ന്യൂഡൽഹി: അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിൻ്റെ ചിതാഭസ്മം യമുനഘട്ടിൽ നിമഞ്ജനം ചെയ്തു. ഗുരുദ്വാര മജ്ന ഘാട്ടിയ്ക്ക് സമീപമുള്ള യമുനാ ഘാട്ടിയിലാണ് അസ്തി ഒഴുക്കിയത്. ചിതാഭസ്മം ഇന്ന് നേരത്തെ ഗുരുദ്വാര മജ്‌നു കാ തില സാഹിബിൽ എത്തിച്ചിരുന്നു.
ഗുരുദ്വാരയിൽ ശബാദ് കീർത്തനം (ഗുരു ഗ്രന്ഥ് സാഹിബിൻ്റെ സംഗീത പാരായണം), പാത്ത് (ഗുർബാനി പാരായണം), അർദാസ് എന്നിവ ഉൾപ്പെടെയുള്ള ആചാരങ്ങൾ നടത്താനൊരുങ്ങുകയാണ് മൻമോഹൻ സിങിന്റെ കുടുംബം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
യമുനയിലെ നിമഞ്ജനത്തിനു ശേഷം അർദാസ് (പ്രാർത്ഥനകൾ)നായി കുടുംബാംഗങ്ങൾ ഗുരുദ്വാരയിൽ എത്തുമെന്നും രാജ്യസഭാ എംപി വിക്രംജിത് സിംഗ് സാഹ്‌നി പറഞ്ഞു. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങിന്റെ സംസ്‌കാരം ശനിയാഴ്ച ഡൽഹിയിലെ കശ്മീരി ഗേറ്റിലെ നിഗംബോധ് ഘട്ടിലാണ് നടന്നത്. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും മറ്റ് പ്രമുഖരുടെയും സാന്നിധ്യത്തിൽ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം.
രാഷ്ട്രപതി ദ്രൗപതി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് എന്നിവർ ഇന്ന് രാവിലെ മൃതദേഹത്തിന് സമീപം പുഷ്പചക്രം അർപ്പിച്ച് അന്തിമോപചാരം അർപ്പിച്ചു. വിഐപി ഘട്ടിൽ സിഖ് ആചാരപ്രകാരമായിരുന്നു അന്ത്യകർമങ്ങൾ.
ചന്ദനത്തടികളിൽ തീർത്ത ചിതയിലാണ് മൻമോഹൻ സിങിന്റെ മൃതദേഹം വച്ചിരുന്നത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരും മുൻ പ്രധാനമന്ത്രിക്ക് ആദരാഞ്ജലികൾ അർപ്പിച്ച ശേഷം സംസ്‌കാര ചടങ്ങിൽ പങ്കെടുത്തു.