കൊച്ചി: മുഖ്യമന്ത്രിയുടെ മകളും പൊതുമരാമത്ത് മന്ത്രിയുടെ ഭാര്യയുമായ വീണ വിജയന്റെ കമ്പനി എക്സാലോജികിനെതിരെ വീണ്ടും ആരോപണങ്ങളുമായി കോൺഗ്രസ് നേതാവും എംഎൽഎയുമായ മാത്യു കുഴൽനാടൻ. രജിസ്ട്രാര്‍ ഓഫ് കമ്പനീസ് നടത്തുന്ന അന്വേഷണവുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റിന്റെ നിലപാട് അറിയണമെന്നും മന്ത്രി റിയാസ് ഇപ്പോഴും ഇതിലൊന്നും അസ്വാഭാവികതയില്ലെന്നാണോ വാദിക്കുകയെന്നും മാത്യു കുഴൽനാടൻ ചോദിച്ചു.
സിഎംആര്‍എൽ ചെലവുകൾ പെരുപ്പിച്ച് ലാഭം മറച്ചുവെക്കുകയായിരുന്നു. അത് തന്നെയാണ് എക്സാലോജിക്കും ചെയ്തത്. സിഎംആര്‍എല്ലിൽ 14 ശതമാനം ഓഹരി കെഎസ്ഐഡിസിക്കാണ്. ലാഭത്തിന്റെ വിഹിതവും വ്യവസായ വികസന കോര്‍പറേഷന് അവകാശപ്പെട്ടതാണ്. എന്നാൽ സിഎംആര്‍എൽ കോടിക്കണക്കിന് രൂപയുടെ ഇടപാടുകൾ മറച്ചുവെച്ചു, പണം വഴിമാറ്റി കീശയിലാക്കുകയാണ് ചെയ്തത്. ഇതിന് കെഎസ്ഐഡിസി കൂട്ടുനിന്നുവെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കെഎസ്ഐഡിസിയുടെ നിലപാട് എന്തായിരുന്നു എന്ന് പൊതുസമൂഹത്തോട് പറയേണ്ട ബാധ്യത വ്യവസായ വകുപ്പ് മന്ത്രി പി രാജീവിനുണ്ടെന്നും അത് പറയണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സര്‍ക്കാരിന് അവകാശപ്പെട്ട 14 ശതമാനം ലാഭവിഹിതം നൽകാതെ തട്ടിപ്പ് കാണിച്ച സിഎംആര്‍എൽ കമ്പനിക്കെതിരെ എന്ത് നടപടി സ്വീകരിച്ചുവെന്ന് മന്ത്രി പറയണം. സര്‍ക്കാരിനെതിരെ വിശ്വസനീയമായ തെളിവുകൾ പലപ്പോഴായി വന്നിട്ടും യഥാര്‍ത്ഥത്തിൽ കേന്ദ്രസര്‍ക്കാര്‍ അധികാരം പ്രയോഗിക്കാൻ തയ്യാറായിട്ടില്ല. ആത്യന്തികമായ നീതി കോടതിയിൽ നിന്നേ ലഭിക്കൂ. അന്വേഷണത്തിലൂടെ ആര്‍ഒസി സത്യങ്ങൾ പുറത്തു കൊണ്ടുവരുമെന്ന് വിശ്വസിക്കുന്നു.
എക്സാലോജിക് നിരവധി കമ്പനികളിൽ നിന്ന് പണം വാങ്ങിയിട്ടുണ്ട്. സേവനം നൽകാതെയാണ് പണം കൈപ്പറ്റിയത്. ചെലവുകൾ പെരുപ്പിച്ച് കാണിച്ച് സിഎംആര്‍എൽ നഷ്ടത്തിലാണെന്ന് കാണിച്ചത് പോലെയാണ് എക്സാലോജികും തട്ടിപ്പ് നടത്തിയത്. നിയമവ്യവസ്ഥയ്ക്ക് ഉള്ളിൽ നിന്ന് എല്ലാ പോരാട്ടവും നടത്തുമെന്നും മാത്യു കുഴൽനാടൻ അറിയിച്ചു.