കോട്ടയം: മണർകാട് പള്ളിയിലെ തർക്കത്തെച്ചൊല്ലിയുണ്ടായ സംഘർഷത്തിൽ യുവാവിനെ ആക്രമിച്ച കേസിൽ ആറു പേർക്കെതിരെ കേസ്. മണർകാട് മാലം തുരുത്തിപ്പടി ഭാഗത്ത് തെക്കേൽവീട്ടിൽ ജോബിൻ വർഗീസിനെയാണ് (31) പ്രതികൾ ആക്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മണർകാട് സ്വദേശികളായ കുരിയൻ സ്‌കറിയ, കണ്ണൻ, മോട്ടി, എൽദോ, എൽസൺ, അഭിജിത്ത് രവി എന്നിവരെ മണർകാട് പൊലീസ് അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്തു.
കഴിഞ്ഞ ഡിസംബർ 22 നായിരുന്നു കേസിനാസ്പദമായ സംഭവം. മണർകാട് പള്ളിയിലെ തർക്കവുമായി ബന്ധപ്പെട്ട് പ്രതികൾ നേരത്തെ ജോബിന്റെ പിതാവിനെ അടക്കം ഭീഷണിപ്പെടുത്തിയിരുന്നു. മണർകാട് പള്ളിയുടെ വാട്‌സ്അപ്പ് ഗ്രൂപ്പിൽ തിരഞ്ഞെടുപ്പ് സംബന്ധിച്ചുള്ള ചർച്ചകൾക്കിടെയുണ്ടായ തർക്കത്തിനിടെ കഴിഞ്ഞ 24 നാണ് പ്രതികൾ ജോബിനെയും പിതാവിനെയും റോഡിൽ തടഞ്ഞു നിർത്തി ആക്രമിച്ചത്. സംഭവ ദിവസം രാവിലെ പത്ത് മണിയോടെ മാലം മഹിമ സ്റ്റുഡിയോ ഭാഗത്ത് വച്ചാണ് അക്രമികൾ സംഘം ചേർന്ന് ജോബിനെയും പിതാവിനെയും സുഹൃത്തുക്കളെയും ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതി. ഇതേ തുടർന്നു രാത്രി 11 ന് പ്രതികൾ സംഘം ചേർന്ന് വീട്ടിലെത്തി വീണ്ടും അക്രമം നടത്തിയെന്നാണ് പരാതി. ഇതേ തുടർന്ന് ഇവർ മണർകാട് പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇതേ തുടർന്ന് മണർകാട് പൊലീസ് കേസെടുക്കുകയും പ്രതികളെ അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്യുകയും ചെയ്തു.