‘മറക്കാന്‍ കഴിയാത്തത് കൊണ്ടല്ലേ വന്നത്; അത്രയേ പറയാനുള്ളൂ’: എംടിയുടെ വീട്ടില്‍ സന്ദര്‍ശനം നടത്തി മമ്മൂട്ടി

കോഴിക്കോട്: അന്തരിച്ച സാഹിത്യ ഇതിഹാസം എംടി വാസുദേവന്‍ നായരുടെ കോഴിക്കോടെ വീട്ടില്‍ സന്ദര്‍ശനം നടത്തി നടന്‍ മമ്മൂട്ടി. എംടി അന്തരിച്ചപ്പോള്‍ വിദേശത്തായിരുന്ന മമ്മൂട്ടിക്ക് അവസാനമായി എംടിയെ കാണാന്‍ സാധിച്ചിരുന്നില്ല. എംടിയുടെ മരണത്തിന് പത്ത് ദിവസത്തിന് ശേഷമാണ് മമ്മൂട്ടി എംടിയുടെ കോഴിക്കോട് നടക്കാവിലെ കൊട്ടാരം റോഡിലെ സിത്താരയില്‍ എത്തിയത്.

Advertisements

എംടിയുടെ മകളും ഭര്‍ത്താവും മമ്മൂട്ടിയെ സ്വീകരിച്ചു. കുടുംബാം​ഗങ്ങളെ ആശ്വസിപ്പിച്ച് താരം കുറച്ച് സമയം അവിടെ ചിവവഴിച്ച ശേഷം മടങ്ങി. സിത്താരയില്‍ നിന്നും ഇറങ്ങവെ മാധ്യമങ്ങളെ കണ്ട മമ്മൂട്ടി, എംടി മരിച്ചിട്ട് പത്ത് ദിവസമായി. എം.ടിയെ മറക്കാന്‍ കഴിയാത്തത് കൊണ്ടല്ലേ വന്നത്. അത്രയേ പറയാനുള്ളൂ എന്ന് മാത്രമാണ് പ്രതികരിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗിനായി അസര്‍ബൈജാനില്‍ ആയിരുന്നു മമ്മൂട്ടി. എംടിയുടെ മരണ വിവരം അറിഞ്ഞയുടന്‍ അവിടെ നിന്നും തിരിക്കാന്‍ ശ്രമിച്ചെങ്കിലും വിമാനങ്ങള്‍ കിട്ടിയില്ല. അസര്‍ബൈജന്‍ വിമാനം റഷ്യയില്‍ തകര്‍ന്നതിനാല്‍ അവിടെ നിന്നും വിമാനങ്ങള്‍ ക്യാന്‍സില്‍ ചെയ്തിരുന്നു. ഇതാണ് മമ്മൂട്ടിയുടെ യാത്ര നീട്ടിയത്.  അതേ സമയം എംടി അന്തരിച്ചതിന് പിന്നാലെ തീര്‍ത്തും വൈകാരികമായ കുറിപ്പ് മമ്മൂട്ടി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു.

അന്ന് മമ്മൂട്ടി പങ്കുവച്ച കുറിപ്പ്

ചിലരെങ്കിലും പറയാറുണ്ട് എം.ടിയാണ് മമ്മൂട്ടിയെ കണ്ടെത്തിയതെന്ന്. കാണാൻ ആഗ്രഹിച്ചതും അതിനായി പ്രാർത്ഥിച്ചതും അങ്ങനെ അദ്ദേഹത്തെ കണ്ടെത്തിയതും ഞാനായിരുന്നു. കണ്ട ദിവസം മുതൽ ആ ബന്ധം വളർന്നു. സ്നേഹിതനെപ്പോലെ, സഹോദരനെപ്പോലെ അത് പെരുകി. നാലഞ്ച് മാസം മുമ്പ് എറണാകുളത്ത് ഒരു പ്രോഗ്രാമിനിടയിൽ കാലിടറിയ അദ്ദേഹത്തെ പിടിക്കാനാഞ്ഞ എന്റെ നെഞ്ചിൽ ചാഞ്ഞു നിന്നപ്പോൾ, ആ മനുഷ്യന്റെ മകനാണു ഞാനെന്നു എനിക്ക് തോന്നി. ആ ഹൃദയത്തിലൊരിടം കിട്ടിയതാണ് സിനിമാ ജീവിതം കൊണ്ട് എനിക്കു ലഭിച്ച ഏറ്റവും വലിയ ഭാഗ്യം. അദ്ദേഹത്തിന്റെ ആത്മാംശമുള്ള നിരവധി കഥാപാത്രങ്ങളെ ഞാനവതരിപ്പിച്ചിട്ടുണ്ട്. അതൊന്നും ഓർക്കുന്നില്ലിപ്പോൾ. ഒരു യുഗപ്പൊലിമ മങ്ങി മറയുകയാണ്. എന്റെ മനസ്സ് ശൂന്യമാവുന്ന പോലെ തോന്നുന്നു. ഞാനെന്റെ ഇരു കൈകളും മലർത്തിവെക്കുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.