കോട്ടയം: മണിമലയിൽ 1500 രൂപ മോഷ്ടിക്കാൻ വയോധികനെ കഴുത്തിൽ തോർത്ത് മുറുക്കി കൊലപ്പെടുത്തിയ കേസിൽ കട്ടപ്പന സ്വദേശിയായ പ്രതിയ്ക്കു ജീവപര്യന്തം കഠിന തടവും കാൽലക്ഷം രൂപ പിഴയും. കട്ടപ്പന വള്ളക്കടവ് കാരക്കുന്നേൽ വിൽസണി ( 40 )നെയാണ് ജില്ലാ സെഷൻസ് കോടതി നാല് ജഡ്ജി എൽസമ്മ ജോസഫ് ശിക്ഷിച്ചത്. പിഴ അടിച്ചില്ലെങ്കിൽ ആറു മാസം കൂടി തടവ് അനുഭവിക്കാനും കോടതി വിധിച്ചു. മണിമല വെള്ളാവൂർ പുളിക്കപീടികയിൽ ബേബി (തോമസ് – 88 )യെ കൊലപ്പെടുത്തിയ കേസിലാണ് പ്രതിയ്ക്ക് ശിക്ഷ വിധിച്ചത്.
2019 മെയ് 21 പകലായിരുന്നു കേസിനാസ്പദമായ സംഭവം. പെൻഷൻ വാങ്ങാനായി വീട്ടിൽ നിന്നും പോയ ബേബി തിരികെ വരാതിരുന്നതോടെ ബന്ധുക്കൾ മണിമല പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയായ വിൽസണിനൊപ്പം ബേബി സംഭവം ദിവസം ഉണ്ടായിരുന്നതായി കണ്ടെത്തിയത്. തുടർന്നു, പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം സംബന്ധിച്ചുള്ള വിവരങ്ങൾ പുറത്തു വന്നത്. സംഭവ ദിവസം ഇരുവരും ഒന്നിച്ചുണ്ടായിരുന്നതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പെൻഷൻ വാങ്ങുന്നതിനായി ബേബിയും, വിൽസണും ഒന്നിച്ചാണ് ബാങ്കിൽ പോയത്. തുടർന്ന് മടങ്ങുന്നതിനിടെ ആടിനെ വാങ്ങി നൽകാമെന്നു വാഗ്ദാനം ചെയ്തു വിൽസൺ ബേബിയെ ആളൊഴിഞ്ഞ പുരയിടത്തിൽ എത്തിച്ചു. തുടർന്നു, കഴുത്ത് മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന്, മൃതദേഹം ഇവിടെ ഉപേക്ഷിച്ച ശേഷം പണവുമായി പ്രതി കടന്നതായാണ് പ്രോസിക്യൂഷൻ കേസ്. കേസ് അന്വേഷിച്ച പൊലീസ് വിൽസണിനെ അറസ്റ്റ് ചെയ്ത ശേഷം പിറ്റേന്ന് പുലർച്ചെ രണ്ടു മണിയോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. തുടർന്നു പ്രതിയെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി. 28 സാക്ഷികളെ വിസ്തരിച്ച പ്രോസിക്യൂഷൻ, 31 പ്രമാണങ്ങളും, 25 തൊണ്ടിമുതലുകളും പ്രോസിക്യൂഷൻ ഹാജരാക്കി. പ്രോസിക്യൂഷനു വേണ്ടി അഡ്വ.ഗിരിജ ബിജു കോടതിയിൽ ഹാജരായി.