ന്യൂസ് ഡെസ്ക് : മലയാള സിനിമയ്ക്ക് ഒരിക്കലും നികത്താനാകാത്ത നഷ്ടമാണ് കലാഭവൻ മണിയുടെ വിയോഗം. ഇനിയും ഒട്ടേറെ കഥാപാത്രങ്ങളായി നമുക്ക് മുന്നില്‍ വരേണ്ടിയിരുന്ന മണിയുടെ യാത്ര തീർത്തും നിനച്ചിരിക്കാതെ തന്നെയായിരുന്നു.ഇന്ന് മണിയില്ലെങ്കിലും അദ്ദേഹത്തിന്റെ ഓർമ്മകള്‍ പ്രേക്ഷകനില്‍ സജീവമാണ്. സുഹൃത്തുക്കള്‍ക്ക് തങ്ങളുടെ മണിച്ചേട്ടൻ നിലയ്ക്കാത്ത ഓർമ്മയും. മണിയുമായുള്ള ചില ഓർമ്മകള്‍ പങ്കുവയ്ക്കുകയാണ് റിട്ടയേർഡ് എസ്.പി ആർ.കെ ജയരാജൻ. മണിയെ ആദ്യമായി കണ്ടുമുട്ടിയ ദിവസവും തുടർന്ന് അദ്ദേഹത്തിന്റെ മരണം വരെയുള്ള ചില സന്ദർഭങ്ങളും ജയരാജൻ ഓർത്തെടുക്കുകയാണ്.
ജയരാജന്റെ വാക്കുകള്‍-
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
”2001-2002 കാലഘട്ടത്തില്‍ ഞാൻ ചാലക്കുടിയില്‍ സിഐ ആയിരുന്നു. ഒരു ന്യൂഇയർ ദിവസം സാക്ഷാല്‍ കലാഭവൻ മണി എന്നെ കാണാൻ വന്നു. കൈയിലൊരു കേക്കുമൊക്കെയായാണ് അദ്ദേഹം വന്നത്. കുറേനേരം സംസാരിച്ചതിന് ശേഷം പെട്ടെന്ന് മണി ഇമോഷണലായി. കരയാൻ തുടങ്ങി. എന്താ കാര്യമെന്ന് ചോദിച്ചപ്പോള്‍, അദ്ദേഹം പറഞ്ഞു. ഞാനൊരു കലാകാരനല്ലേ സാർ? എന്നെ എന്തിനാണ് പൊലീസ് വേട്ടയാടുന്നത്. സാർ ഇവിടെ പുതുതായി വന്നതാണ്. കഴിഞ്ഞ ആഴച വരെയും പൊലീസ് എന്റെ വീടിനടുത്ത് വന്ന് നാട്ടുകാരോടൊക്കെ മണിയുണ്ടോടാ അവിടെ എന്ന് അന്വേഷിച്ചു. ഞാൻ എന്ത് തെറ്റാ ചെയ്തേ സാർ? ഞാനൊരു ക്രിമിനലാണോ?
മണിയുടെ ശക്തിയും ദൗർബല്യവും അദ്ദേഹത്തിന്റെ സുഹൃത്തുക്കളായിരുന്നു. അവരുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങളായിരുന്നു മണി എന്നോട് പറഞ്ഞതിന് കാരണം. സുഹൃത്തുക്കള്‍ പറയുന്നത് മണി അപ്പാടെ വിശ്വസിച്ചിരുന്നു. ചാലക്കുടി വിട്ട് പോകാൻ മണി ആഗ്രഹിച്ചിരുന്നില്ല. പിന്നെയും പൊലീസുമായിട്ട് വിഷയം വന്നപ്പോഴെല്ലാം മണിക്ക് വേണ്ടി ഞാൻ ഇടപെട്ടിട്ടുണ്ട്.
മണിയെ ഏറ്റവും പിടിച്ചു കുലുക്കിയത് ഫോറസ്റ്റ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട വിഷയമായിരുന്നു. അത് തന്നെ ഒരുപാട് വിഷമിപ്പിച്ചെന്നാണ് മണി പറഞ്ഞത്. മണിയുടെ നാട്ടുകാരനായിരുന്നു ആ ഫോറസ്റ്റ് ഓഫീസർ. അയാള്‍ക്കറിയാം ഞാൻ ആരാണെന്ന്. എന്റെ പേരില്‍ കള്ളക്കേസെടുത്തു. എന്റെ സ്ഥാനത്ത് മമ്മൂട്ടിയോ മോഹൻലാലോ ആയിരുന്നെങ്കില്‍ ഇതുപോലെ ചെയ്യുമായിരുന്നോ? ഞാനൊരു ദളിതനായതുകൊണ്ടല്ലേ അയാള്‍ എന്നെ ഇൻസള്‍ട്ട് ചെയ്ത് പത്രസമ്മേളനം നടത്തിയത്. കള്ളക്കേസെടുപ്പിച്ച് എന്റെ ഇമേജ് കളയാൻ വേണ്ടി ശ്രമിച്ചത്.
ഇക്കാര്യം മണിയെ വല്ലാതെ വേട്ടയാടിയിരുന്നു. നമ്മള് കരുതുന്നതിലും അപ്പുറമായിരുന്നു അത്. പിന്നീട് അന്വേഷിച്ചപ്പോള്‍ മണി സിനിമാ ഷൂട്ടിംഗിന് പോലും പോകുന്നില്ല എന്ന് അറിഞ്ഞു. വീടിനടുത്തുള്ള പാടി എന്ന് സ്ഥലത്ത് പോയിരുന്ന് സുഹൃത്തുക്കളുമായിട്ടായിരുന്നു മണിയുടെ ജീവിതം. ആരു വിളിച്ചാലും ഫോണ്‍ എടുക്കില്ല. പലതവണ ഞാൻ വിളിച്ചിട്ടും എടുത്തില്ല. ഒരിക്കല്‍ മണിയുടെ കൂട്ടത്തിലുള്ള ഒരാള്‍ എന്നെ വിളിച്ചു പറഞ്ഞു, സാർ കാര്യമായി ഒന്ന് ഇടപെട്ടാല്‍ കൊള്ളാമായിരുന്നു. എല്ലാ നിയന്ത്രണങ്ങള്‍ക്കും അപ്പുറമാണിപ്പോള്‍. ഇപ്പോള്‍ നിയന്ത്രിച്ചില്ലെങ്കില്‍ മണിയെ തിരിച്ചുകിട്ടില്ല എന്നായിരുന്നു അയാള്‍ പറഞ്ഞത്.
ആര് പറഞ്ഞാല്‍ മണി കേള്‍ക്കും എന്ന ചോദ്യം ഉയർന്നു. മമ്മൂട്ടി പറഞ്ഞാല്‍ അയാള്‍ കേള്‍ക്കും, ഫോണ്‍ എടുക്കുമെന്ന് അറിഞ്ഞു. അങ്ങിനെ നടൻ അബു സലിം വഴി മമ്മൂട്ടിയെ കാര്യം അറിയിച്ചു. മമ്മൂട്ടി വിളിച്ചു. പക്ഷേ, മമ്മൂട്ടി വിളിച്ചിട്ടു പോലും മണി ഫോണ്‍ എടുത്തില്ല. മമ്മൂട്ടി വിളിച്ചിട്ടും മണി ഫോണ്‍ എടുത്തില്ലാ എന്നാണെങ്കിലും വല്ലാത്തൊരു അവസ്ഥയായിരിക്കും അതെന്ന് മനസിലായി. അങ്ങനെ അബു സലിമും ഞാനും കൂടി മണിയെ കാണാൻ തീരുമാനിച്ചു.രണ്ടുദിവസം കഴിഞ്ഞപ്പോള്‍ സലിം എന്നെ വിളിച്ചു. സാർ ടിവി കണ്ടോ? കലാഭവൻ മണിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിറ്റേദിവസത്തെ വാർത്ത് മണി ഇനി ഇല്ല എന്നായിരുന്നു”.