മണർകാട്: നാട്ടിലെ റോഡിലാകെ ജലനിധി കുഴി. കുഴിയിൽ ചാടി നടുവൊടിഞ്ഞ നാട്ടുകാർ ഒടുവിൽ സഹികെട്ട് റോഡിലെ കുഴികൾ അടച്ചു. മണർകാട് പഞ്ചായത്തിലെ കോട്ടമുറി-പായിപ്രപടി റോഡിലെ കുഴികളാണു നാട്ടുകാരുടെയും കോട്ടമുറി റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ അടച്ചത്. മണർകാട് – തിരുവഞ്ചൂർ റോഡിൽ നിന്നുള്ള ഇടറോഡാണ് ഇതെങ്കിലും കെ.എസ്.ആർ.ടി.സി, സ്വകാര്യബസുകൾ സർവീസ് നടത്തുന്ന റോഡാണിത്. സ്കൂൾ ബസുകൾ ഉൾപ്പടെ നൂറുകണക്കിന് വാഹനങ്ങളാണ് ദിവസേന ഇതിലെ കടന്നുപോകുന്നത്.
മാസങ്ങൾക്കു മുമ്പാണ് ജലനിധി പദ്ധതിക്കായി റോഡ് കുഴിച്ചത്. റോഡിന്റെ ഒരു വശത്തുകൂടെ പൈപ്പ് ഇട്ടതിനൊപ്പം, വീടുകളിലേക്കു കണക്ഷൻ നൽകാൻ തുടർച്ചയായി റോഡ് കുറുകെ മുറിച്ചതും പ്രദേശവാസികൾക്കു ദുരിമായി. വലിയ കട്ടിങ്ങുകൾ രൂപപ്പെട്ടതോടെ ഇരുചക്രവാഹന യാത്രക്കാർ അപകടത്തിൽപ്പെടുന്നത് പതിവായിരുന്നു. ഇതിനുപുറമേ പൊടിശല്യവും രൂക്ഷമായി. പൈപ്പിട്ടെങ്കിലും കുടിവെള്ളത്തെക്കാൾ കൂടൂതൽ വന്നത് കാറ്റുമാത്രമാണെന്ന ആക്ഷേപവുമുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ദുരിതം വർധിച്ചതോടെ നാട്ടുകാർ വാട്ടർ അതോറിറ്റി, പൊതുമരാമത്ത്, പഞ്ചായത്ത് അധികൃതരെയും പഞ്ചായത്ത് മെമ്പറെയും പരാതിയുമായി സമീപിച്ചുവെങ്കിലും കൈയൊഴിഞ്ഞു. വാട്ടർ അതോറിറ്റിയും പൊതുമരാമത്ത് അധികൃതരും പരസ്പരം പഴിചാരി രക്ഷപ്പെടാനാണു ശ്രമിച്ചതെന്നും നാട്ടുകാർ ആരോപിച്ചു. ഇതിനിടെ റോഡിന്റെ തകർച്ച വർധിച്ചുകൊണ്ടിരുന്നു. മാസങ്ങൾ കഴിഞ്ഞിട്ടും പൈപ്പിൽ വെള്ളം വന്നത് വിരലിൽ എണ്ണാവുന്ന തവണകൾ മാത്രമായതോടെ നാട്ടുകാരിൽ പ്രതിഷേധം ശക്തമായി.
ഒടുവിൽ ഒരു രാഷ്ട്രീയ പാർട്ടികളുടെയും പിൻതുണയില്ലാതെ നാട്ടുകാരും കോട്ടമുറിയിലെ ഓട്ടോഡ്രൈവർമാരും റെസിഡന്റസ് അസോസിയേഷനും മുൻകൈയെടുത്ത് ഇന്നലെ റോഡ് നന്നാക്കുകയായിരുന്നു. ശിവശക്തി കൺസ്ട്രക്ഷൻസ് തങ്ങളുടെ ജോലിക്കാരെയും ടാറിങ്ങിന് ആവശ്യമായ ടാറും ചിപ്സും മറ്റ് അനുബന്ധ സാധനങ്ങളും നൽകി. അങ്ങനെ, നാട്ടിലെ യുവാക്കളുടെ നേതൃത്വത്തിൽ റോഡിലെ കുഴികൾ അടച്ചു. പൈപ്പിടാൻ റോഡിന് കുറുകെ വെട്ടിപ്പൊളിച്ചപ്പോൾ ഉണ്ടായ കുഴികളാണ് ഇവർ അടച്ചത്. എന്നാൽ ഇതിന് പുറമേ റോഡിൽ നിരവധി കുഴികൾ വേറെയുമുണ്ട്. കോട്ടമുറി-പായിപ്രപടി റോഡിൽ നൊടുവൊടിയാതെ യാത്രചെയ്യാൻ വേണ്ടനടപടി അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകണമെന്നാണ് ഇവരുടെ ആവശ്യം.