മണിപ്പുര്‍ : അതിക്രമം നേരിട്ട കുക്കി സ്ത്രീകളുടെ മൊഴിയെടുക്കുന്നത് നിര്‍ത്തിവെക്കണമെന്ന് സിബിഐയോട് സുപ്രീം കോടതി.2 മണി വരെ കാത്ത് നില്ക്കാന് സിബിഐ ഉദ്യോഗസ്ഥരോട് കോടതി നിര്‍ദ്ദേശിച്ചു.മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഉച്ചയ്ക്ക് പരിഗണിക്കാനിരിക്കെയാണ് കോടതിയുടെ നിര്‍ദ്ദേശം.
2 മണി വരെ മൊഴിയെടുക്കുന്നത് നിര്‍ത്തണമെന്ന് സിബിഐ ഉദ്യോഗസ്ഥരോട് ആവശ്യപ്പെടാൻ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത്തെയ്ക്കാണ് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് നിര്‍ദേശം നല്‍കിയത്. അതിക്രമത്തിനിരയായ സ്ത്രീകളോട് ഇന്ന് നേരിട്ട് ഹാജരാകണമെന്ന് സിബിഐ ആവശ്യപ്പെട്ടതായി ഇരകളുടെ അഭിഭാഷകനായ നിസാം പാഷ അറിയിച്ചിരുന്നു. തുടര്‍ന്ന് സോളിസിറ്റര്‍ ജനറലിനോട് സുപ്രീം കോടതി ഇത് സംബന്ധിച്ച് വിശദാംശം തേടി. എന്നാല്‍ തനിക്ക് അതിനെ കുറിച്ച് അറിയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതോടെ ഞങ്ങള്‍ 2 മണിക്ക് കേസ് വീണ്ടും പരിഗണിക്കാനിരിക്കുകയാണെന്നും സ്ത്രീകളുടെ മൊഴിയെടുക്കുന്നത് അതുവരെ നിര്‍ത്തിവെയ്ക്കാൻ സിബിഐയോട് ആവശ്യപ്പെടണമെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. കേസ് സിബിഐ അന്വേഷിക്കുന്നതിനെതിരെ അതിക്രമത്തിനിരയായ രണ്ട് സ്ത്രീകളും നേരത്തേ എതിര്‍പ്പ് അറിയിച്ചിരുന്നു. കേന്ദ്രത്തിന് കീഴിലുള്ള സിബിഐ അന്വേഷിക്കുന്നത് നിഷ്പക്ഷമായിരിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. കേസില്‍ സ്വതന്ത്ര അന്വേഷണം വേണമെന്ന ആവശ്യമാണ് ഇരുവരും മുന്നോട്ട് വെച്ചത്.
മണിപ്പൂര്‍ വിഷയം സിബിഐയോ എസ് എ ടിയോ അന്വേഷിച്ചാല്‍ പോരെന്ന നിലപാടായിരുന്നു സുപ്രീം കോടതി മുന്നോട്ട് വെച്ചത്. കേസ് അന്വേഷണത്തിന് പ്രത്യേക സമിതിയെ ചുമതലപ്പെടുത്തുമെന്നും കോടതി വ്യക്തമാക്കിയിരുന്നു. വിരമിച്ച സുപ്രീം കോടതി ജഡ്ജിമാരെ ഉള്‍പ്പെടുത്തിയുള്ള സമിതി ആയിരിക്കും കോടതി രൂപീകരിച്ചേക്കുക. സമിതിയില്‍ ഉള്‍പ്പെടുത്തേണ്ടവരുടെ പേരുകള്‍ നിര്‍ദ്ദേശിക്കാൻ കോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.