കൊച്ചി: മാനസിക വെല്ലുവിളി നേരിടുന്ന 17കാരിയുടെ ആറരമാസം പ്രായമായ ഗർഭസ്ഥ ശിശുവിനെ പുറത്തെടുക്കാൻ ഹൈക്കോടതി അനുമതി നൽകി.
പെൺകുട്ടി അയൽവാസിയിൽ നിന്ന് ഗർഭിണിയായ വിവരം ആറരമാസം കഴിഞ്ഞാണ് വീട്ടുകാർ അറിയുന്നത്. മെഡിക്കൽ ടെർമിനേഷൻ പ്രെഗ്‌നൻസ് ആക്ട് പ്രകാരം 24 ആഴ്ച വളർച്ചയെത്തിയാൽ ഗർഭം അലസിപ്പിക്കാനാകില്ല. സംഭവം അറിഞ്ഞതുമുതൽ പെൺകുട്ടിയുടെ മാനസികാവസ്ഥ മോശമായതിനെ തുടർന്ന് മാതാവ് കോടതിയെ സമീപിക്കുകയായിരുന്നു.
കോടതിയുടെ അനുമതിയുണ്ടെങ്കിൽ മാത്രമേ ആശുപത്രി അധികൃതർ ഗർഭസ്ഥ ശിശുവിനെ പുറത്തെടുക്കൂവെന്നാണ് ഹർജിക്കാരി കോടതിയെ അറിയിച്ചത്. കണ്ണൂർ മെഡിക്കൽ കോളേജ് സൂപ്രണ്ടിനോട് മെഡിക്കൽ ബോർഡ് രൂപീകരിക്കാനും പെൺകുട്ടിയെ പരിശോധിക്കാനും നിർദ്ദേശം നൽകിയിരുന്നു. ഗർഭസ്ഥ ശിശുവിന് മറ്റ് പ്രശ്‌നങ്ങളില്ലെന്ന് മെഡിക്കൽ ബോഡ് റിപ്പോർട്ട് നൽകിയിരുന്നു.