ഇടുക്കി: ചിന്നക്കനാൽ ഭൂമി പ്രശ്നത്തിൽ കോൺഗ്രസ് എംഎൽഎ മാത്യു കുഴൽനാടനെതിരെ സിപിഎം ഇടുക്കി ജില്ല സെക്രട്ടറി സി വി വർഗീസ്. സർക്കാർ അധിക ഭൂമി ഉണ്ടെന്നറിഞ്ഞു കൊണ്ടാണ് കുഴൽനാടൻ ചിന്നക്കനാലിൽ ഭൂമി വാങ്ങിയത്. അതിനായി ഗൂഡാലോചനയും സാമ്പത്തിക ക്രമക്കേടും നടത്തിയെന്നും സി വി വർഗീസ് ആരോപിച്ചു. കുഴൽനാടൻ അനധികൃതമായി കയ്യേറിയ സ്ഥലം സർക്കാരിന് വിട്ടുനൽകാൻ തയാറാകണം.
വിട്ടു കൊടുത്തില്ലെങ്കിൽ ഭൂമി സർക്കാർ ഏറ്റെടുത്ത് ഭൂരഹിതരായ ആളുകൾക്ക് വിട്ട് നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. റിസോർട്ട് ലൈസൻസിന് വേണ്ടി കുഴൽനാടൻ ചിന്നക്കനാൽ പഞ്ചായത്ത് ഭരണം അട്ടിമറിക്കുകയും പഞ്ചായത്ത് സെക്രട്ടറിയെ സ്വാധീനിച്ചുവെന്നും എന്നും സി വി വർഗീസ് ആരോപിച്ചു. ചിന്നക്കനാലിലെ ഒരേക്കർ ഇരുപത്തിമൂന്ന് സെന്‍റ് സ്ഥലവും കെട്ടിടങ്ങളും മാത്യു കുഴൽനാടന്‍റെയും രണ്ട് പത്തനംതിട്ട സ്വദേശികളുടെയും പേരിൽ വാങ്ങിയത്. ചിന്നക്കനാലിലെ ഭൂമി കയ്യേറ്റ കേസില്‍ എംഎല്‍എ മാത്യു കുഴല്‍നാടനെതിരെ വിജിലൻസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കേസില്‍ ആകെയുള്ള 21 പ്രതികളില്‍ 16ാം പ്രതിയാണ് മാത്യു കുഴല്‍നാടൻ. ക്രമക്കേടുണ്ടെന്ന് അറിഞ്ഞിട്ടും മാത്യു കുഴല്‍നാടൻ ഭൂമി വാങ്ങിയെന്ന് എഫ്ഐആറില്‍ പറയുന്നു. ഇടുക്കി വിജിലൻസ് യൂണിറ്റ് ആണ് ഇന്നലെ വൈകീട്ടോടെ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ഇന്ന് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ സമർപ്പിക്കും. 2012ലെ ദേവികുളം തഹസില്‍ദാര്‍ ഷാജിയാണ് കേസില്‍ ഒന്നാം പ്രതി. ആധാരത്തിൽ വില കുറച്ച് കാണിച്ച് ഭൂമി രജിസ്ട്രേഷൻ നടത്തിയെന്ന സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയുടെ പരാതിയോടെയാണ് മാത്യു കുഴൽനാടന്‍റെ ചിന്നക്കനാലിലെ ഭൂമി ഇടപാട് സംബന്ധിച്ച വാര്‍ത്തകള്‍ വരുന്നത്.