ന്യൂഡല്‍ഹി: കച്ചത്തീവ് വിഷയത്തില്‍ നരേന്ദ്ര മോദിക്ക് മറുപടിയുമായി കോണ്‍ഗ്രസ്. പാർട്ടി ദേശീയഅധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയാണ് മോദിക്ക് മറുപടിയുമായി രംഗത്തെത്തിയത്. സാമൂഹിക മാധ്യമമായ എക്സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ ദീർഘമായ പ്രതികരണം.
‘ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പായി ഇത്തരം വൈകാരിക പ്രശ്നങ്ങള്‍ ഉയർത്തുന്ന മോദി തന്റെ നിരാശ പ്രകടമാക്കുകയാണ്. കഴിഞ്ഞ 10 വർഷത്തെ ദുർഭരണത്തിനൊടുവില്‍ താങ്കള്‍ പെട്ടെന്നുണർന്നെഴുന്നേറ്റ് ഇന്ത്യയുടെ അഖണ്ഡതയെ കുറിച്ചും രാജ്യസുരക്ഷയെ കുറിച്ചും പറയുകയാണ്. ഒരുപക്ഷേ തിരഞ്ഞെടുപ്പായിരിക്കാം അതിനുകാരണം’, ഖാർഗെ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
‘അതിർത്തി സംബന്ധിച്ച് ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള കരാർ ഭൂമിയുടെ പുനഃക്രമീകരണം മാത്രമല്ല, ഹൃദയങ്ങളുടെ കൂടിച്ചേരല്‍ കൂടിയാണ് എന്നാണ് 2015-ല്‍ താങ്കള്‍ (നരേന്ദ്ര മോദി) പറഞ്ഞത്. 1974-ല്‍ ഇന്ദിര ഗാന്ധി തുടങ്ങിവെച്ച കാര്യത്തെ അഭിനന്ദിച്ചുകൊണ്ടാണ് താങ്കളിത് പറഞ്ഞത്. താങ്കളുടെ സർക്കാർ സൗഹാർദപരമായ കരാർ പ്രകാരം ഇന്ത്യയുടെ 111 ഭൂപ്രദേശങ്ങള്‍ ബംഗ്ലാദേശിന് വിട്ടുനല്‍കുകയും അവരുടെ 55 പ്രദേശങ്ങള്‍ ഇന്ത്യയുടെ ഭാഗമാക്കുകയും ചെയ്തിരുന്നു. 1974-ല്‍ ശ്രീലങ്കയുമായി ഉണ്ടാക്കിയ സമാനമായ ഒരു സൗഹൃദ കരാർ പ്രകാരമാണ് കച്ചത്തീവ് ഇന്ത്യ വിട്ടുനല്‍കിയത്’, ഖാർഗെ തുടർന്നു.’തമിഴ്നാട്ടില്‍ തിരഞ്ഞെടുപ്പിൻറെ തലേന്നാള്‍ വന്ന് താങ്കള്‍ തന്ത്രപ്രധാനമായ വിഷയം ഉന്നയിക്കുകയാണ്. എന്നാല്‍ താങ്കളുടെ സർക്കാരിന്റെ സ്വന്തം അറ്റോർണി ജനറല്‍ മുകുള്‍ റോത്തഗി 2014-ല്‍ സുപ്രീം കോടതിയില്‍ പറഞ്ഞത് ഇങ്ങനെയാണ്: ‘1974-ലെ കരാറിലൂടെയാണ് കച്ചത്തീവ് ശ്രീലങ്കയ്ക്ക് സ്വന്തമായത്. ഇനി അത് എങ്ങനെ തിരിച്ചെടുക്കാനാകും? ഇനി കച്ചത്തീവ് തിരിച്ചുകിട്ടണമെങ്കില്‍ യുദ്ധം ചെയ്യേണ്ടിവരും’. പ്രിയ പ്രധാനമന്ത്രീ, ഈ പ്രശ്നം പരിഹരിക്കാനും കച്ചത്തീവ് തിരിച്ചുപിടിക്കാനും താങ്കളുടെ സർക്കാർ എന്തെങ്കിലും നടപടിയെടുത്തിട്ടുണ്ടോയെന്ന് താങ്കള്‍ പറയണം.’ -ഖാർഗെ പറഞ്ഞു.
‘ഗാന്ധിജി, നെഹ്റു, സർദാർ പട്ടേല്‍, ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി – നമ്മുടെ പ്രിയപ്പെട്ട നേതാക്കള്‍ എല്ലാവരും ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതയ്ക്കും വേണ്ടി ജീവിക്കുകയും മരിക്കുകയും ചെയ്തവരാണ്. 600 നാട്ടുരാജ്യങ്ങളെ ഒന്നിപ്പിച്ച് ഇന്ത്യയുടെ ഭാഗമാക്കുന്നതില്‍ സർദാർ പട്ടേല്‍ നിർണായകമായ പങ്കാണ് വഹിച്ചത്. എന്നാല്‍ ഇതിന് വിരുദ്ധമായ കാര്യമാണ് താങ്കള്‍ ചെയ്തത്. ഗാല്‍വൻ താഴ്വരയില്‍ 20 ധീരജവാന്മാർ ജീവത്യാഗം ചെയ്തതിന് പിന്നാലെ താങ്കള്‍ ചൈനയ്ക്ക് ‘ക്ലീൻ ചിറ്റ്’ നല്‍കി’, മല്ലികാർജുൻ ഖാർഗെ പറഞ്ഞു.
നേപ്പാള്‍, ഭൂട്ടാൻ, മാലദ്വീപ് തുടങ്ങിയ ഇന്ത്യയുടെ സുഹൃദ് രാജ്യങ്ങളെ താങ്കള്‍ എതിർപക്ഷത്താക്കി. ചരിത്രത്തിലാദ്യമായി പാകിസ്താൻ റഷ്യയില്‍ നിന്ന് ആയുധങ്ങള്‍ വാങ്ങുന്നത് താങ്കളുടെ വിദേശനയത്തിന്റെ പരാജയമാണ്. രാജ്യത്തിന്റെ ഐക്യത്തിനായി രക്തം ചിന്താത്ത ഒരു കോണ്‍ഗ്രസുകാരനോ കോണ്‍ഗ്രസുകാരിയോ ഇല്ലാത്ത ഒരു ഗ്രാമം പോലും ഇന്ത്യയില്‍ ഇല്ല. ഇന്ദിര ഗാന്ധിയുടേയും രാജീവ് ഗാന്ധിയുടേയും കീഴിലുള്ള കോണ്‍ഗ്രസാണ് അക്രമകാരികളായ വിഘടനവാദ ശക്തികളോട് പോരാടി വിജയിച്ചതും ജീവൻ ത്യജിച്ചതും പഞ്ചാബ്, ആസാം, മിസോറാം, തമിഴ്നാട്, നാഗാലാൻഡ് എന്നീ സംസ്ഥാനങ്ങള്‍ ഇന്ത്യൻ യൂണിയനില്‍ തന്നെ നിലനിർത്തി രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിച്ചതും സിക്കിമിനേയും ഗോവയേയും ഇന്ത്യയുടെ ഭാഗമാക്കിയതുമെല്ലാം.
കടുത്ത പ്രതിബന്ധങ്ങള്‍ക്കിടയിലും ടിബറ്റിന്റെ പരമാധികാരം എന്ന വിഷയം സജീവമാക്കി നിർത്തിയത് കോണ്‍ഗ്രസാണ്. അതില്ലാതാക്കിയത് താങ്കളുടെ പാർട്ടിയിലെ ഒരു മുൻപ്രധാനമന്ത്രിയാണ്. കോണ്‍ഗ്രസിന്റെ പിന്നാലെ നടന്ന് ഉപദ്രവിക്കുന്നത് അവസാനിപ്പിച്ച് ഇന്ത്യയെ ഒട്ടാകെ കഷ്ടപ്പെടുത്തുന്ന താങ്കളുടെ ദുഷ്പ്രവൃത്തികളെ കുറിച്ച് ചിന്തിക്കൂ’, ഖാർഗെ കൂട്ടിച്ചേർത്തു.