അബുദാബി: നോർക്ക വൈസ് ചെയർമാനും ലുലു ഗ്രൂപ്പ് ചെയർമാനുമായ പ്രവാസി വ്യവസായി എം എ യൂസഫലി ലോക കേരള സഭയില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചു. കുവൈത്ത് തീപിടുത്ത ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ തീരുമാനം. പ്രവാസികളെ സംബന്ധിച്ച് ഏറ്റവും വലിയ ദുരന്തമാണ് കുവൈത്ത് അഗ്നിബാധയില്‍ സംഭവിച്ചത്. തീപിടിത്തത്തില്‍ മരിച്ച 49 പേരില്‍ 24 മലയാളികള്‍ ഉള്‍പ്പെടെ 46 ഇന്ത്യക്കാരുണ്ട്. പരിക്കേറ്റ് ആശുപത്രിയില്‍ ഉള്ളവരില്‍ ഭൂരിഭാഗവും ഇന്ത്യക്കാരാണ്. ഈ സാഹചര്യത്തില്‍ അവർക്ക് വേണ്ട സഹായവും പിന്തുണയും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് യാത്ര വേണ്ടന്നുവയ്ക്കുന്നതെന്ന് ഗ്രൂപ്പ് അറിയിച്ചു. നോർക്ക വഴിയായിരിക്കും ധനസഹായം നല്‍കുക.