കോട്ടയം: നൂറ് കിലോയിലധികം പഴകിയ മീൻ പിടികൂടിയ മണിപ്പുഴയിലെ കടയിലെ മീൻ കള്ളന് പോലും വേണ്ട. വെള്ളിയാഴ്ച പുലർച്ചെ ഭക്ഷ്യ സുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിലാണ് മണിപ്പുഴയിലെ വിഷ്ണു എന്നയാളുടെ ഉടമസ്ഥതയിലുള്ള കടയിൽ നിന്നും, തൊട്ടടുത്ത മറ്റൊരു മീൻ കടയിൽ നിന്നും നൂറ് കിലോയിലധികം പഴകിയ മീൻ പിടികൂടിയത്. ഈ മീൻ കടയിൽ ഒരാഴ്ച മുൻപ് രസകരമായ മോഷണം അരങ്ങേറിയ വിവരം വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് പുറത്ത് വന്നത്.
ദിവസങ്ങൾക്കു മുൻപ് ഈ കടയിൽ എത്തിയ മോഷ്ടാവ് വിലകൂടിയ വിള ഇനത്തിൽപ്പെട്ട മൂന്നു മീനുകൾ മോഷ്ടിച്ചിരുന്നു. നല്ല വില ലഭിക്കുന്ന ഈ മീൻ കടയിൽ നിന്നും മോഷ്ടിച്ചെടുക്കുകയാണ് ഇയാൾ ചെയ്തത്. ഈ മീൻ കാണാനില്ലെന്ന് കണ്ടെത്തിയ ഉടമ പൊലീസിൽ പരാതി നൽകാനടക്കം തയ്യാറെടുക്കുകയായിരുന്നു. എന്നാൽ, പിറ്റേന്ന് പുലർച്ചെ കട തുറക്കാനെത്തിയ ഉടമയും സംഘവും ഞെട്ടി..! മോഷ്ടാവ് കവർന്ന മീൻ കടയ്ക്കു മുന്നിൽ ചിതറിക്കിടക്കുന്നു. കടയുടെ വിവിധ ഭാഗത്ത് വലിച്ചെറിഞ്ഞ നിലയിലായിരുന്നു മീൻ കിടന്നിരുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇത് എന്തുകൊണ്ടാണ് മോഷ്ടാവ് ആ മീൻ തിരികെ ഉപേക്ഷിച്ചതെന്ന് അന്ന് നാട്ടുകാർക്ക് പിടികിട്ടിയില്ല. എന്നാൽ, വെള്ളിയാഴ്ച പുലർച്ചെ കടയിൽ നിന്നും പഴകിയ മീൻ പിടികൂടിയപ്പോൾ നാട്ടുകാർക്ക് മനസിലായി മോഷ്ടാവ് കടയ്ക്കു മുന്നിൽ മീൻ ഉപേക്ഷിച്ചതിന്റെ യഥാർത്ഥ കാരണം. പഴക്കം മൂലം ചീഞ്ഞളിഞ്ഞ മീനാണ് മോഷ്ടാവിനും കടയിൽ നിന്നും ലഭിച്ചത്. ഈ മീൻ കൊണ്ട് ഉപയോഗമില്ലെന്നു കണ്ടാണ് ഇയാൾ ഇത് കടയ്ക്കു മുന്നിൽ ഉപേക്ഷിച്ചതെന്നാണ് ഇപ്പോൾ വ്യക്തമായിരിക്കുന്നത്.
എന്നാൽ, നൂറു കിലോയിലധികം പഴകിയ മീൻ പിടിച്ചെടുത്തിട്ടും നടപടിയെടുക്കാൻ അധികൃതർ തയ്യാറാകുന്നില്ലെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. നൂറു കിലോയിലധികം മീൻ പിടിച്ചെടുത്തിട്ടും ഈ രണ്ടു കടകളും ഇപ്പോഴും തുറന്ന് പ്രവർത്തിക്കുകയാണ്.
മൂലവട്ടം മണിപ്പുഴയിൽ മേൽപ്പാലത്തിലേയ്ക്കു കയറുന്നതിനു മുൻപ് റോഡരികിൽ വഴിയോരത്ത് പന്തൽ കെട്ടി തുറന്നു വച്ചിരിക്കുന്ന മീൻകടകളാണ് നാട്ടുകാർക്ക് ജീവനു പോലും ഭീഷണിയായി മാറിയിരിക്കുന്നത്. വെള്ളിയാഴ്ച പുലർച്ചെയാണ് ഈ മീൻകടയിൽ നിന്നും ഭക്ഷ്യസുരക്ഷാ വിഭാഗവും, ഫിഷറീസ് വകുപ്പും, നഗരസഭയും സംയുക്തമായി പരിശോധന നടത്തിയത്. ഈ പരിശോധനയിലാണ് നൂറുകിലോയിലധികം മീൻ പിടിച്ചെടുത്തത്.