ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന് രാജ്യം ഇന്ന് വിട നല്‍കും. നിഗംബോധ് ഘട്ടിലാണ് സംസ്കാര ചടങ്ങുകള്‍ നടക്കുക. സ്മാരകം നിർമ്മിക്കാൻ കഴിയാവുന്ന ഇടത്ത് സംസ്കാരം നടത്താൻ അനുവദിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് സ്മാരകത്തിന് സ്ഥലം അനുവദിക്കുമെന്നും ഒരു ട്രസ്റ്റ് രൂപീകരിച്ച് സ്ഥലം കൈമാറുമെന്നും കേന്ദ്രം അറിയിച്ചു. ഇക്കാര്യത്തില്‍ കേന്ദ്രം മറുപടി വൈകിച്ചതിനെതിരെ പ്രതിഷേധം ഉയർന്നിരുന്നു.
ഡല്‍ഹി മോത്തിലാല്‍ നെഹ്റു മാർഗിലെ വസതിയിലുള്ള മൻമോഹൻ സിംഗിന്റെ മൃതദേഹം രാവിലെ എട്ട് മണിയോടെ എഐസിസി ആസ്ഥാനത്ത് എത്തിച്ചു. 8.30 മുതല്‍ 9.30 വരെയാണ് എഐസിസിയില്‍ പൊതുദർശനം ക്രമീകരിച്ചിട്ടുള്ളത്. ശേഷം വിലാപയാത്രയായിട്ടായാണ് മൃതദേഹം സംസ്കാര സ്ഥലമായ നിഗംബോധ് ഘട്ടിലേക്ക് കൊണ്ടുപോകുക. 11.45ന് നിഗം ബോധ്ഘട്ടില് പൂർണ സൈനിക ബഹുമതിയോടെ സംസ്കാര ചടങ്ങുകള്‍ നടക്കും.