മണർകാട്: പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്ക ആബൂൻ മാർ ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ ദേഹവിയോഗത്തിൽ, ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി പള്ളി ഇടവകയുടെ ആഭിമുഖ്യത്തിൽ പള്ളി അങ്കണത്തിൽ അനുശോചന സമ്മേളനം നടത്തപ്പെട്ടു.
ഇന്നലെ രാവിലെ 8 മണിക്ക് നടത്തിയ വി കുർബ്ബാനക്ക് എം.എസ്.ഒ.റ്റി റസിഡന്റ് മെത്രാപ്പോലീത്ത ഡോ. കുര്യാക്കോസ് മോർ തേയോഫിലോസ് മുഖ്യ കാർമ്മികത്വം വഹിച്ചു. തുടർന്ന് പള്ളിയങ്കണത്തിൽ നടത്തിയ അനുസ്മരണ സമ്മേളനത്തിൽ കോട്ടയം ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. തോമസ് മാർ തീമോത്തിയോസ് സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചു. ഡോ. കുര്യാക്കോസ് മോർ തേയോഫിലോസ് മുഖ്യപ്രഭാഷണം നടത്തുകയും. ഫാ.ജെ മാത്യൂസ് മണവത്ത്, സെക്രട്ടറി വി ജെ.ജേക്കബ് വാഴത്തറ, ട്രസ്റ്റി ഡോ. ജിതിൻ കുര്യൻ ആൻഡ്രൂസ് ചിരവത്തറ എന്നിവരും പ്രസംഗിച്ചു. മണർകാട് പള്ളി സഹ വികാരി വന്ദ്യ കുറിയാക്കോസ് കോർ എപ്പിസ്‌കോപ്പാ കിഴക്കേടത്ത്, അനുശോചന പ്രമേയം അവതരിപ്പിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2002 ആഗസ്റ്റ് 30, 31 തിയതികളിൽ മണർകാട് പള്ളി കൈവശപ്പെടുത്താൻ തുനിഞ്ഞ മെത്രാൻ കക്ഷികളെ പ്രതിരോധിക്കാൻ മണർകാട് പള്ളിയുടെ മദ്ബഹായിൽ മുട്ടിന്മേൽ നിന്ന് ശ്രേഷ്ഠ ബാവാ നടത്തിയ അഖണ്ഡ പ്രാർത്ഥനാ യജ്ഞം ചരിത്രം സൃഷ്ടിച്ച പോരാട്ടങ്ങളിൽ ഒന്നായിരുന്നു. വർഷം തോറും എട്ടു നോമ്പ് പെരുനാളുകളിൽ നടത്തപ്പെടുന്ന നടതുറക്കൽ കർമ്മത്തിന്റെ പ്രധാന കാർമ്മികൻ ശ്രേഷ്ഠ ബാവ ആയിരുന്നു. ശ്രേഷ്ഠ പിതാവ് മണർകാട് പള്ളിക്കു വേണ്ടി ചെയ്ത എല്ലാ നന്മകളേയും നന്ദിയോടെ യോഗം അനുസ്മരിച്ചു.
പരി. പത്രോസ് തൃതിയൻ പാത്രിയർക്കീസ് ബാവാ 1877 – ൽ കോട്ടയം ഭദ്രാസനത്തിന്റെ പ്രഥമ മെത്രാപ്പോലീത്തയായി നിയമിച്ച കടവിൽ പൗലോസ് മോർ അത്താനാസിയോസ് മെത്രാപ്പോലീത്തായുടെ 117 – മത് ഓർമ്മപ്പെരുന്നാൾ ആചരണത്തിന്റെ ഭാഗമായി, ആ പുണ്യ പിതാവിന്റെ അനുസ്മരണവും സംയുക്തമായാണ് നടത്തപ്പെട്ടത്. 1880-കളിൽ പാരമ്പര്യ സുറിയാനി സഭാ വിശ്വാസത്തിന് എതിരെ പ്രചരിച്ച നവീന ആശയക്കാരുമായിട്ടുള്ള തർക്കം മണർകാട് പള്ളിയിൽ അതിരൂക്ഷമാവുകയും മണർകാട് പള്ളി അടയ്ക്കപ്പെട്ട് ആരാധന മുടങ്ങുകയും ചെയ്തപ്പോൾ ഇടവകാംഗങ്ങളെ സത്യവിശ്വാസത്തിൽ ഉറപ്പിച്ച് നിർത്തിക്കൊണ്ട് നവീന ഉപദേശങ്ങൾക്കെതിരെ കടവിൽ തിരുമേനിയുടെ നേതൃത്വത്തിൽ മണർകാട് ഇടവക ശക്തിയുക്തം പോരാടുകയും ആരാധനയ്ക്കായി മണർകാട് കരോട്ടെ പള്ളിയുടെ നിർമ്മാണത്തിന് നേതൃത്വം നൽകുകയും ചെയ്തു. പാരമ്പര്യ സുറിയാനി സഭാ വിശ്വാസത്തിൽ മണർകാട് ഇടവകയെ ഉറപ്പിച്ച് നിർത്തിയ പുണ്യശ്ലോകനായ കടവിൽ പൗലോസ് മോർ അത്താനാസിയോസ് മെത്രാപ്പോലീത്ത മണർകാട് ഇടവകക്ക് നൽകിയ ത്യാഗപൂർണ്ണമായ സേവനങ്ങളെ സമ്മേളനത്തിൽ അനുസ്മരിച്ചു.
കടവിൽ പൗലോസ് മോർ അത്താനാസിയോസ് മെത്രാപ്പോലീത്തയും മണർകാട് പള്ളിയുമായുള്ള ബന്ധം സവിസ്തരം പ്രതിപാദിക്കുന്ന, ‘മണർകാട് നസ്രാണികളുടെ സത്യവിശ്വാസ പോരാട്ടവും കടവിൽ തിരുമേനിയും’ എന്ന പേരിൽ കത്തീഡ്രൽ സെക്രട്ടറി ശ്രീ വി.ജെ.ജേക്കബ് വാഴത്തറ രചിച്ച ലഘു പുസ്തകത്തിന്റെ പ്രകാശനം സമ്മേളനത്തിൽ ഇടവക മെത്രാപ്പോലിത്താ തിരുമനസ്സ് കൊണ്ട് കത്തീഡ്രൽ ട്രസ്റ്റിമാരായ ശ്രീ പി.എ.ഏബ്രഹാം പഴയിടത്തുവയലിനും , ശ്രീ വർഗീസ് ഐപ്പ് മുതലുപടിയിലിനും കോപ്പികൾ നൽകി നിർവ്വഹിച്ചു.