കൊല്‍ക്കത്ത: ലോക്സഭ തെരഞ്ഞെടുപ്പ് റാലിക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടയാള്‍ക്ക് വൈദ്യസഹായം നല്കാന് പ്രസംഗം നിര്‍ത്തിവച്ച് നിര്‍ദേശം നല്കി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജി. ബംഗാളിലെ ബാങ്കൂര ജില്ലയിലെ തൃണമൂലിന്റെ തെരഞ്ഞെടുപ്പ് റാലിയില്‍ ശനിയാഴ്ച ഉച്ചതിരിഞ്ഞായിരുന്നു സംഭവം എന്ന് ഡെക്കാന്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്തു.
ബാങ്കൂരയിലെ റാലിയില്‍ പ്രസംഗിക്കുന്നതിനിടെ മുന്നിലെ ആള്‍ക്കൂട്ടതിനിടയില്‍ ഒരാള്‍ തലകറങ്ങിവീഴുന്നത് മമത ബാനര്‍ജിയുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടയാളുടെ മുഖത്ത് വെള്ളംതളിക്കാന്‍ ആവശ്യപ്പെട്ട മമത, ഉടനടി അദേഹത്തെ ആംബുലന്‍സില്‍ അടുത്തുള്ള ആശുപത്രിയില്‍ എത്തിക്കാനും നിര്‍ദേശം നല്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തലകറങ്ങിവീണയാളെ സ്ഥലത്തുള്ള ആരോഗ്യപ്രവര്‍ത്തകര്‍ പരിചരിക്കുംവരെ മമത പ്രസംഗം തുടരാനായി കാത്തുനിന്നു. മെഡിക്കല്‍ സംഘം വേണ്ട നടപടികള്‍ സ്വീകരിച്ച ശേഷം മമത ബാനര്‍ജി പ്രസംഗം തുടര്‍ന്നു. കഠിനമായ ചൂടും ഹ്യുമിഡിറ്റിയുമായിരുന്നു മമത പ്രസംഗിക്കാന്‍ എത്തുമ്പോള്‍ സ്ഥലത്തുണ്ടായിരുന്നത്.
ലോക്സഭ തെരഞ്ഞെടുപ്പില്‍ അഞ്ചാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന നാളെ പശ്ചിമ ബംഗാളിലെ ഏഴ് മണ്ഡലങ്ങള്‍ പോളിംഗ് ബൂത്തിലെത്തും. ഹൗറ, ഹൂഗ്ലി, അരംബാഗ്, ബംഗോൺ, ബാരക്ക്പൂർ, സെരാംപൂര്‍, ഉലുബേരിയ എന്നിവയാണ് മെയ് 20ന് ബംഗാളില്‍ പോളിംഗ് ബൂത്തിലെത്തുന്നത്. പശ്ചിമ ബംഗാളിലെ ഏഴ് അടക്കം ആറ് സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായുള്ള 49 ലോക്സഭ മണ്ഡലങ്ങളിലേക്കാണ് നാളെ അഞ്ചാം ഘട്ടത്തില്‍ പോളിംഗ്.