കൊല്‍ക്കത്ത : സന്ദേശ്ഖാലി സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ശക്തമായ താക്കീത് നല്‍കി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജി.ജനങ്ങള്‍ കൈവിട്ടാല്‍ പിന്നെ ആരും നിങ്ങളെ തിരിഞ്ഞ് നോക്കില്ലെന്ന് മമതാ ബാനർജി വ്യക്തമാക്കി. പ്രാദേശിക തൃണമൂല്‍ നേതാക്കള്‍ക്കെതിരായ ഭൂമി കൈയേറ്റം, ലൈംഗികാതിക്രമം, ചൂഷണം എന്നീ ആരോപണങ്ങളാല്‍ പശ്ചിമ ബംഗാള്‍ പ്രക്ഷുബ്ധമായി തുടരുന്ന സാഹചര്യത്തിലാണ് കടുത്ത താക്കീതുമായി മമത ബാനർജി രംഗത്ത് വന്നിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
“ഗ്രാമപഞ്ചായത്തുകളിലും പഞ്ചായത്ത് സമിതികളിലും ജില്ലാ പരിഷത്തിലുമുള്ള നമ്മുടെ എല്ലാ നേതാക്കളോടും ഞാൻ പറയാൻ ആഗ്രഹിക്കുന്നത് ഇതാണ്. ഒരുമിച്ച് ജോലിചെയ്യുക. നിങ്ങളെ അധികാരത്തിലെത്തിച്ചത് ജനങ്ങളാണ്, അതുകൊണ്ടാണ് നിങ്ങള്‍ ഇവിടെയുള്ളത്. ജനങ്ങള്‍ കൈവിട്ടാല്‍ പിന്നെ ആരും നിങ്ങളെ തിരിഞ്ഞു നോക്കുക പോലും ചെയ്യില്ല,” പുരുലിയ ജില്ലയില്‍ ഒരു സർക്കാർ വിതരണ പരിപാടിയില്‍ സംസാരിക്കവെ ബാനർജി പറഞ്ഞു.