മണർകാട് : ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തിഡ്രലിന്റെ സ്ഥാപിത ചരിത്രത്തിന്റെ ഓർമ്മയെ സ്മരിച്ചു കൊണ്ട് പരിശുദ്ധ ദൈവമാതാവിന്റെ ജനന പെരുന്നാളിനോടനുബന്ധിച്ച് ആണ്ടു തോറും നടത്തി വരുന്ന എട്ടുനോമ്പ് പെരുന്നാൾ, ഈ വർഷവും പൂർവ്വാധികം ഭംഗിയായി സെപ്തംബർ 1 മുതൽ 8 വരെ തിയതികളിൽ നടത്തപ്പെടുകയാണ്. പെരുന്നാൾ പരിപാടികളുടെ ക്രമീകരണങ്ങളുടെ ഭാഗമായി പള്ളി പരിസരങ്ങളിൽ പന്തൽ തയ്യാറാക്കുന്ന പണികൾ പ്രോഗ്രാം കോർഡിനേറ്റർ വെരി. റവ. കെ. കുറിയാക്കോസ് കോർ എപ്പിസ്കോപ്പാ കിഴക്കേടത്ത്, ഇടവകയിലെ മറ്റു വൈദീകരുടെയും ട്രസ്റ്റിമാരായ ശ്രീ പി.എ. ഏബ്രഹാം
പഴയിടത്തുവയലിൽ, ശ്രീ വർഗീസ് ഐപ്പ് മുതലുപടി, ഡോ. ജിതിൻ കുര്യൻ ആൻഡ്രൂസ് ചിരവത്തറ, കത്തീഡ്രൽ സെക്രട്ടറി ശ്രീ വി.ജെ.ജേക്കബ് വാഴത്തറ എന്നിവരുടെ സാന്നിദ്ധ്യത്തിൽ പ്രാർത്ഥിച്ച് ആരംഭിച്ചു.
സെപ്തംബർ 1ന് പെരുന്നാളിന് പ്രാരംഭം കുറിച്ച് കൊടിയേറ്റുന്നതാണ്. സെപ്തംബർ 7-ന് ചരിത്ര പ്രസിദ്ധമായ നടതുറക്കൽ നടത്തും. 1 മുതൽ നട അടയ്ക്കുന്ന സെപ്തംബർ 14 വരെ എല്ലാ ദിവസവും പരിശുദ്ധ സഭയിലെ അഭിവന്ദ്യ മെത്രാപ്പോലീത്താമാർ വിശുദ്ധ കുർബ്ബാന അർപ്പിക്കും. പരിശുദ്ധ ദൈവമാതാവിന്റെ മദ്ധ്യസ്ഥതയിൽ അഭയപ്പെട്ട് വിവിധ മതസ്ഥരായ ലക്ഷോപലക്ഷം ഭക്തജനങ്ങളാണ് പെരുന്നാൾ കാലയളവിൽ എല്ലാ വർഷവും മണർകാട് പള്ളിയിൽ എത്തി പ്രാർത്ഥിച്ച് അനുഗ്രഹം പ്രാപിക്കുന്നത്.