തിരുവനന്തപുരം: ട്രെയിനിൽ യാത്ര ചെയ്ത നിയമ വിദ്യാർഥിനിയെ കടന്നുപിടിക്കാൻ ശ്രമിച്ചയാൾ പിടിയിൽ. ഇന്നലെ രാത്രി വേണാട് എക്സ്പ്രസിൽ നിന്നായിരുന്നു വട്ടിയൂര്‍ക്കാവ് സ്വദേശി സതീഷിനെ റെയിൽവേ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഷൊർണൂർ-തിരുവനന്തപുരം വേണാട് എക്‌സ്പ്രസിൽ എറണാകുളത്ത് നിന്നും തിരുവനന്തപുരത്തേക്കു വരികയായിരുന്നു ലോ കോളെജ് വിദ്യാർഥിനിയായ പെൺകുട്ടി.
വര്‍ക്കലയില്‍ വച്ചാണ് വിദ്യാർഥിനിയെ പ്രതി കടന്നുപിടിക്കാൻ ശ്രമിച്ചത്. ഉടൻ തന്നെ യുവതി പ്രതി അപമര്യാദയായി പെരുമാറിയെന്ന് റെയിൽവേ പൊലീസിൽ പരാതിപ്പെട്ടു. ശേഷം പിതാവിനൊപ്പം സ്റ്റേഷനിൽ നേരിട്ട് ഹാജരായി പരാതി നൽകിയതോടെ തമ്പാനൂര്‍ സ്‌റ്റേഷനിൽ വച്ച് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാൾ ഹൈക്കോടതിയിലെ പ്ലംബിംഗ് ജീവനക്കാരനാണെന്നാണ് വിവരം. സംഭവത്തിൽ പൊലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.