ഭരണകൂടത്തിന്റെ തണലിൽ മണിപ്പൂരിൽ സ്ത്രീകൾക്ക് നേരെ നടത്തിയ പൈശാചികവും ക്രൂരവുമായ പീഢനത്തിനെതിരെ മഹാത്മഗാന്ധി യൂണിവേഴ്സിറ്റി എംപ്ലോയീസ് അസോസിയേഷൻ വനിതാ സബ് കമ്മിറ്റിയും സംസ്കാരയും ചേർന്ന് എം ജി യൂണിവേഴ്സിറ്റി ക്യാംപസിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. സംസ്കാരയുടെ പ്രസിഡന്റ് സജിമോൻ എം റ്റി അധ്യക്ഷനായ കൂട്ടായ്മയിൽ കോൺഫെഡറേഷൻ ജോയിന്റ് സെക്രട്ടറി സ: ജെ ലേഖ, എംപ്ലോയീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ പി ശ്രീനി, അസോസിയേഷൻ പ്രസിഡന്റ് രാജേഷ് കുമാർ കെ റ്റി, സെനറ്റ് അംഗം സ: സുരേഷ് എം എസ് എന്നിവർ പങ്കെടുത്തു.
എല്ലാ കലാപങ്ങളുടേയും ആത്യന്തികമായ ഇരകൾ സ്ത്രീകളും കുഞ്ഞുങ്ങളും ആണെന്നും പച്ചയായ ഭരണഘടനാ ലംഘനമാണ് മണിപ്പൂരിൽ നടക്കുന്നതെന്നും മാസങ്ങളായി തുടരുന്ന കലാപത്തിൽ കേന്ദ്രസർക്കാർ കാണിക്കുന്ന നിസ്സംഗത അപകടകരമാണെന്നും ജെ ലേഖ അഭിപ്രായപ്പെട്ടു. വെറുപ്പ് ഒരിക്കൽ വിതച്ചാൽ അത് ഇരട്ടിയായി വളരുമെന്നും കലാപത്തിനെ വർഗീയത വളർത്തുന്നതിനുളള ആയുധമാക്കുന്ന സംഘപരിവാറിന്റെ തന്ത്രം തിരിച്ചറിയണമെന്നും കെ പി ശ്രീനി ആഹ്വാനം ചെയ്തു. സ്ത്രീപുരുഷ ഭേദമെന്യേ സർവകലാശാല ജീവനക്കാർ പങ്കെടുത്ത കൂട്ടായ്മയിൽ എംപ്ലോയീസ് അസോസിയേഷൻ വനിതാ സബ്കമ്മിറ്റി കൺവീനർ ജെസ്സിനി കെ ചെല്ലപ്പൻ സ്വാഗതവും സംസ്കാരയുടെ സെക്രട്ടറി ഷാൻ എസ് കൃതജ്ഞതയും പറഞ്ഞു.