കോട്ടയം: പത്തനംതിട്ട മണിയാർ ജലവൈദ്യുത പദ്ധതിയുടെ കരാർ സ്വകാര്യ കമ്പനിയ്ക്ക് പുതുക്കി നല്കാതെ ഏറ്റെടുക്കാൻ കെ എസ് ഇ ബി തയാറാകണമെന്ന് കേരളാ കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫ് . 12 മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കാൻ ശേഷിയുള്ള വൈദ്യുത പദ്ധതിയാണ് മണിയാർ . കാർബൊറണ്ടം യൂണിവേഴ്സൽ കമ്പനിയുമായുള്ള കെ എസ് ഇ ബി യുടെ കരാർ ഈ മാസം അവസാനിക്കുകയാണ്. ബിഒടി വ്യവസ്ഥയിൽ ഉല്പാദനം തുടങ്ങിയതു മുതൽ 30 വർഷത്തേക്ക് കമ്പനിയ്ക്ക് പദ്ധതി കൈവശം വയ്ക്കാം. 1994 ൽ ഉല്പാദനം തുടങ്ങിയ പദ്ധതി കരാർ പ്രകാരം ഇക്കൊല്ലം കെ എസ് ഇ ബി യ്ക്കു കൈമാറണം. പദ്ധതിയുടെ ഉപകരണങ്ങളും കെട്ടിടങ്ങളും വൈദ്യുതീകരണ സംവിധാനങ്ങളും ഉൾപ്പെടെ ഭൂമി പൂർണ്ണമായും കെ എസ് ഇ ബി യ്ക്കു കൈമാറേണ്ടതുണ്ട്. കരാർ പുതുക്കി നൽകാതെ പദ്ധതി ഏറ്റെടുക്കാൻ കെ എസ് ഇ ബി യും സംസ്ഥാന സർക്കാരും തയാറാകണമെന്നും ജോസഫ് ആവശ്യപ്പെട്ടു.