ഗാന്ധിനഗർ:മണ്ഡല മകരവിളക്കു കാലത്ത് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സ തേടിയെത്തിയ ശബരിമല തീർത്ഥാടകരുടെ എണ്ണത്തിൽ മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ വൻ വർദ്ധനവാണ് ഉണ്ടായത്. ഈ തീർത്ഥാടന കാലം അവസാനിച്ച ജനുവരി 20 വരെ 356 ശബരിമല തീർത്ഥാടകരെയാണ് ഇവിടെ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചത്.ചെറുതും വലുതുമായ അപകടങ്ങളിൽ പെട്ടും, മലകയറുമ്പോഴും ഇറങ്ങുമ്പോഴുമുണ്ടായ ദേഹാസ്വാസ്ഥ്യങ്ങളെ തുടർന്നുമാണ് ഇവരെ ചികിത്സയ്ക്കായി എത്തിച്ചത്. 2022 നവമ്പർ 17നാണ് മണ്ഡലവ്രതം ആരംഭിച്ചത്. ഈ തീർത്ഥാടന കാലത്തെ ആദ്യ അപകടം19 ന് ളാഹയിൽ വച്ച് തമിഴ്നാട്ടിൽ നിന്നു വന്ന സംഘം സഞ്ചരിച്ച വാഹനം മറിഞ്ഞതാണ്.ഇതിൽ പരിക്കേറ്റ അഞ്ചു പേരെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു.
ഇതിൽ 8 വയസ്സുകാരനായ മണികണ്ഠന് ഗുരുതര പരിക്കേറ്റ് ആഴ്ചകളോളം മെഡിക്കൽ കോളേജിലും കുട്ടികളുടെ ആശുപത്രിയിലുമായി ചികിത്സയിൽ കഴിയേണ്ടിവന്നു.പിന്നീട് കുട്ടി പൂർണ്ണ ആരോഗ്യം വീണ്ടെടുത്ത് ആശുപത്രി വിട്ടു.ഇതേ അപകടത്തിൽപ്പെട്ട് ഗോപി (33) എന്നയാൾ ഇപ്പോഴും മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഇദ്ദേഹത്തിന് നാല് ശസ്ത്രക്രീയകൾ നടത്തിക്കഴിഞ്ഞു.ഇനിയും ഒരു ശസ്ത്രക്രീയകൂടി ചെയ്യണമെന്ന് ഡോക്ടർമാർ പറയുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതേ കാലയളവിൽ തീർത്ഥാടകരായ 14 പേർ മെഡിക്കൽ കോളേജിൽ ചികിത്സയിരിക്കെ മരണപ്പെട്ടു. ഇതും മെഡി ക്കൽ കോളജിനെ സംബന്ധിച്ച് ആദ്യ സംഭവമാണ്.
കോവിഡു കാലത്തിനു മുൻപു പോലും പത്തിനു താഴെ തീർത്ഥാടകരാണ് ചികിത്സയിലിക്കെ മരണെപ്പെട്ടിട്ടുള്ളത്. മൂന്നു പേരുടെ മൃതദേഹങ്ങൾ ഇവിടെ എത്തിച്ച് പോസ്റ്റ്മോർട്ടത്തിനു ശേഷം വിട്ടു കൊടുത്തിട്ടുമുണ്ട്.അഴുതയിൽ മുങ്ങി മരിച്ച കിളിമാനൂർ സ്വദേശി അഭിലാഷ് (31), ചെങ്ങന്നൂർ റെയിൽവെ സ്റ്റേഷനിൽ വച്ച് കുഴഞ്ഞു വീണു മരിച്ച ശേഖര പൂജാരി (68) എരുമേലിയിൽ വച്ച് മരിച്ച് കോട്ടയം ജില്ലാ ആശുപത്രിയിൽ നിന്നും ഇവിടെ എത്തിച്ച കാസർഗോഡു സ്വദേശി നവീൻകുമാർ എന്നീ തീർത്ഥാടകരുടെ മൃതദേഹങ്ങളാണ് ഇവിടെ എത്തിച്ച് പോസ്റ്റ്മോർട്ടം നടത്തി വിട്ടു നല്കിയത്.
കൂടുതൽ മരണങ്ങളും രേഖപ്പെടുത്തിയത് ഹൃദ്രോഗം മൂലമാണ്.മെഡിക്കൽ കോളേജിൽ നിലവിൽ ഏഴു തീർത്ഥാടകർ കൂടി ചികിത്സയിലുണ്ട്.ഇവരും കൂടി ആശുപത്രി വിട്ടു കഴിയുമ്പോൾ ഈ വർഷത്തെ ശബരിമല ഹെൽപ്പ് ഡെസ്കിൻ്റെ പ്രവർത്തനവും അവസാനിക്കും. സേവാഭാരതി, അയ്യപ്പസേവാസംഘം, അഭയം എന്നീ സന്നദ്ധ സംഘടനകളുടെയും ദേവസ്വം ബോർഡിൻ്റെയും പ്രവർത്തകരാണ് ഹെൽപ്പ് ഡെസ്കിൽ 24 മണിക്കൂറും അയ്യപ്പന്മാരുടെ സഹായത്തിനായി പ്രവർത്തിച്ചത്.