മണർകാട്: കനൽ വഴികളിലൂടെ സഞ്ചരിച്ചവളായിരുന്നു പരിശുദ്ധ ദൈവമാതാവെന്ന് മലങ്കര മെത്രാപ്പോലീത്തയും കൊച്ചി ഭദ്രാസനാധിപനുമായ ജോസഫ് മോര് ഗ്രീഗോറിയോസ്. കഷ്ടതയുടെയും ത്യാഗത്തിന്റെയും സഹനത്തിന്റെയും മാതൃകയാണ് പരിശുദ്ധ കന്യകമറിയാം കാണിച്ചുതരുന്നത്. ജീവിത പ്രതിസന്ധികളെ അതിജീവിക്കുന്നതിനുള്ള കരുത്ത് മാതാവിന്റെ മധ്യസ്ഥതയിൽ ദൈവം ചൊരിഞ്ഞുതരും. ദൈവമാതാവിനെപോലെ ദൈവത്തിന്റെ ഇഷ്ടത്തിന് വിദേയപ്പെട്ട് വിശ്വാസികൾ തങ്ങളുടെ ജീവിതത്തെ ക്രമപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
എല്ലാവർഷവും എട്ടുനോന്പ് പെരുന്നാളിലെ നടതുറക്കൽ ശുശ്രൂഷയ്ക്ക് പ്രധാനകാർമ്മികത്വം വഹിച്ചിരുന്നത് ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് തോമസ് പ്രഥമന് ബാവ ആയിരുന്നു. എന്നാൽ അനാരോഗ്യംമൂലം ഇപ്രാവിശ്യം അദ്ദേഹത്തിന് ഇവിടെവരാന് സാധിച്ചില്ല. ശ്രേഷ്ഠ ബാവായുടെ മനസിൽ എപ്പോഴും നിറഞ്ഞുനിൽക്കുന്ന നല്ല അനുഭവങ്ങളുള്ള ദിനങ്ങളാണ് ഈ തീർഥാടന കേന്ദ്രവുമായി ബന്ധപ്പെട്ടുള്ളത്. ശ്രേഷ്ഠ ബാവായുടെ ആരോഗ്യത്തിനായി എല്ലാവരും പ്രാർഥിക്കണമെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മണർകാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിലെ എട്ടുനോമ്പ് പെരുന്നാളിന്റെ പ്രധാനദിനമായ ഇന്നലെ കത്തീഡ്രലിൽ വിശുദ്ധ മൂന്നിന്മേൽ കുർബാനയർപ്പിച്ച ശേഷം വചനസന്ദേശം നൽകുകയായിരുന്നു അദ്ദേഹം. കുർബാനയ്ക്ക് ശേഷം നമസ്കാരമേശയിൽ കാണിക്ക സമർപ്പിക്കാനുള്ള തളിക വച്ചു. ആദ്യ കാണിക്ക മലങ്കര മെത്രാപ്പോലീത്ത ജോസഫ് മോര് ഗ്രീഗോറിയോസ് സമർപ്പിച്ചു. തുടർന്ന് വൈദികരും വിശ്വാസികളും കാണിക്ക സമർപ്പിച്ചു.
ഉച്ചകഴിഞ്ഞ് രണ്ടിന് പെരുന്നാളിന് സമാപനം കുറിച്ചുകൊണ്ട് കരോട്ടെ പള്ളിയിലേക്കുള്ള റാസ നടന്നു. ഫാ. എം.ഐ. തോമസ് മറ്റത്തിൽ, ഫാ. ജോർജ് കരിപ്പാൽ, ഫാ. ഏബ്രഹാം കരിന്പന്നൂർ എന്നിവർ കാർമ്മികത്വം വഹിച്ചു. റാസയ്ക്ക് ശേഷം നടന്ന ആശീർവാദത്തിന് ശേഷം നേർച്ച വിളന്പും നടന്നു. തുടർന്ന് പൂർവിക പാരന്പര്യമനുസരിച്ച് പള്ളിക്ക് ചുറ്റുമുള്ള വട്ടപ്പാട്ടും തളിക എടുക്കൽ കർമ്മവും നടന്നു.