തിരുവനന്തപുരം : കല്ലുവാതുക്കല്‍ വ്യാജമദ്യ ദുരന്തക്കേസില്‍ പ്രതിയായ അബ്കാരി മണിച്ചന്റെ 20 കോടി രൂപ വില്പനനികുതി കുടിശിക എഴുതിത്തള്ളാന്‍ വാണിജ്യ നികുതി കമ്മിഷണറുടെ ശിപാര്‍ശ. മന്ത്രിസഭ ഇക്കാര്യത്തില്‍ തീരുമാനം കൈകൊള്ളും. മണിച്ചന്റെ സാമ്ബത്തിക ദുരവസ്ഥ കണക്കിലെടുത്താണ് ശിപാര്‍ശ. ഒരുകാലത്ത് കോടികള്‍ കൈയിലിട്ട് അമ്മാനമാടിയിരുന്ന മണിച്ചന് ഇപ്പോള്‍ ഒരു ദിവസം കഴിഞ്ഞു പോകാന്‍ പെടാപ്പാട് പെട്ട് കൊടിയ ദാരിദ്ര്യത്തിലാണ്.
നേരത്തെ തുകയില്‍ ഇളവു അനുവദിക്കാന്‍ ഹൈക്കോടതി വിസമ്മതം പ്രകടിപ്പിച്ചിരുന്നു. പൂര്‍ണമായും ഒഴിവാക്കി കൊടുക്കാനാണ് വാണിജ്യ നികുതി കമ്മിഷണര്‍ സര്‍ക്കാരിലേക്ക് നല്കിയ ശിപാര്‍ശ. മന്ത്രിസഭ പരിഗണിച്ച് പ്രത്യേക ഉത്തരവ് ഇറക്കിയാല്മാത്രമേ നടപടി ഉണ്ടാകൂ.കല്ലുവാതുക്കല്‍ വ്യാജമദ്യ ദുരന്തക്കേസില്‍ പ്രതിയായി മണിച്ചന് എന്ന ചന്ദ്രന് ജയിലിലായതിനു പിന്നാലെ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തി പിടികൂടിയ രേഖകളുടെ അടിസ്ഥാനത്തിലാണ് വില്പന നികുതി കണക്കാക്കിയത്. ഇളവ് തേടി 2007-ല്‍ മണിച്ചന് ഹൈക്കോടതിയെ സമീപിക്കുമ്ബോള്‍ തുക എട്ടുകോടി ആയിരുന്നു. അപേക്ഷ ജസ്റ്റിസ് തോട്ടത്തില്‍ രാധാകൃഷ്ണന്റെ ബെഞ്ച് തള്ളിയ ശേഷം ഡിവിഷന് ബെഞ്ചില്‍ അപ്പീല്‍ ഫയല്‍ ചെയ്തെങ്കിലും അതും നിരസിക്കപ്പെട്ടു. 15 വര്‍ഷം എത്തുമ്ബോള്‍ പലിശ സഹിതം കുടിശിക നേരേ ഇരട്ടിയിലധികമായി. ഇതാണ് എഴുതിത്തള്ളാന്‍ നീക്കം തുടങ്ങിയത്. തുക ഒടുക്കാനാവില്ലെന്നും വരുമാന മാര്‍ഗം ഒന്നുമില്ലെന്നും കാണിച്ച് മണിച്ചന്റെ നല്കിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് വാണിജ്യ നികുതി വകുപ്പിന്റെ ശിപാര്‍ശ. ശിപാര്ശയിന്മേല് തയാറാക്കിയ ഫയല്‍ മന്ത്രി കെ.എന്‍. ബാലഗോപാലിനും തുടര്‍ന്ന് തീരുമാനം മന്ത്രിസഭയും കൈക്കൊള്ളും.