ആലപ്പുഴ: മാന്നാർ കല കൊലപാതകക്കേസിൽ പ്രതിഭാഗം അഭിഭാഷകൻ സുരേഷ് മത്തായി വക്കാലത്ത് ഒഴിഞ്ഞതായി വിവരം. പാർട്ടി നിർദേശ പ്രകാരമാണ് വക്കാലത്ത് ഒഴിഞ്ഞത്. ബുധനൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറിയാണ് അഡ്വ സുരേഷ് മത്തായി. അതേസമയം, മാന്നാർ കല കൊലപാതകക്കേസിൽ ഒന്നാംപ്രതി അനിലിനെ ഇസ്രയേലിൽ നിന്ന് നാട്ടിലെത്തിച്ച ശേഷം ഒന്നിച്ച് തെളിവെടുപ്പ് നടത്തിയാൽ മതിയെന്ന തീരുമാനത്തിലാണ് അന്വേഷണസംഘം. അതിനാൽ പ്രതികളുടെ കസ്റ്റഡി കാലാവധി നീട്ടി നൽകണമെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ ആവശ്യം.
ഒന്നാം പ്രതിക്കായി ഇന്റർ പോൾ മുഖേന ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിക്കാൻ ഒരുങ്ങുകയാണ് പൊലീസ്. ഇതിനായി പ്രതിയുടെ അറസ്റ്റ് വാറണ്ട് വിവരങ്ങൾ നോഡൽ ഏജൻസിയായ സിബിഐക്ക് കൈമാറി. അനിലിനെ എത്രയും വേഗം നാട്ടിൽ എത്തിച്ചെങ്കിൽ മാത്രമേ കേസ് അന്വേഷണത്തിലെ നിർണായക വിവരങ്ങൾ ലഭ്യമാകൂ. കൊലപാതകത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി സാക്ഷികൾ രംഗത്തെത്തിയിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കലയുടെ മൃതദേഹവുമായി മൂന്ന് പേർ തന്നെ സമീപിച്ചിരുന്നതായി മാന്നാർ സ്വദേശിയായ സോമൻ വെളിപ്പെടുത്തി. കേസിലെ സാക്ഷി സുരേഷ് കുമാർ കൊലപാതകത്തെ കുറിച്ച് തന്നോട് പറഞ്ഞിരുന്നതായി മുരളീധരൻ എന്നയാളും പറയുന്നു. എന്നാൽ കൊലപാതകവിവരം അറിഞ്ഞിട്ടും ഇവർ എന്തുകൊണ്ട് ഇത്രയും കാലം മറച്ചു വെച്ചുവെന്നും ഇപ്പോഴത്തെ വെളിപ്പെടുത്തലിലെ സത്യാവസ്ഥ എന്തെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
15 വർഷം മുൻപ് നടന്ന കൊലപാതകത്തിൽ കൂടുതൽ സാക്ഷികൾ രംഗത്തെത്തുന്നത് കേസ് അന്വേഷണത്തിൽ ഗുണം ചെയ്യുമെന്നാണ് പൊലീസിന്‍റെ കണക്ക് കൂട്ടൽ. കലയുടെ മൃതദേഹവുമായി മൂന്ന് പേർ തന്നെ സമീപിച്ചെന്നും ഒപ്പം കേസിലെ പ്രതികളായ ജിനുവും പ്രമോദും ഉണ്ടായിരുന്നതായും മാന്നാർ സ്വദേശി സോമൻ പറയുന്നു.
നിലവിൽ കേസിലെ സാക്ഷിയായ സുരേഷ് കൊലപാതക വിവരം തന്നോട് പറഞ്ഞതായി മുരളീധരൻ എന്നയാളും വെളിപ്പെടുത്തി. മുരളീധരനും സോമനും എസ്എന്‍ഡിപിയുടെ മുൻ പ്രസിഡന്‍റുമാരാണ്. മാന്നാർ എസ്എൻഡിപി ശാഖാ യോഗവുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന ചില പ്രശ്നങ്ങളാണ് ഈ കേസിന് തുമ്പ് ഉണ്ടാക്കിയതെന്ന സൂചനയും പുറത്ത് വരുന്നുണ്ട്. അതിനാൽ ഇപ്പോഴത്തെ വെളിപ്പെടുത്തലിന് പിന്നിൽ മറ്റെന്തെങ്കിലും ഉദ്ദേശമുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.