കോട്ടയം : മാന്നാനം കുര്യാക്കോസ് ഏലിയാസ് കോളേജ് വജ്രജൂബിലി ആഘോഷങ്ങൾ ഡിസംബർ 5ന് ആരംഭിക്കും. രാവിലെ 11.30ന് ബഹുമാനപ്പെട്ട കേരളാ ഗവർണർ ശ്രീ. ആരിഫ് മുഹമ്മദ് ഖാൻ ഒരു വർഷം നീണ്ടു നിൽക്കുന്ന വജ്രജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും. സി.എം.ഐ. സഭയുടെ ജനറാൾ റവ. ഡോ. തോമസ് ചാത്തൻപറമ്പിൽ സി.എം.ഐ. യോഗത്തിൽ ആദ്ധ്യക്ഷം വഹിക്കു ന്നതാണ്. സി.എം.ഐ. സഭയുടെ പ്രൊവിൻഷ്യാൾ റവ. ഫാ. ആന്റണി ഇളന്തോട്ടം സി.എം.ഐ. അനുഗ്രഹ പ്രഭാഷണം നടത്തുന്ന യോഗത്തിൽ, തോമസ് ചാഴികാടൻ എം.പി., കോളേജ് മാനേജർ റവ. ഡോ. കുര്യൻ ചാലങ്ങാടി സി.എം.ഐ.. കെ. ഇ. ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രിൻസിപ്പാൾ റവ. ഡോ. ജെയിംസ് മുല്ലശ്ശേരി സി.എം.ഐ., കോളേജ് പ്രിൻസിപ്പാൾ പ്രൊഫ. ഡോ. ഐസൺ വി. വഞ്ചിപുരയ്ക്കൽ എന്നിവർ പ്രസംഗിക്കും.
പൂണ്യശ്ലോകനായ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ പാവന സ്മരണാർത്ഥം കോട്ടയം ജില്ലയിൽ മാന്നാനം കുന്നിൽ 1964 ജൂലൈ 4ന് സ്ഥാപിത മായതാണ് കെ. ഇ. കോളേജ്,വജ്രജൂബിലി ആഘോഷങ്ങൾ നടക്കുന്ന ഈ വർഷംതന്നെ കെ. ഇ. കോളേജ് നാക് അക്രഡിറ്റേഷന് തയ്യാറെടുക്കുകയാണ്. ‘ഡയമണ്ട് കെ. ഇ.’ എന്ന പേരിൽ വിപുലമായ അടിസ്ഥാന സൗകര്യവികസനമാണ് കോളേജ് മാനേജ്മെൻ്റ് ലക്ഷ്യം വയ്ക്കുന്നത്. സ്റ്റാർ കോളേജ് ഫണ്ടിംഗിൻ്റെ ഭാഗമായി കേന്ദ്ര ഗവൺമെൻ്റിൻ്റെ ഡിപാർട്ട്മെൻ്റ് ഓഫ് ബയോടെക്നോളജിയിൽനിന്നും 1.25 കോടി രൂപ ഈ വർഷം കോളേജിന് ഗ്രാന്റായി ലഭിച്ചിരുന്നു. സ്റ്റുഡിയോ-മീഡിയാ ഹബ്ബ്, സ്റ്റാറ്റിസ്റ്റിക്സ് റിസേർച്ചിൻ്റെ ഭാഗമായുള്ള ഡേറ്റാ സയൻസ് സ്റ്റുഡിയോ, ലാംഗ്വേജ് സ്കിൽ സെൻ്റർ, സെൻ്റർ ഫോർ സ്കിൽ ഡവലപ്മെന്റ്റ് തുടങ്ങിയവ ‘ഡയമണ്ട് കെ. ഇ.’ പദ്ധതിയുടെ ഭാഗമാണ്. അത്യാധുനിക സ്പോർട്സ് സംവിധാനങ്ങളും കോളേജിൽ ഒരുക്കുന്നതാണ്. നാലുവർഷ ബിരുദ പഠനത്തിനുള്ള തയ്യാറെടുപ്പുകളും ത്വരിതഗതിയിൽ കോളേജിൽ നടന്നുവരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അറുപതാണ്ടുകളിലായി അക്കാദമിക, കലാ, കായിക, സാംസ്കാരിക മേഖലകളിൽ മികവുറ്റ പ്രവർത്തനം കാഴ്ചവച്ചുകൊണ്ടാണ് കെ. ഇ. കലാലായം മുന്നേറുന്നത്. നാഷണൽ സർവ്വീസ് സ്കീം, നാഷണൽ കേഡറ്റ് കോപ്സ് എന്നിവയുടെ യൂണിറ്റുക മികച്ച രീതിയിൽ പ്രവർത്തിച്ചുവരുന്നു. കോളേജിലെ പ്ലേസ്മെൻ്റ് സെൽ മുഖേന വിദ്യാർത്ഥികൾക്ക് പഠനകാലയളവിൽതന്നെ ബാങ്കിംഗ് മേഖലയിലും മറ്റു സ്ഥാപന ങ്ങളിലും ജോലി ലഭിക്കുന്നു. ജീസസ് യൂത്ത്, വിൻസൻ്റ് ഡി പോൾ എന്നീ സംഘ ടനകൾ നിരവധിയായ സാമൂഹ്യക്ഷേമപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു.
പൂർവ്വ വിദ്യാർത്ഥികൾ കോളേജിൻ്റെ അഭിമാനമാണ്. ഭരണകർത്താക്കൾ, സിവിൽ സർവ്വീസ് ഉദ്യോഗസ്ഥർ, ന്യായാധിപന്മാർ, അഭിനേതാക്കൾ, പുരോഹിതർ, കായിക താരങ്ങൾ തുടങ്ങി സമൂഹത്തിൻ്റെ ഉന്നതശ്രേണിയിൽ വിരാജിക്കുന്ന അനേകം ആളുകളുടെ കൂട്ടായ്മയാണ് കെ. ഇ. പൂർവ്വ വിദ്യാർത്ഥി സംഘടന. കോളേജിൻ്റെ പേരും പെരുമയും വർധിപ്പിക്കുന്നതിൽ പൂർവ്വ വിദ്യാർത്ഥികളുടെ പങ്ക് ഏറെയാണ്. പശ്ചിമ ബംഗാൾ ഗവർണർ ഡോ. സി. വി. ആനന്ദബോസ്, മനോരമ ന്യൂസ് എഡിറ്റർ ജോണി ലൂക്കോസ്, മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലർ ഡോ. സാബു തോമസ്, ശ്രീ പി. കെ. ബിജു എക്സ്.എം.പി, ഡോ. ജോസ് ജോസഫ് (കോട്ടയം മെഡിക്കൽ കോളേജ് മുൻ പ്രിൻസിപ്പാൾ), (പ്രശസ്ത സിനിമാ സംവിധായകൻ ദിലീഷ് പോത്തൻ, ഡോ. ജെയിംസ് ജോസഫ് (ഹയർ സെക്കണ്ടറി എഡ്യൂക്കേഷൻ ഡിപാർട്ട്മെന്റ്റ് മുൻ ഡയറക്ടർ), കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ജയകുമാർ ടി.കെ., ഐ.എസ്.ടി. തിരുവനന്തപുരം രജിസ്ട്രാർ ആൻഡ് ഡീൻ ഡോ. കുരുവിള ജോസഫ് എന്നിവർ പൂർവ്വ വിദ്യാർത്ഥി ശ്രേണിയിലെ ഏതാനും പ്രഗത്ഭരാണ്.
10 ബിരുദ വകുപ്പുകളും 8 ബിരുദാനന്തര ബിരുദ വകുപ്പുകളും നാല് ഗവേഷണ വിഭാഗങ്ങളുമായി അക്കാദമിക് മേഖലയിൽ മുന്നിട്ടുനിൽക്കുന്ന കുര്യാക്കോസ് ഏലിയാസ് കോളേജ് വിവിധ വിഷയങ്ങളിൽ ആഡ് ഓൺ കോഴ്സുകളും മത്സരപരി ക്ഷകൾക്ക് പരിശീലനങ്ങളും നടത്തുന്നു. വിദ്യാർത്ഥികളുടെ സർവ്വോന്മുഖ വളർച്ചയ്ക്ക് പ്രാധാന്യം നൽകി പ്രവർത്തിക്കുന്ന കലാലയത്തിൻ്റെ ജൂബിലി ആഘോഷങ്ങൾക്ക് ജനറൽ കൺവീനർ റവ. ഡോ. ജോബി ജോസഫ് മുകളേൽ സി.എം.ഐ., വൈസ് പ്രിൻസിപ്പാൾ റവ. ഡോ. സേവിയർ സി.എസ്. സി.എം.ഐ., റവ. ഫാ. ബിജു തോമസ് തെക്കേക്കുറ്റ് സി.എം.ഐ. എന്നിവരുടെ നേതൃത്വത്തിലുള്ള വിപുലമായ കമ്മറ്റികൾ നേതൃത്വം നൽകുന്നു. കോളേജ് മാനേജർ റവ. ഡോ. കുര്യൻ ചാലങ്ങാടി സി.എം.ഐ.. കോളേജ് പ്രിൻസിപ്പാൾ പ്രൊഫ. ഡോ. ഐസൺ വി. വഞ്ചിപുരയ്ക്കൽ, മീഡിയ കൺവീനർ റോണി ജോർജ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.