ചെന്നൈ: ജോലി സമ്മര്‍ദ്ദം മൂലമുള്ള വിഷാദ രോഗത്തെ തുടര്‍ന്ന് ചെന്നൈയില്‍ 38-കാരന്‍ ജീവനൊടുക്കി. തമിഴ്‌നാട് തേനി സ്വദേശി കാര്‍ത്തികേയനാണ് മരിച്ചത്. സ്വയം ഷോക്കേല്‍പ്പിച്ചാണ് കാർത്തികേയന്‍ ജീവനൊടുക്കിയത്. ഒരു സ്വകാര്യ സ്ഥാപനത്തില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറാണ് കാര്‍ത്തികേയന്‍. ആരാധനാലയങ്ങള്‍ സന്ദര്‍ശിക്കാന്‍ പോയി തിരിച്ചുവന്ന ഭാര്യയാണ് കാര്‍ത്തികേയനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് കാര്‍ത്തികേയന്റെ ഭാര്യ ജയന്തി സുഹൃത്തുക്കള്‍ക്കൊപ്പം ആരാധനാലയങ്ങള്‍ സന്ദര്‍ശിക്കുന്നതിനായി പോയത്. ഇവരുടെ കുട്ടികളെ മാതാപിതാക്കളുടെ അടുത്താക്കിയിരുന്നു. വ്യാഴാഴ്ച ജയന്തി തിരികെ എത്തിയപ്പോള്‍ വീട് അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വാതിലില്‍ മുട്ടിയിട്ടും ആരും തുറക്കാതായതോടെ തന്റെ കൈവശമുള്ള താക്കോല്‍ ഉപയോഗിച്ച് ജയന്തി അകത്തു കയറിയപ്പോഴാണ് കാര്‍ത്തികേയന്‍ നിലത്ത് ബോധരഹിതനായി കിടക്കുന്നത് കണ്ടത്. ശരീരം മുഴുവന്‍ കേബിള്‍ ചുറ്റിയ നിലയിലായിരുന്നു. ജയന്തി ഉടന്‍ തന്നെ അയല്‍ക്കാരെയും പൊലീസിനെയും വിവരം അറിയിച്ചു.
ജോലിയിലെ സമ്മര്‍ദ്ദം കാരണം കാര്‍ത്തികേയന് വിഷാദ രോഗമുണ്ടായിരുന്നുവെന്നും മേഡപ്പാക്കത്തെ ഒരാശുപത്രിയില്‍ ചികിത്സ തേടിയിരുന്നുവെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. ഇ വൈ കമ്പനിയിലെ ചാര്‍ട്ടേഡ് അക്കൗണ്ടന്റും മലയാളിയുമായ അന്ന സെബാസ്റ്റിയന്റെ മരണം രാജ്യമെമ്പാടും ചര്‍ച്ചയായിരിക്കെയാണ് പുതിയ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. ജോലിസമ്മര്‍ദ്ദം കാരണം അന്ന കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു.