജി-20 ലോഗോയുമായി ബന്ധപ്പെട്ടായിരുന്നു ഇരുവരുടേയും തര്‍ക്കം.75 വര്‍ഷത്തെ ഇന്ത്യയുടെ പാര്‍ലമെന്ററി യാത്രയെകുറിച്ച് നടത്തിയ ചര്‍ച്ചയില്‍ രാജ്യത്തെ പണപ്പെരുപ്പവും തൊഴിലില്ലായ്മയും നിയന്ത്രിക്കേണ്ടതുണ്ടെന്നും അല്ലാത്തപക്ഷം ജനാധിപത്യം ഭീഷണിയിലാകുമെന്നും പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുൻ ഖാര്‍ഗെ പറഞ്ഞു. രാജ്യം നിലവില്‍ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് സംസാരിക്കാൻ കേന്ദ്രസര്‍ക്കാരിന് ബാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജി-20യെ ജി-2 എന്നായിരുന്നു ഖാര്‍ഗെ പരാമര്‍ശിച്ചത്. 20 അംഗ സമിതിയുടെ ശരിയായ പദം എന്താണെന്ന് ചോദിച്ച ഖാര്‍ഗെയോട് അത് ജി-20 ആണ് എന്നായിരുന്നു രാജ്യസഭാ ചെയര്മാൻ ജഗ്ദീപ് ധൻകറിന്റെ പ്രതികരണം.എന്നാല്‍ പൂജ്യത്തെ താൻ താമരയായി തെറ്റിദ്ധരിച്ചുവെന്നായിരുന്നു ഖാര്‍ഗെയുടെ മറുപടി. ഇത് പ്രതിപക്ഷ നേതാക്കള്‍ ഏറ്റെടുക്കുകയും പൊട്ടിച്ചിരിക്കുകയും ചെയ്തതോടെ ജി-20യെ പരിഹസിക്കരുതെന്ന് പിയൂഷ് ഗോയല്‍ ഖാര്‍ഗെയോട് ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് അധ്യക്ഷനുമായ ഖാര്‍ഗെ ഒരു ‘ജി’യെയും അവരുടെ ‘മകൻ ജി’യെയും മാത്രമേ കാണുന്നുള്ളൂവെന്നും പിയൂഷ് ഗോയല്‍ പറഞ്ഞു. രാഹുല്‍ ഗാന്ധിയേയും സോണിയഗാന്ധിയെയും കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.