ദില്ലി: കരസേന മേധാവി ജനറൽ മനോജ് പാണ്ഡെയുടെ കാലാവധി നീട്ടിയ നടപടി ചർച്ചയാകുന്നു. മനോജ് പാണ്ഡെ വിരമിക്കുന്ന ഒഴിവിലേക്ക് പരിഗണിച്ചിരുന്ന രണ്ട് ഉദ്യോഗസ്ഥരെ മറികടക്കാൻ സർക്കാർ ശ്രമിക്കുമെന്ന അഭ്യൂഹം ശക്തമാകുകയാണ്. തെരഞ്ഞെടുപ്പ് കണക്കിലെടുത്തുള്ള സ്വാഭാവിക നടപടി എന്ന വിശദീകരണമാണ് സർക്കാർ വൃത്തങ്ങൾ നൽകുന്നത്.
രാജ്യത്തെ സേനാ മേധാവിമാരുടെ കാലാവധി സർക്കാർ നീട്ടി നൽകുന്നത് അപൂർവ്വമാണ്. വിരമിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കേയാണ് ജനറൽ മനോജ് പാണ്ഡെയുടെ കാലാവധി ഒരു മാസം കൂടി നീട്ടിയത്. ഇതിനു മുമ്പ് ഇന്ദിര ഗാന്ധിയുടെ ഭരണകാലത്താണ് കരസേന മേധാവിയുടെ കാലാവധി നീട്ടി നല്കിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സേന മേധാവി വിരമിക്കുന്നതിന് രണ്ട് മാസം മുൻപ് തന്നെ പുതിയ മേധാവിയുടെ കാര്യത്തിൽ സർക്കാർ തീരുമാനം എടുക്കാറുണ്ട്. എന്നാൽ ഇത്തവണ ഇതുണ്ടായില്ല. ജനറൽ മനോജ് പാണ്ഡെ വിരമിക്കുന്ന ഒഴിവിലേക്ക് പരിഗണിച്ചിരുന്ന ലഫ്. ജനറൽ ഉപേന്ദ്ര ദ്വിവേദി, ലഫ്. ജനറൽ അജയ് കുമാർ സിങ്ങ് എന്നിവർ അടുത്ത മാസം 30 ന് വിരമിക്കും.
ഈ സാഹചര്യത്തിൽ ഈ ഉദ്യോഗസ്ഥരെ ഇനി പരിഗണിക്കുമോ എന്ന് വ്യക്തതയില്ല. ഇവരിൽ ഒരാൾ പദവിലേക്ക് എത്തിയില്ലെങ്കിൽ മലയാളിയായ ലഫ്. ജനറൽ ജെ പി മാത്യു, ലഫ്. ജനറൽമാരായ എം വി സുചീന്ദ്രകുമാർ, എൻ എസ് രാജ സുബ്രഹ്മണ്യൻ എന്നിവരാണ് സിനീയോറിറ്റി അനുസരിച്ച് പട്ടികയിലുള്ള ഉദ്യോഗസ്ഥർ.
ലഫ് ജനറൽ സ്ഥാനത്തുള്ളവർ 60 വയസ്സിലാണ് വിരമിക്കേണ്ടത്. ജനറലായി സേന മേധാവി സ്ഥാനത്തേക്ക് എത്തിയാൽ 62 വരെ സേവനം അനുഷ്ഠിക്കാനാകും. ഉയരുന്ന ചർച്ചകൾ അനാവശ്യം ആണെന്നും തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ പ്രധാന നിയമനങ്ങൾ വേണ്ടെന്നാണ് ധാരണയെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നു.
എന്നാൽ തെരഞ്ഞെടുപ്പിനിടെയാണ് പുതിയ നാവികസേന മേധാവി സ്ഥാനം ഏറ്റെടുത്തത്. എൻഡിഎ സർക്കാരിന്റെ കാലത്ത് സീനിയോറിറ്റി മറികടന്ന് സേന മേധാവിയെ നിയമിച്ച കീഴ് വഴക്കമുണ്ട്. 2016ൽ ജനറൽ ബിപിൻ റാവത്തിനെ കരസേന മേധാവിയായി നിയമിച്ചത് മലയാളിയായ ലഫ്. ജനറൽ പിഎം ഹാരിസ്, ലഫ്. ജനറൽ പ്രവീൺ ബക്ഷി എന്നീ ഉദ്യോഗസ്ഥരെ മറികടന്ന് ആയിരുന്നു.