“നടപടിയിൽ ശക്തമായ പ്രതിഷേധം അറിയിച്ചു; വിനേഷിന് സർക്കാർ എല്ലാ സൗകര്യങ്ങളും നൽകിയിരുന്നു”; ലോക്സഭയില്‍ പ്രസ്താവനയുമായി കേന്ദ്ര കായിക മന്ത്രി മൻസൂഖ് മാണ്ഡവ്യ 

ദില്ലി: പാരീസ് ഒളിംപിക്സ് വനിതാ വിഭാഗം 50 കിലോ ഫ്രീ സ്റ്റൈല്‍ ഗുസ്തി ഫൈനലിന് തൊട്ടുമുമ്പ് അയോഗ്യയായ വിനേഷ് ഫോഗട്ടിന് നേരിട്ട തിരിച്ചടിയില്‍ ലോക്സഭയില്‍ പ്രസ്താവനയുമായി കേന്ദ്ര കായിക മന്ത്രി മൻസൂഖ് മാണ്ഡവ്യ. 100 ഗ്രാം കൂടിയതാണ് വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയതെന്നും ഇക്കാര്യത്തില്‍ ഐഒഎ പ്രതിഷേധം അറിയിച്ചിട്ടുണ്ടെന്നും കേന്ദ്ര കായിക മന്ത്രി പറഞ്ഞു. സംഭവത്തിന് പിന്നാലെ പിടി ഉഷയോട് പ്രധാനമന്ത്രി സംസാരിച്ചു. ഉചിതമായ നടപടി എടുക്കാനാണ് പ്രധാനമന്ത്രി നിര്‍ദേശിച്ചത്.

Advertisements

ഇന്ത്യൻ ഒളിംപിക്സ് അസോസിയേഷൻ, യുണൈറ്റഡ് വേൾഡ് റെസ്ലിങിനൊപ്പം ശക്തമായി പ്രതിഷേധം അറിയിച്ചിട്ടുണ്ട്. വിനേഷിന് കേന്ദ്രസർക്കാർ എല്ലാ സൗകര്യങ്ങളും ഒരുക്കി നല്‍കിയിട്ടുണ്ട്. വിദേശ രാജ്യങ്ങളിലടക്കം പരിശീലനത്തിന് അയച്ചിരുന്നുവെന്നും കായിക മന്ത്രി പറഞ്ഞു. വിശദീകരണം തൃപ്തികരമല്ലെന്ന് വ്യക്തമാക്കി പ്രതിപക്ഷം സഭയില്‍ ബഹളം വെച്ചു. ഇതിനിടെയും വിനേഷ് ഫോഗട്ടിന് നല്‍കിയ സഹായങ്ങളെക്കുറിച്ച് കേന്ദ്ര മന്ത്രി വിവരിച്ചു. പേഴ്സണൽ സ്റ്റാഫിനെ അടക്കം എല്ലാ സൗകര്യങ്ങളും കേന്ദ്രസർക്കാർ നൽകിയിരുന്നുവെന്നും മന്ത്രി പറഞ്ഞു. എന്നും വിനേഷ് ഇന്ത്യയുടെ അഭിമാന താരമാണെന്നും കേന്ദ്ര കായിക മന്ത്രി പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എന്തുകൊണ്ടാണ് വിനേഷിന് അയോഗ്യയാക്കിയതെന്നതില്‍ വിശദീകരണമില്ലെന്നും കേന്ദ്ര കായിക മന്ത്രിയുടെ പ്രതികരണം തൃപ്തികരമല്ലെന്നും വ്യക്തമാക്കി പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. സഭയില്‍ ഷാഫി പറമ്പിൽ വിനേഷ് ഫോഗട്ട് വിഷയം ഉന്നയിച്ചു. കേന്ദ്ര മന്ത്രിയുടെ പ്രസ്താവനക്കെതിരെ ഷാഫി പറമ്പിൽ എംപി രംഗത്തെത്തി. നല്‍കിയ സൗകര്യത്തിന്‍റെ കണക്ക് നിരത്തേണ്ടത് ഇന്നല്ലെന്നും ഇന്ന് വിനേഷിന് പിന്തുണ അറിയിക്കേണ്ട ദിവസമാണെന്നും ഷാഫി പറമ്പിൽ പറഞ്ഞു. എന്തുതന്നെയായാലും വിനേഷ് ഫോഗട്ട് ഇന്ത്യയുടെ ധൈര്യശാലിയായ സുവർണ പുത്രിയെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

ലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ സ്വപ്നങ്ങൾ തകർത്ത നടപടിയാണെന്നാണ് ആഭ്യന്തര മന്ത്രി അമിത് ഷാ എക്സില്‍ കുറിച്ചത്. വിനേഷ് ഫോഗട്ടിന് മികച്ച കായിക കരിയറാണുള്ളത്. ലോക ചാമ്പ്യനെ വരെ മലര്‍ത്തിയടിച്ച് തിളങ്ങിനില്‍ക്കുകയാണ് അവര്‍. തിളക്കമേറിയ കരിയറില്‍ ഇത് വെറുമൊരു നിര്‍ഭാഗ്യം കൊണ്ട് മാത്രം സംഭവിച്ച കാര്യമാണ്. അതിനാല്‍ തന്നെ വിജയിയായി ശക്തമായി വിനേഷ് ഫോഗട്ട് തിരിച്ചുവരും.  എല്ലാ പിന്തുണയും വിനേഷിന് എപ്പോഴുമുണ്ടെന്നും അമിത് ഷാ എക്സില്‍ കുറിച്ചു.

വിനേഷിനെ അയോഗ്യയാക്കിയത് ഏറെ വേദനിപ്പിക്കുന്നതെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സില്‍ കുറിച്ചത്. വിനേഷ് ഇന്ത്യയുടെ അഭിമാനമെന്നും ശക്തമായി തിരിച്ചുവരണമെന്നും പ്രധാനമന്ത്രി പറഞ്ഞു. തന്‍റെ നിരാശ വാക്കുകളിലൂടെ പ്രകടിപ്പിക്കാൻ കഴിയുന്നില്ലെന്നും എന്നാല്‍, എപ്പോഴത്തെയും പോലെ തിരിച്ചടികള്‍ മറികടന്ന് താങ്കള്‍ തിരിച്ചുവരുമെന്ന് തനിക്കറിയാമെന്നും പ്രധാനമന്ത്രി പറഞ്ഞു. ശക്തയായി തിരിച്ചുവരു, ഞങ്ങളെല്ലാം നിനക്കൊപ്പമുണ്ട് എന്നായിരുന്നു പ്രധാനമന്ത്രിയുടെ എക്സ് പോസ്റ്റ്.

ഇതിന് പിന്നാലെ പ്രധാനമന്ത്രി പാരീസിലുള്ള ഇന്ത്യൻ ഒളിംപിക് കമ്മിറ്റി അധ്യക്ഷ പി ടി ഉഷയുമായി ഫോണില്‍ സംസാരിച്ചുവെന്നും ഇക്കാര്യത്തില്‍ ഇന്ത്യക്ക് എന്ത് നടപടിയെടുക്കാന്‍ കഴിയുമെന്ന് ആരാഞ്ഞുവെന്നും റിപ്പോര്‍ട്ടുണ്ട്. വിനേഷിന്‍റെ കാര്യത്തില്‍ സാധ്യമായതെല്ലാം ചെയ്യണമെന്നും പ്രധാനമന്ത്രി പി ടി ഉഷയോട് ആവശ്യപ്പെട്ടു.

പാരീസ് ഒളിംപിക്സിലെ ഇന്ത്യയുടെ ആദ്യ സ്വര്‍ണം തന്നെ പ്രതീക്ഷിച്ച ആരാധകരെ ഞെട്ടിച്ചാണ് ഗുസ്തിയില്‍ വിനേഷ് ഫോഗട്ട് അയോഗ്യയായതായ പ്രഖ്യാപനം വന്നത്. മത്സരദിവസമുള്ള പതിവ് ഭാരപരിശോധനയില്‍ അനുവദനീയമായ ശരീരഭാരത്തിനെക്കാള്‍ 100 ഗ്രാം കൂടുതല്‍ ശരീരഭാരം ഉണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് വിനേഷിനെ അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി 50 കിലോ ഗ്രാം ഫ്രീ സ്റ്റൈല്‍ ഗുസ്തി ഫൈനലിന് മുമ്പ് അയോഗ്യയാക്കിയത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.