ആർ.കെ
കെ.ജി.എഫ്
റിവ്യു
2019 ൽ കോട്ടയം ധന്യ രമ്യ തീയറ്ററിൽ ഒരു തെലുങ്ക് പടത്തിന്റെ ഡബ്ഡ് വേർഷൻ വരുന്നു. ഒരു സുഹൃത്ത് പറഞ്ഞാണ് ചിത്രത്തെപ്പറ്റി അറിഞ്ഞത്. തീയറ്ററിൽ കറങ്ങിത്തിരിഞ്ഞ് എത്തിയപ്പോഴേയ്ക്കും കണ്ടത് ഒരു വൻ വിസ്ഫോടനം. തീയറ്ററിൽ അന്ന് കണ്ടത് ഒരു തീപ്പൊരിയായിരുന്നു…
അതെ വെറുമൊരു തീപ്പൊരി
ആ തീപ്പൊരി 2022 ൽ തീയറ്ററിൽ ആളിക്കത്തി…
ആ തീപ്പൊരിയ്ക്ക് പ്രേക്ഷക മനസുകളിൽ ഒരു വിസ്ഫോടനം നടത്താനുള്ള അത്യുഗ്ര ശേഷിയുണ്ടായിരുന്നു.
അതെ .. അവൻ ഒരു മോൺസ്റ്ററായിരുന്നു കെ.ജി.എഫിനെ മാത്രമല്ല ഇന്ത്യൻ സിനിമയെ മുഴുവനായി ആവാഹിച്ചെടുക്കാൻ ശേഷിയുള്ള മോൺസ്റ്റർ.
കെ.ജി.എഫിലെ കോൾ പാടങ്ങളെ ഒറ്റയ്ക്ക് ഭരിച്ച ആ കാട്ടാളക്കരുത്തിനെ ഒറ്റ വാക്കിൽ പറയാം റോക്കി.
മുറിച്ചിട്ടാൽ മുറികൂടി
കുഴിച്ചിട്ടാൽ മുളച്ചെത്തി
അറുത്തിട്ടാൽ തടുത്ത് കൂടി
ആഞ്ഞടിക്കുന്ന ഒരു കൊടുങ്കാറ്റ്
ആ കൊടുങ്കാറ്റ് ഒരു ചുഴലിക്കാറ്റാക്കുന്നത് കാണമെങ്കിൽ ഫുൾ ടൈം റോക്കി എന്റർ ട്രൈനറായ കെ.ജി.എഫ് ടു തന്നെ കാണണം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആദ്യ നിമിഷങ്ങളിലെ റോക്കിയുടെ ഇൻട്രോയിൽ തന്നെ തുടങ്ങുന്നു ത്രില്ലിന്റെ മാസിന്റെ അഴിഞ്ഞാട്ടം.
ഗരുഡയെ വീഴ്ത്തി
കെ.ജി.എഫിന്റെ ചക്രവർത്തിയായ റോക്കി , തന്നെ കൊല്ലാൻ കാത്തിരിക്കുന്നവന്റെ നെഞ്ചിൽ വെടി പൊട്ടിച്ചാണ് തുടങ്ങുന്നത്.
ആ വെടിയുടെ ഞെട്ടൽ മാറും മുൻപ് തന്നെ അലസവും എന്നാൽ ഉറച്ചതുമായ കാൽവയ്പ്പോടെ റോക്കി തീയറ്ററുകളെ ഇളക്കിമറിച്ച് തുടങ്ങിയിട്ടുണ്ട്.
ആ ആഘോഷത്തിന്റെ മായിക ലോകത്തിലേയ്ക്കാണ് അധീരയുടെ വരവ്. റോക്കിയ്ക്ക് വേണ്ടി കൊല്ലാനും ചാകാനും തയ്യാറാകുന്ന , തോക്ക് നേരെ പിടിക്കാനറിയാത്ത , റോക്കി ഭായിയെ ദൈവമായി കാണുന്ന ഒരു ലക്ഷം മനുഷ്യർ. അവർക്ക് കാവലായി റോക്കി ഭായിയുടെ യുവ സൈന്യം. അവർക്ക് പരിശീലനം നൽകാൻ ഒരു സൈന്യാധിപനെത്തുന്നു. അവർ കെ.ജി.എഫിന് കാവൽ നിൽക്കുന്നു. അവർക്കിടയിലേയ്ക്ക് , കനൽ വഴികൾ ചവിട്ടി അധീര എത്തുന്നു. രക്തത്തിന്റെ മണം പിടിച്ച് , ചോര കൊണ്ട് കൊട്ടാരം കെട്ടാൻ അധീരയായി സഞ്ജയ് ദത്ത് അഴിഞ്ഞാടുകയാണ്.
ആ യുദ്ധഭൂമിൽ റോക്കി വീണ് പോകുന്നു. പക്ഷേ , അമ്മയ്ക്ക് ലോകം കൈ വെള്ളയിൽ വച്ച് നൽകാമെന്ന് വാക്ക് നൽകിയ ആ മകന് തോറ്റ് പിന്മാറാനാകുമായിരുന്നില്ല. ലോകത്തെ സ്വന്തം കൈ കൊണ്ട് പമ്പരം കറക്കുന്ന സുൽത്താൻ മടങ്ങിയെത്തിയത് ഒരു പൂരപ്പറമ്പിലേയ്ക്കായിരുന്നു. കതിനയും , നിലയമിട്ടും ആകാശ വിസ്മയം തീർത്ത വെടിക്കോപ്പുകളായിരുന്നു പിന്നെ റോക്കി എന്ന വീരന്റെ ആയുധ ശേഖരത്തിലുണ്ടായത്. അവസാനം ആയുധം വച്ച് കീഴടങ്ങാതെ നെഞ്ച് വിരിച്ച് നിന്ന റോക്കി… അവൻ ഒരു മോൺസ്റ്റർ തന്നെയാണ്.
റോക്കിയുടെ വസ്ത്രധാരണ രീതിയാണ് ചിത്രത്തിന്റെ ഹൈ റിച്ച് ഫീൽ. പ്രധാനമന്ത്രിയുടെ ഗെറ്റപ്പും , സ്റ്റൈലും ഭാവങ്ങളും മുഖത്താവാഹിച്ച് റോക്കിയുമായി കട്ടയ്ക്ക് ഇടിച്ച് നിന്ന രവീണ ഠണ്ടന്റെ കരിയർ ബെസ്റ്റ് എന്ന് തന്നെ രമിക സെന്നിനെ പറയാം. രവീണയെയും , സഞ്ജയ് ദത്തിനെയും എങ്ങിനെ കൃത്യമായി പാക്ക് ചെയ്ത് റിച്ച് സിനിമയായി കെ.ജി.എഫ് ടു മാറി എന്നത് സംവിധായകൻ പ്രശാന്ത് നീൽ തന്നെ വെളിപ്പെടുത്തേണ്ടി വരും.
ക്യാമറയും ലൈറ്റും ആക്ഷൻ രംഗങ്ങളിലെ അഴിഞ്ഞാട്ടവും ചേർന്ന് ഫുൾ പാക്ക്ഡ് രംഗമായി ചിത്രം മാറുന്നു. റോക്കിയുടെ രംഗങ്ങൾക്ക് കൊഴുപ്പ് കൂട്ടാനായി കെ.ജി.എഫ് വണ്ണിലുണ്ടായിരുന്ന കുട്ടിക്കൂട്ടത്തെ എത്ര സൂക്ഷ്മതയോടെ രണ്ടിൽ പ്രശാന്ത് നീൽ ഉപയോഗിച്ചിരിക്കുന്നു എന്നറിയാൻ കുട്ടിക്കൂട്ടത്തിന്റെ കൃത്യമായ പ്രകടനം മാത്രം കണ്ടാൽ മതി. അതെ , കെ.ജി.എഫ് വെറുമൊരു തോക്കല്ല… അതൊരു കലാഷ്നികോവ് തന്നെയാണ്. ഹിറ്റായി പൊട്ടിത്തെറിക്കുന്ന കലാഷ്നിക്കോവ് !