വെള്ളാങ്ങല്ലൂർ (തൃശ്ശൂർ): മുന്നറിയിപ്പില്ലാതെ പ്രവർത്തിപ്പിച്ചതിനെത്തുടർന്ന് കൂറ്റൻ കോൺക്രീറ്റ് മിക്സിങ് യന്ത്രത്തിൽവീണ് ബിഹാർ സ്വദേശിയായ 19-കാരൻ മരിച്ചു. വെസ്റ്റ് ചമ്പാരൻ ജില്ലയിലെ ജമുനിയ വില്ലേജിലെ ഗരീബ് ശാഹി ചന്ദ്രഹ ഭരത് യാദവിന്റെ മകൻ വർമാനന്ദകുമാറാ(19)ണ് മരിച്ചത്.
യന്ത്രത്തിൽപ്പെട്ട് ശരീരമാകെ നുറുങ്ങി കോൺക്രീറ്റിൽ കുഴഞ്ഞ നിലയിലാണ് വർമാനന്ദിന്റെ ശരീരം കുഴലിലൂടെ പുറത്തെത്തിയത്. കോൺക്രീറ്റ് കഴുകിക്കളഞ്ഞ് ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. യന്ത്രത്തിലെ കോൺക്രീറ്റ് കുത്തിക്കളയുകയായിരുന്നു വർമാനന്ദ്. ഇതിനിടെ, പതിവില്ലാത്ത ഒരാൾ യന്ത്രം പ്രവർത്തിപ്പിക്കുകയായിരുന്നുവെന്ന് തൊഴിലാളികൾ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കൊടുങ്ങല്ലൂർ -തൃശ്ശൂർ റൂട്ടിൽ റോഡുപണി ചെയ്യുന്ന അറ്റ്കോൺ കമ്പനിയുടെ വെളയനാട്ടുള്ള പ്ലാന്റിൽ ചൊവ്വാഴ്ച 10-നാണ് സംഭവം. യന്ത്രം പ്രവർത്തിപ്പിക്കുന്നതിനുമുമ്പ് സൈറൺ മുഴക്കാറുണ്ടെന്നും ഇത് ചെയ്യാതെയാണ് പ്രവർത്തിപ്പിച്ചതെന്നും പരാതിയുണ്ട്. പ്രതിഷേധിച്ച തൊഴിലാളികൾ ഓഫീസിന്റെ ജനാലകൾ അടിച്ചുതകർത്തു.
യന്ത്രം പ്രവർത്തിപ്പിച്ച യു.പി. സ്വദേശിയെ പോലീസ് കസ്റ്റഡിയിൽ എടുത്തു. തൃശ്ശൂർ മെഡിക്കൽ കോളേജിലെ പോസ്റ്റുമോർട്ടത്തിനുശേഷം വർമാനന്ദകുമാറിന്റെ മൃതദേഹം ബിഹാറിലേക്ക് കൊണ്ടുപോകും.