മലപ്പുറം: കുട്ടികൾക്ക് മുണ്ടിനീര് പടർന്നു പിടിച്ചതോടെ സ്കൂളിന്റെ പ്രവർത്തനം താത്കാലികമായി നിർത്താൻ ആരോഗ്യ വകുപ്പിന്റെ നിർദേശം. മഞ്ചേരി നറുകര നസ്രത്ത് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാർഥികളിലാണ് രോഗ വ്യാപനം കണ്ടെത്തിയത്. ഒന്ന്, രണ്ട് ക്ലാസുകളിലെ 30 ഓളം കുട്ടികള്‍ക്കാണ് രോഗബാധ.
ഇതോടെ ഒന്ന് മുതല്‍ നാല് വരെ ക്ലാസുകളാണ് അടച്ചിടാൻ നിർദേശം നല്‍കിയത്. കഴിഞ്ഞ മാസം മുതലാണ് കുട്ടികളില്‍ രോഗം ബാധിച്ചത്. ഒന്നോ രണ്ടോ കുട്ടികള്‍ക്കാണ് ആദ്യം ലക്ഷണം കണ്ടത്. പിന്നീട് മറ്റു കുട്ടികളിലേക്ക് പടരുകയായിരുന്നു. മുൻകരുതലിന്റെ ഭാഗമായി മഞ്ചേരി ഗവണ്മെന്റ് മെഡിക്കല്‍ കോളജില്‍ നിന്നുള്ള വിദഗ്ധ സംഘം സ്കൂളിലെത്തി കുട്ടികളുടെ ആരോഗ്യ സ്ഥിതി പരിശോധിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആരോഗ്യ വകുപ്പ് അധികൃതരുടെ നിർദേശത്തെ തുടർന്ന് രോഗം പടരാതിരിക്കാനാണ് ക്ലാസുകള്‍ നിർത്തി വെച്ചതെന്ന് സ്കൂള്‍ അധികൃതർ പറഞ്ഞു. രോഗം ഭേദമാകാൻ രണ്ടാഴ്ച വരെ സമയമെടുക്കും. രോഗബാധയുള്ള കുട്ടികളുടെ രക്ഷിതാക്കളുമായി ആരോഗ്യ വകുപ്പ് അധികൃതർ നിരന്തരം ബന്ധപ്പെട്ട് സ്ഥിതിഗതികള്‍ വിലയിരുത്തും.