കോട്ടയം: കാപ്പാ കേസിൽ പ്രതിയായ യുവാവ് നാട്ടിലിറങ്ങി സാധാരണക്കാരെ ഭീഷണിപ്പെടുത്തിയ കേസിൽ അറസ്റ്റിൽ. കടുവാക്കുളം സ്വദേശിയും കാപ്പാ കേസിൽ പ്രതിയുമായ വിനീതിനെയാണ് ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്തത്. കാപ്പ നിയമ ലംഘനത്തിനും മണിപ്പുഴ സ്വദേശിയെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിലാണ് ഇയാളെ റിമാൻഡ് ചെയ്തത്. ചിങ്ങവനം എസ് എച്ച് ഒ ഇൻസ്പെക്ടർ അനിൽകുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
കഴിഞ്ഞ ദിവസം മണിപ്പുഴ ഭാഗത്ത് ജ്യൂസ് കട നടത്തുന്ന പിതാവിനെയും മകനെയും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ വിനീതിനെതിരെ ഇവർ ജില്ലാ പൊലീസ് മേധാവിയ്ക്ക് പരാതി നൽകിയിരുന്നു. ചിങ്ങവനം പൊലീസ് സ്റ്റേഷൻ പരിധിയിൽ നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയാണ് വിനീത്. ഇയാൾ ലഹരി മാഫിയ സംഘാഗമാണ് എന്നും പരാതി ഉയർന്നിരുന്നു. നേരത്തെ മണിപ്പുഴയിൽ കട നടത്തുന്ന മൂലവട്ടം സ്വദേശിയുടെ മകനെ വിനീതും സംഘവും തട്ടിക്കൊണ്ടു പോയി മർദിച്ചിരുന്നു. ഈ കേസിൽ വിനീതിന് എതിരെ ഈസ്റ്റ് പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ഇത് അടക്കമുള്ള കേസുകളിൽ വിനീത് ജാമ്യം നേടിയിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുടർന്നാണ് കഴിഞ്ഞ ശനിയാഴ്ച മൂലവട്ടം സ്വദേശി കട നടത്തുന്ന മണിപ്പുഴ ഭാഗത്ത് എത്തി ഇയാൾ ഭീഷണി മുഴക്കിയത്. കടയിൽ ആരുമില്ലാതിരുന്ന സമയത്ത് എത്തിയ പ്രതി ഭീഷണി മുഴക്കിയ ശേഷം അച്ഛനെയും മകനെയും വെട്ടിക്കൊല്ലുമെന്ന് സമീപത്തെ മറ്റൊരു കട ഉടമയോടെ പറയുകയായിരുന്നു. ഈ വിഷയത്തിൽ കട ഉടമയും മകനും ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദിന് പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ ജില്ലാ പൊലീസ് അന്വേഷണം നടത്താൻ ചിങ്ങവനം പൊലീസിനു നിർദേശവും നൽകി. ഇതിന് ശേഷമാണ് വിനീതിനെ ഇപ്പോൾ പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തത്.