കൊച്ചി: എഡെക്സ് സ്പോര്‍ട്സിന്റെ മാള്‍ട്ടയിലെ ഫുട്‌ബോള്‍ ക്ലബ് എഡെക്‌സ് കിങ്‌സ് എഫ്‌സി പരിശീലകനായി പ്രശസ്തനായ ഫുട്ബോള്‍ താരം വില്യം ഗാനെറ്റ് എത്തുന്നു. സ്‌പെയിനിലും, ഇംഗ്ലണ്ടിലുമായി അനേകം നേട്ടങ്ങള്‍ കൈവരിച്ച ക്ലബ്ബുകളുടെ ഫിറ്റ്‌നസ് ട്രെയ്‌നറായും കോച്ചായും വില്യം ഗാനെറ്റ് സേവനം അനുഷ്ഠിച്ചിട്ടുണ്ട്. മാള്‍ട്ട ഫുട്ബോള്‍ അസോസിയേഷന്‍ അംഗീകാരമുള്ള മാള്‍ട്ട അമേച്ചര്‍ ലീഗ് കളിയ്ക്കാന്‍ അവസരം കിട്ടുന്ന ആദ്യത്തെ ഇന്ത്യന്‍ ക്ലബാണ് എഡെക്സ് കിംഗ്സ് എഫ്സി. കഴിഞ്ഞ ദിവസം നടന്ന മാള്‍ട്ട അമേച്ചര്‍ ഫുട്ബോള്‍ ലീഗിലെ ആദ്യ പാദ മത്സരത്തില്‍ സിറ യുണൈറ്റഡുമായി സമനില നേടി. എഡെക്സ് കിംഗ്സിന് വേണ്ടി ഷംസീര്‍ മുഹമ്മദ്, പേരേര എസ്തബാന്‍, രാജ്പാല്‍ സിംഗ് എന്നിവര്‍ ഗോള്‍ നേടി. 22ന് എഫ്ഗുര സ്പാര്‍ട്ടന്‍സുമായാണ് കിംഗ്സിന്റെ അടുത്ത മത്സരം. ക്ലബ്ബിന്റെ പ്രസിഡന്റ് വിബിന്‍ സേവ്യറും സെക്രട്ടറി സിയാദ് സയ്യിദുമാണ്. മാള്‍ട്ടയിലെ പ്രമുഖ വ്യവസായി ഗ്രൂപ്പ് ആയ റായ്‌കോ ആണ് 2022 – 2023 ക്ലബ്ബിന്റെ സ്‌പോണ്‍സര്‍
ഫുട്ബോള്‍ രംഗത്ത് നിരവധി സംഭാവനകള്‍ നല്‍കിയ എഡെക്സ് സ്പോര്‍ട്സിന് കീഴില്‍ മാള്‍ട്ടയില്‍ ഫുട്ബോള്‍, ക്രിക്കറ്റ് ക്ലബ്ബുകളും കേരള പ്രീമിയര്‍ ലീഗ് കളിക്കുന്ന റിയല്‍ മലബാര്‍ എഫ്‌സി ഫുട് ബോള്‍ ക്ലബും, അക്കാദമിയും പ്രവര്‍ത്തിക്കുന്നു. കേരളത്തില്‍ മലപ്പുറം ആസ്ഥാനമായാണ് റിയല്‍ മലബാര്‍ എഫ്‌സി പ്രവര്‍ത്തിക്കുന്നത്. അണ്ടര്‍-13, അണ്ടര്‍ 15, അണ്ടര്‍-18 ബാച്ചുകളോട് കൂടി ഒരു അക്കാദമിയും ക്ലബിനുണ്ട്, തൊണ്ണൂറോളം പേര്‍ക്കാണ് ഒരേ സമയം ഫുട്‌ബോള്‍ പരിശീലനം കൊടുത്തു വരുന്നത്. ഒക്ടോബര്‍ അവസാനവാരം നടക്കുന്ന കെപിഎല്‍ മത്സരത്തില്‍ പങ്കെടുക്കാനുള്ള ടീമിന്റെ പരിശീലനം ഫറോക് കോളേജ് ഗ്രൗണ്ടില്‍ പുരോഗമിക്കുകയാണ്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് എഡെക്സ് ഗ്രൂപ്പ് കായികരംഗത്ത് പുതിയ മാറ്റങ്ങള്‍ കൊണ്ടു വരുന്നതിനു വേണ്ടി എഡെക്സ് സ്പോര്‍ട്സിന് രൂപം കൊടുത്തത്.