കൽപ്പറ്റ : വയനാട് മാനന്തവാടിയിൽ ഇന്നലെ മയക്കുവെടി വെച്ച തണ്ണീർ കൊമ്പൻ ചരിഞ്ഞു. ബന്തിപ്പൂർ വച്ചാണ് കാട്ടാന ചരിഞ്ഞത്. കർണാടക സർക്കാർ ഔദ്യോഗികമായി കേരളത്തെ അറിയിച്ചു. കർണാടകയ്ക്ക് കൈമാറിയ ശേഷമായിരുന്നു കൊമ്പൻ ചരിഞ്ഞത്. ആരോഗ്യനില മോശമായിരുന്നുവെന്നാണ് വിവരം. പോസ്റ്റ്മോർട്ടം കേരളവും കർണാടകവും സംയുക്തമായി നടത്തുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു. സൗമ്യ ശീലനായ ആനയായിരുന്നു. വിദഗ്ധ സമിതിയെ വെച്ച് സംഭവം പരിശോധിക്കും. ശാസ്ത്രീയമായ – സുതാര്യമായ അന്വേഷണം നടത്തുമെന്നും വനംമന്ത്രി 24 നോട് പ്രതികരിച്ചു.
17 മണിക്കൂർ നീണ്ട ദൗത്യത്തിനൊടുവിലാണ് തണ്ണീര്‍ കൊമ്പനെ ഇന്നലെ കര്‍ണാടകയിലെത്തിച്ചത്. വയനാട് അതിര്‍ത്തി കഴിഞ്ഞ് കര്‍ണാടക വനംവകുപ്പിന്‍റെ ബന്ദിപ്പൂരിലുള്ള ആന ക്യാമ്പിലെ കൂട്ടിലേക്കാണ് തണ്ണീര്‍ കൊമ്പനെ മാറ്റിയിരിക്കുന്നത്. ഇന്നലെ പുലര്‍ച്ചെ മുതല്‍ വയനാട്ടിലെ മാനന്തവാടി നഗരത്തിലിറങ്ങിയ തണ്ണീര്‍ കൊമ്പൻ എന്ന പേരുള്ള കാട്ടാനയെ രാത്രിയോടെയാണ് മയക്കുവെടിവെച്ച് പിടികൂടാനായത്. തുടര്‍ന്ന് എലിഫന്‍റ് ആംബുലന്‍സില്‍ കര്‍ണാടകയിലേക്ക് കൊണ്ടുപോവുകയായിരുന്നു. പ്രാഥമിക പരിശോധനകള്‍ക്കുശേഷം തണ്ണീര്‍ കൊമ്പനെ ഇന്ന് തന്നെ കാട്ടിലേക്ക് തുറന്നുവിടാനായിരുന്നു തീരുമാനം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വാർത്ത നടുക്കം ഉണ്ടാക്കി മന്ത്രി
തണ്ണീര്‍ കൊമ്പൻ ചരിഞ്ഞുവെന്ന വാര്‍ത്ത നടുക്കമുണ്ടാക്കിയെന്നും അഞ്ചംഗ ഉന്നത സമിതി സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും വനം മന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു. വിദഗ്ധ പരിശോധന നടത്തുന്നതിന് മുമ്പെ ആന ചരിഞ്ഞു. മയക്കുവെടിയുടെ ഡോസ് സംബന്ധിച്ച കാര്യങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തില്‍ മാത്രമെ വ്യക്തമാകുകയുള്ളു. കേരളത്തിലെയും കര്‍ണാടകയിലെയും വെറ്ററിനറി ടീം സംയുക്തമായിട്ടായിരിക്കും ഇന്ന് തന്നെ ആനയുടെ പോസ്റ്റ്മോര്‍ട്ടം നടത്തുക.വിദഗ്ധ പരിശോധനയ്ക്കുശേഷം കാട്ടിലേക്ക് അയച്ചാല്‍ മതിയെന്നായിരുന്നു ഇന്നലെ രാത്രി തീരുമാനിച്ചിരുന്നത്. ഇന്ന് രാവിലെ പരിശോധന ആരംഭിക്കുന്നതിന് മുമ്പ് തന്നെ ആന ചരിഞ്ഞുവെന്നാണ് അധികൃതര്‍ അറിയിച്ചത്.
ഈ ഘട്ടത്തില്‍ ഊഹാപോഹങ്ങള്‍ പറയുന്നത് ഉചിതമല്ല. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നാലെ കാരണങ്ങള്‍ വ്യക്തമാകുകയുള്ളു. മയക്കുവെടിയുടെ സൂചി കൊണ്ടത് പോലും മാധ്യമങ്ങള്‍ നേരിട്ട് കണ്ടതാണ്. അത്രയും സുതാര്യമായാണ് ദൗത്യം നടന്നത്. ഇനിയുള്ള തുടര്‍നടപടികളും സുതാര്യമാകണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മറ്റെന്തെങ്കിലും വീഴ്ചയുണ്ടെങ്കില്‍ അതും അന്വേഷിക്കുമെന്നും വനംമന്ത്രി പറഞ്ഞു. ആനയെ കൈമാറുന്നത് വരെ പ്രശ്നം ഉണ്ടായിരുന്നില്ലെന്നും ബാഹ്യമായ ആരോഗ്യപ്രശ്നങ്ങള്‍ കണ്ടിരുന്നില്ലെന്നുമാണ് വനംവകുപ്പ് അധികൃതരും പറയുന്നത്. മയക്കുവെടി ഏറ്റാല്‍ ഉള്ള പതിവ് ക്ഷീണം മാത്രമായിരുന്നു ഉണ്ടായിരുന്നതെന്നും അധികൃതര്‍ പറയുന്നു.